Wednesday, May 3, 2023

കാലത്തിൽ, ആഴത്തിൽ ഈ കയ്യൊപ്പ്; കെ. സി. മാമ്മൻ മാപ്പിളയുടെ 150–ാം ജന്മവാർഷികം ഇന്ന്

നവീനകേരളത്തിന് അടിത്തറയൊരുക്കിയ പ്രമുഖരിൽ ഒരാളും ക്രാന്തദർശിയായ   പത്രാധിപരുമായിരുന്ന കെ.സി.മാമ്മൻ മാപ്പിളയുടെ 150–ാം ജന്മവാർഷികം ഇന്ന്

1937 ഒക്ടോബർ 3– ജയിൽ മോചിതനായ സി.കേശവനുവേണ്ടി ആലപ്പുഴ കിടങ്ങാംപറമ്പ് മൈതാനത്ത് ഒരുക്കിയ ഗംഭീര സ്വീകരണ സമ്മേളനം. അതിൽ അധ്യക്ഷത വഹിക്കുന്ന വ്യക്തിയായാണു കെ.സി.മാമ്മൻ മാപ്പിളയെ ഞാൻ ആദ്യം കാണുന്നത്. എനിക്കന്ന് പത്തുവയസ്സ്. മൈതാനം നിറഞ്ഞുകവിഞ്ഞ സദസ്സിന്റെ ഒരറ്റത്ത് അച്ഛന്റെ തോളിലിരുന്നുള്ള കാഴ്ച. ദിവാൻ സി.പി.രാമസ്വാമി അയ്യരെ വിമർശിച്ചതിന്റെ പേരിലായിരുന്നു സി.കേശവനെ ജയിലിൽ അടച്ചത് എന്നതു പ്രത്യേകം ഓർമിക്കണം. 

വേദിയിൽ ശ്രദ്ധാകേന്ദ്രങ്ങളായി സി.കേശവനു പുറമേ ടി.എം.വർഗീസും കെ.സി.മാമ്മൻ മാപ്പിളയും. അന്നു മാമ്മൻ മാപ്പിള നടത്തിയ പ്രസംഗത്തിൽ പിന്നാക്ക സമുദായങ്ങളുടെ മോചനത്തിനാണ് ഊന്നൽ നൽകിയത്. അതിലെ യുക്തി മുഴുവൻ മനസ്സിലാകാതിരുന്ന എനിക്ക് അച്ഛൻ അതു വിശദീകരിച്ചുതന്നു. തീണ്ടലും തൊടീലും അനുഭവിക്കുന്നവരും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുമായ താണജാതിക്കാർക്കായി നിലകൊള്ളുന്ന വ്യക്തിയാണു മാമ്മൻ മാപ്പിളയെന്ന് അച്ഛൻ പറഞ്ഞുതന്നു. പൊതുരംഗത്തേക്കെത്തിയ ശേഷം എക്കാലത്തും അദ്ദേഹം സ്വീകരിച്ച നിലപാട് അതായിരുന്നു. 

ശ്രീമൂലം പ്രജാസഭയിൽ മഹാകവി കുമാരനാശാനുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു മാമ്മൻ മാപ്പിള. സഭയ്ക്കകത്തും പുറത്തും സംയുക്ത പ്രക്ഷോഭണത്തെ അദ്ദേഹം സർവാത്മനാ പിന്താങ്ങി. സാംസ്കാരിക രംഗത്തും പിന്നാക്കക്കാരുടെ മുന്നേറ്റമുണ്ടായാലല്ലാതെ കേരളം പ്രബുദ്ധതയിലേക്ക് ഉണരുകയില്ലെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. അതിനായുള്ള പരിശ്രമം പിതൃസഹോദരനായ കണ്ടത്തിൽ വറുഗീസ് മാപ്പിള ഭാഷാപോഷിണി സഭയിലൂടെയും പ്രസിദ്ധീകരണത്തിലൂടെയും നേരത്തേതന്നെ തുടങ്ങിവച്ചിരുന്നു. അതൊരു മഹാപ്രസ്ഥാനമായി വളർത്തുന്നതിൽ മാമ്മൻ മാപ്പിള വഹിച്ച പങ്ക് അതുല്യമാണ്. 

എഴുത്തുകാർക്ക് എന്നും അത്താണി

ഉത്തരവാദ ഭരണത്തിനുവേണ്ടിയുള്ള ജനകീയപ്രക്ഷോഭത്തിന്റെ വാർത്തകൾ മലയാള മനോരമയിൽ    വന്നതോടെ തിരുവിതാംകൂർ ദിവാൻ സി.പി.രാമസ്വാമി അയ്യർ രോഷാകുലനായി. ഈ രോഷമാണ് കെ.സി.മാമ്മൻ മാപ്പിള നേതൃത്വം നൽകിയിരുന്ന ട്രാവൻകൂർ നാഷനൽ ആൻഡ് ക്വയിലോൺ ബാങ്ക് തകരാനും മനോരമ പൂട്ടാനും കാരണമായത്. മാമ്മൻ മാപ്പിളയെയും കൂട്ടരെയും തടവിലാക്കാനും സിപിക്കു സാധിച്ചു. 

ജയിലിൽ കഴിഞ്ഞ നാളുകളിൽ മാമ്മൻ മാപ്പിള തങ്ങളോടു കാട്ടിയ സൗഹൃദപരമായ നിലപാടുകളെക്കുറിച്ചു കേശവദേവ് എന്നോടു പറഞ്ഞിട്ടുണ്ട്. വായിക്കാൻ പുസ്തകം നൽകുക മാത്രമല്ല അദ്ദേഹം ചെയ്തത്. ‘ഓടയിൽ’ കഴിയുന്ന എഴുത്തുകാരെ കരകയറ്റി ലോകത്തിനു മുന്നിൽ പ്രദർശിപ്പിച്ചാലല്ലാതെ കേരളത്തിൽ നവോത്ഥാനം സൃഷ്ടിക്കുക സാധ്യമല്ലെന്ന് ആവർത്തിച്ചു പറയുകയും ചെയ്തു. അതിനാവശ്യമായ എല്ലാ സാഹചര്യങ്ങളും പിന്നീട് മനോരമ പ്രസിദ്ധീകരണങ്ങളിലൂടെ ചെയ്തുകൊടുത്തു.

എഴുത്തുകാർക്കും കലാകാരന്മാർക്കും മാമ്മൻ മാപ്പിള എന്നും അത്താണിയായിരുന്നു. നല്ല പ്രതിഫലമാണ് അദ്ദേഹം അവർക്കു നൽകിയിരുന്നത്. തനിക്കു ലഭിച്ച സഹായത്തെക്കുറിച്ചു സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതർ ഒരിക്കലെന്നോടു പറഞ്ഞിട്ടുണ്ട്. തന്റെ ആദ്യ കഥകളിലൊന്നായ ‘നാടൻപ്രേമം’ അത്രയേറെ പ്രചാരം നേടിയതു മനോരമയുടെ സഹായത്താലാണെന്ന് എസ്.കെ.പൊറ്റെക്കാട്ട് പറഞ്ഞതും ഓർക്കുന്നു.

ഭാഷാപോഷിണി സഭയിൽ പിന്നാക്കക്കാരായ എഴുത്തുകാരെ മാത്രമല്ല, അവഗണിക്കപ്പെട്ട എഴുത്തുകാരികളെയും പ്രത്യേകമായി ക്ഷണിക്കാൻ മാമ്മൻ മാപ്പിള ശ്രദ്ധിച്ചു. കേരളീയ നവോത്ഥാനത്തിൽ അവരുടെ സംഭാവനകൾക്കു രചനാത്മകമായ പങ്കുണ്ടാകണമെന്ന ദർശനം അദ്ദേഹത്തെ എന്നും നയിച്ചു.

വ്യവസായ വളർച്ചയിലെ ദീർഘദർശി

വ്യവസായങ്ങൾ വളരാതെ  കേരളത്തിന് അഭിവൃദ്ധിയുണ്ടാകില്ലെന്ന ഉൾക്കാഴ്ച മാമ്മൻ മാപ്പിളയുടെ ബലമായിരുന്നു. അദ്ദേഹം സ്വയം ചില വ്യവസായങ്ങൾ തുടങ്ങുകയും അവ വളർത്തിക്കൊണ്ടുവന്നു രാജ്യത്തിന്റെ അഭിവൃദ്ധി വർധിപ്പിക്കാൻ മുൻകയ്യെടുക്കുകയും ചെയ്തു.

കേരളത്തിന്റെ സമഗ്രമായ വികസനത്തിനും മുന്നേറ്റത്തിനും ഇടുക്കി പദ്ധതി അളവില്ലാതെ ഉപകരിക്കുമെന്നു ദീർഘദർശനം ചെയ്യാൻ മാമ്മൻ മാപ്പിളയ്ക്കായി. ആ പദ്ധതി നടപ്പാക്കാനുള്ള സാഹസികമായ പ്രയത്നത്തിൽ അന്നത്തെ ഭരണകൂടം മടുപ്പും അലംഭാവവും കാട്ടിയ സന്ദർഭമുണ്ടായി. അപ്പോൾപോലും അക്ഷീണമായ ശുഭാപ്തിവിശ്വാസത്തോടെ പദ്ധതി പൂർത്തിയാക്കണമെന്ന ആഹ്വാനം ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കാൻ അദ്ദേഹം കാണിച്ച അത്യുത്സാഹം കേരളം എന്നും കൃതജ്ഞതയോടെ ഓർക്കേണ്ടതാണ്. ഇന്നത്തെ കാലത്തുപോലും ൈവദ്യുതിയുടെ കാര്യത്തിൽ നാം ഏറ്റവുമധികം ആശ്രയിക്കുന്നത് ഇടുക്കി പദ്ധതിയെയാണെന്നു കാണുമ്പോഴാണ് മാമ്മൻ മാപ്പിളയുടെ ഉൾക്കാഴ്ചയും ദീർഘദൃഷ്ടിയും എത്രത്തോളം വിസ്മയകരമാണെന്നു ബോധ്യമാവുക.

ദിശാബോധമേകിയ ഉൾക്കാഴ്ച

ആദ്യകാലത്തു ബാങ്കിങ്ങിലൂടെ കേരളീയ സമൂഹത്തിനു ദിശാബോധം നൽകിയ പ്രമുഖരിൽ ഒരാളാണു കെ.സി.മാമ്മൻ മാപ്പിള. സി.പി.രാമസ്വാമി അയ്യരുടെ കരാളമായ പ്രതികാരത്തിനു വിധേയനായശേഷവും അദ്ദേഹം ഫീനിക്സ് പക്ഷിയെപ്പോലെ പുതിയ ചൈതന്യത്തോടെ ഉയർത്തെഴുന്നേറ്റതു കേരളം കണ്ടതാണ്. 

റബർക്കൃഷിയുടെ പ്രാധാന്യം മാത്രമല്ല, അതുമൂലം കൈവരാവുന്ന വ്യാവസായിക വളർച്ചയും ഒരു പ്രവാചകനെപ്പോലെ ആദ്യം ദർശിച്ചതു മറ്റാരുമല്ല. ഇത് ഇന്നൊരു യാഥാർഥ്യമായി നാം മുന്നിൽ കാണുന്ന കാര്യമാണ്. ലക്ഷക്കണക്കിനു മലയാളി കുടുംബങ്ങളുടെ ഉപജീവനമാർഗമായി റബറും റബറധിഷ്ഠിത വ്യവസായവും വളർന്നു. പരസ്പരം പൊരുത്തപ്പെടാത്തതെന്ന് ആളുകൾ കരുതുന്ന വ്യവസായലോകത്തെയും അക്ഷരലോകത്തെയും സമഞ്ജസമായി സമ്മേളിപ്പിക്കുന്ന ഇന്ദ്രജാലവിദ്യയും അദ്ദേഹത്തിന്റേതായി നാം കണ്ടു. വ്യവസായരംഗത്തു തനിക്കു മാമ്മൻ മാപ്പിളയിൽനിന്നു ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങളെയും പ്രോൽസാഹനങ്ങളെയുംകുറിച്ചു ‘ചന്ദ്രിക സോപ്പ്’ സ്ഥാപകൻ സി.ആർ.കേശവൻ വൈദ്യർ ആവർത്തിച്ചു പറയുന്നതിനു ഞാൻ സാക്ഷ്യംവഹിച്ചിട്ടുണ്ട്. 

ശ്രീനാരായണ ഗുരുവിനും അദ്ദേഹത്തിന്റെ നാനാവിധമായ പ്രവർത്തനങ്ങൾക്കും മാമ്മൻ മാപ്പിള നൽകിയ പ്രാധാന്യം മറ്റൊരു പത്രാധിപരും നൽകിയിട്ടില്ല. കേരളത്തിൽ കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ഏറ്റവും മഹാനായ വ്യക്തി ശ്രീനാരായണ ഗുരുവാണെന്നു മലയാള മനോരമ അതിന്റെ ശതാബ്ദിവേളയിൽ കണ്ടെത്തിയതു മാമ്മൻ മാപ്പിളയുടെ ദീർഘദർശനത്തിന്റെ തുടർച്ചയായി കാണാം. അത്തരമൊരു വീക്ഷണം മനോരമയിലാണു കേരളീയർ കണ്ടത്. ഗുരുവിന്റെ മഹത്വത്തിലുള്ള വിശ്വാസം മാത്രമല്ല, പിന്നാക്ക സമുദായങ്ങളുടെയും ദലിത് വിഭാഗങ്ങളുടെയും അഭ്യുന്നതികൂടി അതിൽ അദ്ദേഹം ദർശിച്ചിരുന്നു. 

മലയാള മനോരമയുടെ പത്രാധിപരെന്ന നിലയിലും മികവുറ്റ പത്രപ്രവർത്തകനെന്ന നിലയിലും മറ്റാർക്കും കിടനിൽക്കാനാകാത്ത സംഭാവനകളാണ് അദ്ദേഹം ലോകത്തിനു നൽകിയത്. അതിന്റെ ഫലമോ? കേരളത്തിന്റെ ബഹുമുഖമായ വളർച്ചയിലും വികസനത്തിലും രചനാത്മകമായ സംഭാവനകൾ നൽകുന്ന വാർത്താമാധ്യമമായി മലയാള മനോരമ മാറി. മാമ്മൻ മാപ്പിളയുടെയും മലയാള മനോരമയുടെയും ആ സംഭാവനകൾ അമൂല്യവും അദ്ഭുതാവഹവുമാണെന്നു ഭാവി ചരിത്രകാരന്മാർ വിധിയെഴുതാതിരിക്കില്ല.

കെ. സി. മാമ്മൻ മാപ്പിള: ജീവിതരേഖ

1873 മേയ് 4: ജനനം. 

1896 –1909: കോട്ടയം എംഡി ഹൈസ്കൂൾ അധ്യാപകനും ഹെഡ്മാസ്റ്ററും. അധ്യാപക ജോലിയും മലയാള മനോരമയിലെ പ്രവർത്തനവും ഒരുമിച്ചായിരുന്നെങ്കിലും പിന്നീടു സ്കൂൾ ജോലി ഉപേക്ഷിച്ചു.

1904 ജൂലൈ 6: മലയാള മനോരമ സ്ഥാപകനും പിതൃസഹോദരനുമായ കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ നിര്യാണത്തെത്തുടർന്ന് മനോരമയുടെ പത്രാധിപത്യം ഏറ്റെടുത്തു. 

1907: ശ്രീമൂലം പ്രജാസഭയിൽ അംഗമായി. തുടർന്ന് ആറു തവണ കൂടി പ്രജാസഭയിലെത്തി (1908, 1910, 1911, 1915, 1917, 1921).

1912: ട്രാവൻകൂർ നാഷനൽ ബാങ്ക് ചെയർമാൻ

1922 –1925, 1925–1928: തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം. 

1929 മേയ് 29: അഖിലകേരള ബാലജനസഖ്യം രൂപീകരണം. 

1937 ഓഗസ്റ്റ് 29: മലയാള മനോരമ ആഴ്ചപ്പതിപ്പിന്റെ പ്രസിദ്ധീകരണം തുടങ്ങി

1938 ജൂൺ 21:  ട്രാവൻകൂർ നാഷനൽ ആൻ‍ഡ് ക്വയിലോൺ ബാങ്ക് തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ പ്രതികാരനടപടികളുടെ ഭാഗമായി അടച്ചുപൂട്ടുന്നു. സിപിയുടെ രോഷത്തെത്തുടർന്ന് മാമ്മൻ മാപ്പിളയ്ക്കും കുടുംബാംഗങ്ങൾക്കും ഏറെ ദുരിതങ്ങൾ നേരിടേണ്ടിവന്നു. 

1938 സെപ്റ്റംബർ 10: തിരുവിതാംകൂറിൽ മലയാള മനോരമയ്ക്കു നിരോധനം. മനോരമ ഓഫിസ് പൂട്ടി മുദ്ര വച്ചു.

1938 സെപ്റ്റംബർ 13: അന്നത്തെ കൊച്ചി രാജ്യത്തിന്റെ ഭാഗമായ കുന്നംകുളത്തുനിന്ന് മനോരമ പ്രസിദ്ധീകരണം തുടങ്ങി. ഒൻപതു മാസത്തിനുശേഷം പ്രസിദ്ധീകരണം നിലച്ചു.

1938 ഒക്ടോബർ 22: കെ.സി. മാമ്മൻ മാപ്പിളയെ അറസ്റ്റ് ചെയ്യുന്നു.

1939: കുറ്റാരോപിതനാക്കി ജയിലിലടച്ചു.

1941 സെപ്റ്റംബർ 11: ജയിൽ മോചനം

1947 നവംബർ 29: മലയാള മനോരമ പുനഃപ്രസിദ്ധീകരണം

1954 ജനുവരി 1: ദിവംഗതനായി.

ആത്മകഥ:  ‘ജീവിതസ്മരണകൾ’

(മലയാള മനോരമ, 2023 മെയ് 04)

Saturday, April 15, 2023

പുത്തന്‍കാവ് മാത്തന്‍ തരകന്‍

കവിയും ഗാനരചയിതാവും ഗദ്യകാരനുമായിരുന്നു പുത്തന്‍കാവ് മാത്തന്‍ തരകന്‍ (1903 സെപ്തംബര്‍ 6 - 1993 ഏപ്രില്‍ 5). ചെങ്ങന്നൂരിനടുത്തുള്ള പുത്തന്‍കാവില്‍ കിഴക്കേത്തലക്കല്‍ ഈപ്പന്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനായി 1903ല്‍ ജനനം. സ്‌കൂള്‍ ഫൈനല്‍ വരെയായിരുന്നു ഔപചാരിക വിദ്യാഭ്യാസം. സ്വപ്രയത്‌നത്താല്‍ വിദ്വാന്‍ പരീക്ഷയും മലയാളം എം.എ പരീക്ഷയും ജയിച്ചു. സ്‌കൂള്‍ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1952 മുതല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ അദ്ധ്യാപകനായും മലയാളം വിഭാഗം മേധാവിയായും പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. 1958ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു.മദ്രാസ്  കേരള സര്‍വ്വകലാശാലകളുടെ പരീക്ഷ ബോര്‍ഡ്, ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിവയില്‍ അംഗമായിരുന്നു. 1960-64 കാലഘട്ടത്തില്‍ കേരളസാഹിത്യഅക്കാദമി അംഗമായിരുന്നു. പത്രം, സ്‌കൗട്ട് എന്നീ രംഗങ്ങളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1993 ഏപ്രില്‍ 5ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പുത്രന്മാരാണ് മുന്‍ സാഹിത്യഅക്കാഡമി പ്രസിഡന്റ് കെ.എം.തരകനും ഡോ.കെ.എം. ജോസഫും.

പുത്തന്‍കാവ് മാത്തന്‍ തരകന്‍റെ കൃതികള്‍

1. വിശ്വദീപം (മഹാകാവ്യം)

2. പ്രഥമ പ്രളയം (കാവ്യങ്ങള്‍)

3. ഹേരോദാവ് (കാവ്യങ്ങള്‍)

4. കൈരളീലീല (കാവ്യങ്ങള്‍)

5. ഉദയതാരം (കാവ്യങ്ങള്‍)

6. വികാരമുകുരം (കാവ്യങ്ങള്‍)

7. വേദാന്തമുരളി (കാവ്യങ്ങള്‍)

8. ശൂലേംകുമാരി (കാവ്യങ്ങള്‍)

9. ബാഷ്പധാര (കാവ്യങ്ങള്‍)

10. മഴപെയ്യിച്ച മഹാറാണി (കാവ്യങ്ങള്‍)

11. പരുമലപ്പെരുനാള്‍ (കാവ്യങ്ങള്‍)

12. ശബരിമലസ്തോത്രം (കാവ്യങ്ങള്‍)

13. ജീവിതമാധുരി (കാവ്യങ്ങള്‍)

14. ഉദ്യാനപാലകന്‍ (കാവ്യങ്ങള്‍)

15. പുഷ്പബാണവിലാസം (കാവ്യങ്ങള്‍)

16. മഹാത്മജി (കാവ്യങ്ങള്‍)

17. ക്രൈസ്തവ ഗാനമഞ്ജരി (സംഗീതം)

18. ഭക്തിമാഹാത്മ്യ ഗീതങ്ങള്‍ (സംഗീതം)

19. സംഗീതകൗതുകം (സംഗീതം)

20. ദിവ്യനക്ഷത്രം (നാടകം)

21. ഉയിര്‍ത്തെഴുന്നേല്‍പ്പ് (നാടകം)

22. പ്രസംഗമാല (ഉപന്യാസങ്ങള്‍)

23. ശാസ്ത്രരംഗം (ഉപന്യാസങ്ങള്‍)

24. പ്രകൃതിസാമ്രാജ്യം (ഉപന്യാസങ്ങള്‍)

25. സാഹിത്യവേദി (നിരൂപണം)

26. സാഹിത്യസോപാനം (നിരൂപണം)

27. പൗരസ്ത്യ നാടകദര്‍ശനം (നിരൂപണം)

28. ടാര്‍സന്‍ (3 ഭാഗങ്ങള്‍) (നോവല്‍)

29. ഇണങ്ങാത്ത മനുഷ്യന്‍ (നോവല്‍)

30. പ്രതികാരം (നോവല്‍)

31. ദുരന്തചുംബനം (നോവല്‍)

32. ചിത്രാലയം (നോവല്‍)

33. ജീവാമൃതം (നോവല്‍)

34. മധുബാലിക (നോവല്‍)

35. ഭാനുമതി (നോവല്‍)

36. പ്രേമഗീതം (നോവല്‍)

37. പൗരുഷകഥകള്‍ (കഥകള്‍)

Wednesday, January 11, 2023

കവിതകള്‍ | ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി

വ്യാവസായികം

ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി


മൂല്യശോഷണംവന്നുജീവിതംതളരുന്നു;

കാലചക്രത്തിന്‍ ഗതിപിന്നെയും തുടരുന്നു.

വേദവാക്യങ്ങള്‍ പാഴായ് വീഴുന്നു സാത്താന്‍ കാതില്‍,

കാട്ടുപാറയില്‍ വീണ ധാന്യവിത്തുകള്‍പോലെ

അഗ്നിസാക്ഷിയായ്വേട്ടധര്‍മ്മദാരത്തെ കാഴ്ച-

വച്ചുമുന്നതസ്ഥാനത്തേറുന്നു ചിലര്‍, കഷ്ടം!

ഭക്ഷണത്തിനായ് മുതലാളര്‍തന്‍വിഴുപ്പുകള്‍

ഗര്‍ഭങ്ങള്‍ പോല്‍ ചിലര്‍ പേറുന്നു നിര്‍ലജ്ജരായ്,

വിദ്യയെ, ബ്ബത! വെറും വില്പനച്ചരക്കാക്കി

വില്ക്കുന്നു വിലപേശി; പണമല്ലയോ ദൈവം?

കാമദേവന്മാര്‍ പള്ളിക്കുറുപ്പിന്നന്തപ്പുര-

വാതില്‍ കാക്കുന്നു ചിലര്‍, കാവല്‍ നായ്ക്കളെപ്പോലെ.

പാപത്തില്‍ നിന്നു മുക്തി നേടുവാന്‍ വിശ്വാസികള്‍

ദേവന്നു കൈക്കൂലിയും കോഴയും കൊടുക്കുന്നു!

കഷ്ടമേകഷ്ടം! ഇന്നീമാനവപ്രകൃതികള്‍

ഒക്കെയും കാണുന്നതു വ്യാവസായിക ക്കണ്ണാല്‍!

_____________________________________________________

രണ്ടു സമസ്യകള്‍

ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി


(1)

വേദേതിഹാസ പുരാണങ്ങളോതുന്നു:

"താത തനയന്മാര്‍ ദൈവവും മര്‍ത്ത്യനും"

മര്‍ത്ത്യന്നു ദൈവത്തോടര്‍ത്ഥിക്കുവാന്‍, മക-

ന്നച്ഛനോടര്‍ത്ഥിക്കുവാന്‍, പിന്നെയെന്തിനീ

മദ്ധ്യസ്ഥരാകും പുരോഹിതര്‍? (ചൊല്ലുവിന്‍)


(2)

ഭാഗ്യശാലികള്‍ ലക്ഷപ്രഭുക്കള്‍ പിറക്കുന്നു

നാള്‍ക്കുനാള്‍; അതില്‍ തെല്ലുമല്ല ഞാനസൂയയാലു-

മെങ്കിലും ചോദിക്കട്ടെ; സോഷ്യലിസ്സാധിഷ്ഠിത-

സര്‍ക്കാരിതെമ്മട്ടു സാമ്പത്തികാന്തരം വര്‍ദ്ധി-

പ്പിക്കുമീ ഭാഗ്യക്കുറി മേല്ക്കുമേല്‍ നടത്തുന്നു?

______________________________________________________

മാണിക്യവീണ

ശ്രീപാദം ഈശ്വരന്‍ നമ്പൂതിരി


തേങ്ങുന്നു ഘനശ്യാമ-

സന്ധ്യതന്‍ ഹൃദന്തം, രാ-

മായണക്കിളിപ്പെണ്ണു

പൂകുന്നു മഹാമൗനം.

പൂമുണ്ടും തോളത്തിട്ടു

മുക്കുറ്റി തിരുനാളീ

തേടുവാനാരുണ്ടിനീ?

ചോദിപ്പൂ മന്ദാനിലന്‍.

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു കിന്നാരം

ചൊന്നിടും നാവാല്‍ പഴം തമീഴ്പ്പാട്ടു 

- പാടുവാന്‍,

മധുരം ജയദേവ ഗീതികള്‍പാടിപ്പാടി

മലയാളമേ നിന്നെ ഉറക്കാനാരുണ്ടിനി?

സൂര്യകിരീടം രാവില്‍

നടയില്‍ വീണുടയെ

ആരൂണ്ടു കാരയുവാന്‍?

പൊന്നോടക്കുഴല്‍ വിളി

കേള്‍ക്കുമ്പോളാ ദ്വാപര

സന്ധ്യയെ ആവാഹിക്കാന്‍?

ആരൂണ്ടു നമ്മെ അന്ന-

ത്തോണീ പൂന്തോണിയേറ്റാന്‍?

മാഞ്ഞുപോയ് മഴവില്ലി-

ന്നാപ്പൊന്‍ മാണിക്യ വീണാ

മായാതെ നിര്‍ത്തിക്കൊണ്ട-

നാദ മാധൂര്യം ഹൃത്തില്‍.

Wednesday, October 26, 2022

പ. പരുമല തിരുമേനിയുടെ ഒരു കല്പന

 നിരണം മുതലായ ഇടവകകളുടെ 

മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും 

(മുദ്ര)

നമ്മുടെ നിരണം മുതലായ എല്ലാ ഇടവകകളിലും ഉള്‍പ്പെട്ട പള്ളികളുടെ വികാരിമാരും ദേശത്തുപട്ടക്കാരും പള്ളികൈക്കാരും ശേഷം ജനങ്ങളും കൂടി കണ്ടെന്നാല്‍1 നിങ്ങള്‍ക്കു വാഴ്വ്.

പ്രിയമുള്ളവരേ,

ഈ കാലങ്ങളില്‍ വേദതര്‍ക്കങ്ങളും കള്ള ഉപദേഷ്ടാക്കളും വര്‍ദ്ധിച്ചിരിക്കുന്നുയെന്നും, നാള്‍ക്കുനാള്‍ സത്യവിശ്വാസത്തിനെതിരായ മതങ്ങളും തന്നിഷ്ട നടപടികളും ചില ഗൃഹശാസ്ത്രികള്‍ പ്രസ്താവിക്കുന്ന വ്യര്‍ത്ഥമായ ഗണിതങ്ങളെ കേട്ട് ഭ്രമിച്ചുകൊണ്ട് സ്ഥിരവിശ്വാസികളായ മറ്റുള്ളവരെ കൂടി ഭ്രമിപ്പിക്കുന്നവരും നമ്മുടെ രക്ഷിതാവിനാലും തന്‍റെ വിശുദ്ധ ശ്ലീഹന്മാരാലും ബാവാമാരാലും സ്ഥിരപ്പെടുത്തപ്പെട്ടിരിക്കുന്ന അടിസ്ഥാനത്തില്‍ നിന്നും ലാക്കില്‍ നിന്നും തെറ്റി വെറിപിടിച്ചോടി നടക്കുന്നവരും, നിഗളത്താലും, അഹംഭാവത്താലും ദുഷ്ടാത്മാവിന്‍റെ വാഹനമായിത്തീര്‍ന്നുകൊണ്ട് പരിശുദ്ധാത്മാവുള്ളവരുടെ ഭാവം നടിക്കുന്ന ദുരുപദേശികളും മറ്റും ഇപ്പോള്‍ എല്ലാ സ്ഥലങ്ങളിലും ഓടിനടക്കുന്നുയെന്നുള്ളതു പ്രസിദ്ധമാണല്ലോ. കഴിയുമെങ്കില്‍ ഉത്തമന്മാരെക്കൂടി തട്ടിപ്പാന്‍ തക്കവണ്ണമുള്ള പരീക്ഷകള്‍ ഉണ്ടാകുമെന്നു നമ്മുടെ രക്ഷിതാവു കല്പിച്ചിട്ടുള്ള തിരുമൊഴികളെ നിങ്ങള്‍ പ്രത്യേകം ഓര്‍ക്കണം. പിന്നെയും അവരുടെ നടപടികളുടെ അവസാനത്തെ പരിശോധിച്ചുകൊള്‍വിന്‍ എന്നു വി. ശ്ലീഹാ കല്പിച്ചിട്ടുള്ളതുപോലെ ഈ ഇടക്കാലങ്ങളില്‍ കാണപ്പെട്ട ചില ദുരുപദേശ നടപടികളെയും അവരുടെ അവസാനത്തെയും പരിശോധിച്ചാല്‍ അവകള്‍ അബദ്ധമായിട്ടുള്ളതെന്നു വെളിപ്പെടുന്നു.

1. വിദ്വാന്‍കുട്ടി2 മുതല്‍പേരുടെ ആരംഭത്തെയും അവരുടെ അവസാനത്തെയും ഓര്‍പ്പീന്‍. 2. ഡേവിഡ്3 മുതല്‍പേരുടെ ഉപദേശങ്ങളെയും അവരുടെ അവസാനത്തെയും പരിശോധിപ്പീന്‍. 3. രക്ഷണീയ സൈന്യങ്ങളുടെ4 അടിസ്ഥാനമില്ലാത്ത വിശ്വാസത്തെയും അബദ്ധമായ അവരുടെ നടപടികളെയും നോക്കുവീന്‍. 4. മേല്‍പ്പറഞ്ഞ വശങ്ങളോടുകൂടി അല്ലയോ ഇപ്പോള്‍ ചിലര്‍ നമ്മുടെ ഇടയില്‍ വന്നിറങ്ങീട്ടുള്ളതും. എന്നാല്‍ നിങ്ങളില്‍ ചിലര്‍ അവരുടെ വചനങ്ങള്‍ക്കു ചെവികൊടുക്കുന്നതായും മറ്റും അറിഞ്ഞു നാം വ്യസനിക്കുന്നു.

പ്രിയമുള്ളവരെ, സത്യാത്മാവിനാല്‍ ഉള്ളവകളുടെ ആരംഭം ലഘുവായും അവയുടെ അവസാനം വലിപ്പമായും സ്ഥിരമായും ഇരിക്കും. ദുഷ്ടാത്മാവിനാല്‍ ഉള്ളവകളുടെ ആരംഭം വിദ്വാന്‍കുട്ടി മുതല്‍പേരുടേതുപോലെ ഘോരമായും അവസാനം നിസ്സാരമായും അബദ്ധമായും ഇരിക്കും.5 മാതാപിതാക്കന്മാര്‍ക്കും ഗുരുഭൂതന്മാര്‍ക്കും, സഭയ്ക്കും സഭാപിതാക്കള്‍ക്കും കീഴ്പ്പെട്ടിരിക്കുന്ന മക്കള്‍ അവരുടെ പിന്നടികളില്‍ നിന്നു വിട്ട് ഉല്ലാസങ്ങള്‍ക്കും ആഹ്ലാദങ്ങള്‍ക്കും മദ്യപാനം, വേശ്യാദോഷം, ദുര്‍മ്മാര്‍ഗ്ഗം മുതലായ തോന്നിയവാസങ്ങളിലേക്കു പോകുവാന്‍ വിടാതിരിക്കുന്നതില്‍ തല്ക്കാലം അവര്‍ക്കു ദുഃഖവും അവസാനം അവര്‍ക്കു വലിയ സന്തോഷവും ഉണ്ടാകുന്നതാണ്. മേല്‍പ്പറഞ്ഞ കീഴനുസരണത്തില്‍ അല്ലാതെ തന്നിഷ്ടമായി നടക്കപ്പെടുവാന്‍ ഇടവരുന്ന ബാലന്മാര്‍ക്കു തല്‍സമയം സന്തോഷവും, അവസാനം ദുഃഖവും നേരിടുന്നതാകുന്നു.  ഗുരുഭൂതന്മാര്‍ക്ക് കീഴ്പ്പെട്ട് വരുതിപ്രകാരം നടക്കാതെ തോന്നിയവാസമായി നടക്കുന്ന പൈതങ്ങള്‍ ക്ലാസ്സില്‍6 നിന്നു തള്ളപ്പെട്ടവരായിത്തീരും. ഇടയന്‍റെ ശബ്ദം ഗണ്യമാക്കാതെ കൂട്ടത്തില്‍ നിന്നു തെറ്റിപ്പോകുന്ന ആടുകള്‍ കുഴിയിലോ ദുഷ്ടമൃഗങ്ങളുടെ കയ്യിലോ അകപ്പെട്ടു നഷ്ടമായിത്തീരുന്നതല്ലാതെ, ആട്ടിന്‍തൊഴുത്തില്‍ പ്രവേശിച്ച് ആശ്വസിപ്പാനിടയാകുന്നതല്ല. മാതാപിതാക്കന്മാര്‍ക്കു അനുസരണമില്ലാതെ അവരുടെ ശത്രുക്കളോടു ചേര്‍ന്ന് വിരോധികളായിത്തീര്‍ന്നാല്‍ അവരുടെ ശാപത്തിനു പാത്രീഭവിക്കയും അവരുടെ അവകാശത്തിന് ഇതരന്മാരായിത്തീരുകയും ഇഹത്തിലും പരത്തിലും അവര്‍ അയോഗ്യന്മാരായിരിക്കയും ചെയ്യുന്നതാണ്. 'എന്‍റെ പുത്രാ! നിന്‍റെ പിതാവിന്‍റെ നിയമത്തെ അനുസരിച്ചുകൊള്‍കാ എന്നും, നിന്‍റെ മാതാവിന്‍റെ നിയമത്തെ മറന്നുപോകരുതെന്നും'7 ഉള്ള പരിശുദ്ധ റൂഹായുടെ വചനത്തെ ഓര്‍ത്തുകൊള്‍വീന്‍. നമ്മുടെ പിതാവായ സര്‍വ്വശക്തന്‍ നമുക്കു നിയമിച്ചിട്ടുള്ള വിശ്വാസനടപടികളെയും മറന്നുപോകരുത്. ആദ്യം ഏലോഹീം മക്കള്‍8 എന്നു പറയപ്പെടുന്ന ശേതിന്‍റെ മക്കള്‍ അവരുടെ പിതാവായ ആദാമിന്‍റെ വരുതിവിട്ട് മനുഷ്യമക്കള്‍ എന്നു പറയപ്പെടുന്ന കായേന്‍ മക്കളോടു കൂടി ചേര്‍ന്നുല്ലസിച്ച് ദുര്‍മ്മാര്‍ഗ്ഗത്തില്‍ നടന്നു ദുഷ്ടസന്തതികള്‍ ജനിച്ചു പിഴച്ച കൂട്ടമായിത്തീരുകയാല്‍ ദൈവകോപം അവരില്‍ ഉണ്ടായി. ജലപ്രളയത്തില്‍ ആ തലമുറ ഒക്കെയും നശിപ്പിച്ചു കളവാന്‍ ഇടയായി.9

ആകയാല്‍ പ്രിയമുള്ളവരേ! നിങ്ങള്‍ അനുസരണക്കേടിന്‍റെ സന്തതികളല്ല. മേല്പറഞ്ഞ പരിശുദ്ധാത്മാവിന്‍റെയും പരിശുദ്ധ മാതാവിന്‍റെയും10 അനുഗ്രഹിക്കപ്പെട്ട ഏലോഹീം മക്കള്‍ അത്രെ.11 ആ നമ്മുടെ മാതാപിതാക്കന്മാരുടെ അനുസരണത്തില്‍ നിന്നു വിട്ടു പൈശാചിക കൂട്ടത്തോടു ചേര്‍ന്ന് തോന്ന്യവാസ നടപടികളിലും വിശ്വാസതെറ്റിലും അഹങ്കരിച്ചുല്ലസിച്ചു നടപ്പാന്‍ ഒരിക്കലും ആരും മനസുവച്ചുപോകരുത്. നിങ്ങളുടെ മക്കളെ, അവര്‍ ദൈവത്തിന്‍റെ മക്കളായിത്തീരുവാന്‍ തക്കവണ്ണം അവരെ സത്യവിശ്വാസത്തിലും സത്യനടപടികളിലും ഭയഭക്തിയിലും അനുസരണത്തിലും സ്നേഹത്തിലും വളര്‍ത്തുവിന്‍. പള്ളിയില്‍ പട്ടക്കാര്‍ പ്രസംഗിക്കുന്നതു കൂടാതെ തിരഞ്ഞെടുത്തു കൈവെപ്പോടും കല്പനയോടും കൂടെ അയയ്ക്കപ്പെടുന്ന ഉപദേശികളെകൊണ്ടും12 പ്രസംഗം നടത്തിച്ചുകൊള്‍വീന്‍. അല്ലാതെ ഉപദേശികളെന്നു പറഞ്ഞു വരുന്ന മതവിരോധികളെക്കൊണ്ടും കല്പിക്കപ്പെട്ടിരിക്കുന്ന നോമ്പ്, നമസ്കാരം, കുരിശുവര, കുമ്പിടീല്‍, കുര്‍ബ്ബാന, കുമ്പസാരം, മാമോദീസാ, രോഗികള്‍ക്കുള്ള സൈത്തുപൂശല്‍13 മുതലായ കര്‍മ്മങ്ങളും, തംപുരാനെപെറ്റ അമ്മയോടും,14 പരിശുദ്ധന്മാരോടുമുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനകളും നിസ്സാരമെന്നു വച്ചു അവയെ ആദരിക്കാതെ നിന്ദിക്കുന്ന കള്ള ഉപദേഷ്ടാക്കളെക്കൊണ്ടും, പള്ളിയില്‍ വച്ചോ നിങ്ങളുടെ കൂട്ടത്തില്‍ വച്ചോ പ്രസംഗിപ്പിക്കയും, അവരുടെ ദുരുപദേശങ്ങളെ കേള്‍ക്കയും ചെയ്തുപോകരുത്. അങ്ങിനെയുള്ളവര്‍ വഞ്ചകന്മാരാകയാല്‍ അവര്‍ക്കു നിങ്ങളില്‍ സ്ഥലം കൊടുക്കയും അരുത്. എന്നാല്‍ ആരെങ്കിലും അനുസരണം വിട്ട് ഇതിന് എതൃത്ത് പ്രവര്‍ത്തിക്കുന്നതായി കാണപ്പെട്ടാല്‍ അവനെ നമ്മുടെ കൂട്ടത്തില്‍ അന്യനായി വിചാരിച്ചുകൊള്ളുകയും വേണം.

സര്‍വശക്തനായ ദൈവത്തിന്‍റെ കൃപയും വാഴ്വും നിങ്ങളെല്ലാവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. അതു കൃപ നിറഞ്ഞിരിക്കുന്ന മാതാവിന്‍റെയും സകല പരിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.

എന്ന്, 1897-ന് കൊല്ലം 1073 മകരം 23-ന് കല്ലുങ്കത്ര പള്ളിയില്‍ നിന്നും.

(ഒപ്പ്)

1. (പഴയ മലയാളം) 'യോഗമായി കാണുക' എന്നര്‍ത്ഥം.

2. യുസ്തസ് യൂസഫ് എന്ന തമിഴ് വംശജനായ സി. എം. എസ്. പാതിരി അഞ്ചര വര്‍ഷത്തിനകം 1881-ല്‍ കര്‍ത്താവിന്‍റെ രണ്ടാമത്തെ വരവുണ്ടാകുമെന്ന് പ്രവചനം നടത്തി. അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ ആകൃഷ്ടരായ അനേകം നസ്രാണികളും സി.എം.എസ്. സഭക്കാരും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു പുതിയൊരു സഭ സ്ഥാപിച്ചു. പ്രവചനപ്രകാരം ലോകം അവസാനിക്കാതെ ഇരുന്നതിനാല്‍ ഭൂരിപക്ഷവും അദ്ദേഹത്തെ വിട്ടുപോയി. ഇന്ന് യൂയോമയ സഭ എന്നറിയപ്പെടുന്നതും തോട്ടയ്ക്കാട്, മല്ലപ്പള്ളി തുടങ്ങിയ ഏതാനും പ്രദേശങ്ങളില്‍ മാത്രം അതീവ ന്യൂനപക്ഷ സഭയായി തുടരുന്നതുമായ വിഭാഗം ഈ പ്രസ്ഥാനത്തിന്‍റെ പിന്‍തുടര്‍ച്ചയാണ്. അഞ്ചരവേദക്കാര്‍ എന്ന് മറ്റുള്ളവര്‍ ഇവരെ വിളിക്കുന്നു (കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക ചാക്കോ, റവ. ഇ. ജെ., കേരളത്തിലെ ചില സ്വതന്ത്ര സഭകള്‍, തിരുവല്ല, സി.എസ്.എസ്., 1986).

3. യൂസ്തസ് യൂസഫാണ് വിദ്വാന്‍കുട്ടി. 'കന്നീറ്റ്' സഭയെന്നും ഈ പ്രസ്ഥാനം അറിയപ്പെട്ടിരുന്നു. 'തമിഴ് ഡേവിഡ്' എന്നാണ് ഇദ്ദേഹം അറിയപ്പെട്ടത്.

4. = ടമഹ്മശേീി അൃാ്യ. ഇംഗ്ലണ്ടില്‍ വില്യം ബുത്ത് സ്ഥാപിച്ച സംഘടന. കുര്‍ബാന, മാമോദീസാ, പൗരോഹിത്യം മുതലായ കൂദാശകള്‍ ഇല്ല. കരസേനയിലെ റാങ്കുകളാണ് സഭാ പ്രവര്‍ത്തകര്‍ക്കു നല്‍കുന്നത്. 1882-ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

5. യൂയോമയ മതത്തിന്‍റെ പെട്ടെന്നുള്ള വളര്‍ച്ചയും അതേ വേഗതയിലുള്ള തകര്‍ച്ചയും സൂചിതം. 

6. ഇക്കാലമായപ്പോഴേക്കും മാര്‍ ദീവന്നാസ്യോസ് പഞ്ചമന്‍റെ വിദ്യാഭ്യാസ വിപ്ലവം മൂലം തെക്കന്‍ ഇടവകകളിലെങ്ങും പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. അതിനാല്‍ ക്ലാസ്, പുറത്താക്കല്‍ എന്നീ വാക്കുകളൊക്കെ നസ്രാണികള്‍ക്ക് പരിചിതമായിരുന്നു.

7. സദൃ. 1:08.

8. (അരമായ) = ദൈവമക്കള്‍.

9. ഉല്പത്തി 6:2

10. ഇവിടെ വി. സഭയെയാണ് 'മാതാവ്' എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ക്രൈസ്തവ പാരമ്പര്യമാണ്.

11. ഉല്പത്തി 6:13 - 8:14.

12. ഇപ്രകാരം പലര്‍ക്കും പ. പരുമല തിരുമേനി പ്രസംഗത്തിനുള്ള അനുവാദം നല്‍കിയതിന് രേഖകള്‍ ഉണ്ട്.

13. സൈത്ത് ഒലിവെണ്ണയാണ്. മലങ്കരസഭയുടെ വി. കൂദാശകളില്‍ ഒന്നാണ് രോഗികളുടെ തൈലാഭിഷേകം. അതിനായി പ്രത്യേകം ശുദ്ധീകരിച്ച ഒലിവെണ്ണയാണ് ഉപയോഗിക്കുന്നത്.

14. വി. കന്യകമറിയാം.

Tuesday, October 4, 2022

മലയാള വര്‍ഷത്തെ ക്രിസ്തു വര്‍ഷമാക്കാന്‍ | പള്ളിക്കോണം രാജീവ്

 ലഭ്യമാവുന്ന പഴയ രേഖകളിലൊക്കെയും മിക്കവാറും കൊല്ലവർഷ (മലയാളവർഷം) ത്തിലാണ് തീയതികൾ കാണപ്പെടാറുള്ളത്. ഇപ്പോൾ കൊല്ലവർഷം ഉപയോഗത്തിൽ പരിമിതപ്പെട്ടിരിക്കുന്നതിനാലും പൊതു വർഷം (ക്രിസ്തുവർഷം -AD) പരക്കെ പ്രയോഗത്തിലിരിക്കുന്നതിനാലും കാലഗണന എളുപ്പമാക്കിത്തീർക്കുന്നതിന് കൊല്ലവർഷത്തിലുള്ള തീയതി പൊതുവർഷത്തിലേക്ക് മാറ്റി മനസ്സിലാക്കേണ്ടി വരുന്നുണ്ട്. ചരിത്രവിദ്യാർത്ഥികൾക്കാണ് ഇത് ഏറ്റവും പ്രയോജനകരമാവുന്നത്. ഓരോ നൂറ്റാണ്ടിലും കേരളത്തിലും ഇന്ത്യയിലും ലോകത്തു തന്നെയും നടന്ന ചരിത്രസംഭവത്തെ അടുക്കും ചിട്ടയോടും കൂടി മനസിൽ സൂക്ഷിക്കുന്നതിനും ചരിത്രവായനയ്ക്കിടയിൽ പെട്ടെന്നു തന്നെ ചരിത്രസംഭവങ്ങളെ കാലക്രമത്തെ അടിസ്ഥാനമാക്കി കൂട്ടിവായിക്കുന്നതിനും പൊതുവർഷമാണ് ഏറെ സ്വീകാര്യമായിരിക്കുന്നത്.

കൊല്ലവർഷത്തിലുള്ള തീയതിയും മാസവും വർഷവും കിട്ടിയാൽ പൊതുവർഷം കണ്ടെത്തുന്നതിന് 825 കൂട്ടുക എന്ന രീതിയാണ് ഉപയോഗിച്ചു വരുന്നത്. AD 825 ലാണ് കൊല്ലവർഷം ആരംഭിക്കുന്നത് എന്നതാണ് ഈ കണക്കുകൂട്ടലിന് ആധാരം. എന്നാൽ ആ രീതി പൊതുവായി അവലംബിക്കുന്നത് ശരിയല്ല. കാരണം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലെ ഒരു ദിവസമാണ് പരാമർശമെങ്കിൽ കൊല്ലവർഷത്തോടൊപ്പം 825 കൂട്ടിയാൽ അന്നത്തെ പൊതു വർഷം കിട്ടും. ഓഗസ്റ്റ് മാസത്തിൻ്റെ 15 മുതൽ 22 വരെയുള്ള തീയതികളിൽ എതെങ്കിലും ഒരു ദിവസമായിരിക്കാം ചിങ്ങമാസം ഒന്നാം തീയതി തുടങ്ങുന്നത്. അത് വർഷം തോറും മാറിക്കൊണ്ടിരിക്കുകയും ചെയ്യും. അതുകൊണ്ട് കൊല്ലവർഷത്തിലെ തീയതി പൊതുവർഷത്തിലേക്ക് മാറ്റുമ്പോൾ ചിങ്ങമാസത്തിലെ പ്രസ്തുത ദിവസങ്ങളാണ് എങ്കിൽ അതത് വർഷങ്ങളിലെ പഞ്ചാംഗം പരിശോധിക്കേണ്ടി വരും.
ജനുവരി മുതൽ ഓഗസ്റ്റ് പകുതി വരെയുള്ള കാലഘട്ടത്തിനിടയിലാണ് കണ്ടെത്തേണ്ട തീയതി എങ്കിൽ 825 കൂട്ടണം. ഓഗസ്റ്റ് പകുതി മുതൽ ഡിസംബർ വരെയുള്ള കാലഘട്ടത്തിനിടയിലാണ് എങ്കിൽ 824 കൂട്ടി പൊതുവർഷം (AD) കണ്ടെത്താം. അതായത് ചിങ്ങം മുതൽ മകരം വരെ 824 കൂട്ടണം. കുംഭം മുതൽ കർക്കിടകം വരെ 825 കൂട്ടണം.
തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മയുടെ സൈന്യം കോട്ടയം ആക്രമിച്ച് തെക്കുംകൂർ നാട്ടുരാജ്യം കൈവശപ്പെടുത്തിയത് AD 1749 ലാണെന്ന് ഞാൻ പല ലേഖനങ്ങളിലും എഴുതിയപ്പോൾ നിരവധി പേർ സംശയം ഉന്നയിക്കുകയുണ്ടായി. നിലവിൽ ലഭ്യമായ ചരിത്രഗ്രന്ഥങ്ങളിൽ പലതിലും 1750ലാണ് തെക്കുംകൂർ പതനം എന്നാണ് അച്ചടിച്ചുവന്നിരിക്കുന്നത്. കൊല്ലവർഷം 925 ലെ ഒരു ഓണക്കാലത്താണ് ഈ ആക്രമണം നടക്കുന്നത്, അതായത് സെപ്തംബർ 11ന് ശേഷം. 825 കൂട്ടുന്ന ശീലമുള്ളവർ 925 നോട് 825 കൂട്ടി 1750 എന്നങ്ങ് നിശ്ചയിച്ചു. എന്നാൽ പ്രസ്തുത സംഭവം ഓഗസ്റ്റ് പകുതിക്ക് ശേഷമാണെന്നതിൽ 824 ആണ് കൂട്ടേണ്ടത് എന്ന ചിന്ത അവരിലുണ്ടായില്ല. മതിലകം രേഖകളിൽ കൊല്ലവർഷം 925 മകരം 5 ന് ( AD1750 ജനുവരി 17) നടന്ന തൃപ്പടിദാനത്തെ പരാമർശിക്കുന്ന ഭാഗത്ത് കവണാർ (മീനച്ചിലാർ) വരെയും തിരുവിതാംകൂറിൻ്റെ അധീനതയിലായി എന്ന് സൂചിപ്പിക്കുന്നു. തെക്കുംകൂർ ആക്രമിച്ച് തിരുവിതാംകൂറിൽ ചേർത്തു എന്ന് സാരം. AD 1750 ജനുവരി മാസത്തിന് മുമ്പാണ് യുദ്ധമെന്ന് കരുതാം. സെപ്തംബർ മാസത്തിലാണെന്ന് വ്യക്തമാകുന്നുമുണ്ട്. അപ്പോൾ 925 നോട് 824 കൂട്ടി AD 1749 എന്നു തീർച്ചയായും നിശ്ചയിക്കാം.
ചില ഉദാഹരണങ്ങൾ ചേർക്കുന്നു:
ME 725 മീനം - AD 1550 മാർച്ച് /എപ്രിൽ
ME 828 മകരം 3 - AD1652 ജനുവരി 14 -18
ME 941 മകരം 5 - AD 1765 ജനുവരി 16-20
ME 994 ധനു 8 - AD1818 ഡിസംബർ 18-22
ME 997 കർക്കിടകം 3 - AD 1822 ജൂലൈ 14-18
ME 997 മകരം 8 - AD 1821 ജനുവരി 18-22
ME 1063 ഇടവം 10 - AD 1888 മെയ് 22,
ME 1064 കുംഭം 8 - AD 1889 ഫെബ്രു. 18
ME 1067 തുലാം 27 - AD 1891 നവം. 11
ME 1078 വൃശ്ചികം 7 - AD 1902 നവം 22.
ME 1083 തുലാം 17 - AD 1907 നവംബർ 2
(അവസാനത്തെ അഞ്ച് തീയതികൾക്ക് പഞ്ചാംഗം നോക്കി കൃത്യത വരുത്താനായി)
അതുപോലെ ചില ചരിത്രകാരന്മാർ പോലും അവരുടെ പ്രഭാഷണങ്ങളിൽ സ്ഥിരമായി വരുത്തുന്ന തെറ്റാണ് എത്രാമത് നൂറ്റാണ്ട് എന്നത്. ഇപ്പോൾ നാം ജീവിച്ചിരിക്കുന്നത് 21-ാം നൂറ്റാണ്ടിലാണ് എന്ന് എല്ലാവർക്കുമറിയാം. യഥാർത്ഥത്തിൽ AD 2001 ജനുവരി 1 മുതൽ 2100 ഡിസംബർ 31 വരെയാണ് 21-ാം നൂറ്റാണ്ട്. 2000 ജനുവരി ഒന്നിന് നാം 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചതായി ആഘോഷിച്ചു എങ്കിലും കാലഗണന വച്ച് 2001 ജനുവരി 1 നാണ് അത് ആഘോഷിക്കേണ്ടിയിരുന്നത്. കാരണം AD 1 മുതൽ 100 വരെയായിരുന്നു ഒന്നാം നൂറ്റാണ്ട് എന്നതുകൊണ്ട് . AD 0 മുതൽ1 വരെ ഒരു വർഷം ഉണ്ടായിരുന്നില്ലല്ലോ! 2101 ജനുവരി 1 മുതൽ 22-ാം നൂറ്റാണ്ട് ആരംഭിക്കും. AD 1947 ഇരുപതാം നൂറ്റാണ്ടിലാണെന്നും AD 1857 പത്തൊമ്പതാം നൂറ്റാണ്ടിലാണെന്നും ദേശീയസ്വാതന്ത്ര്യസമരത്തെ കുറിച്ച് പഠിക്കുമ്പോൾ നാം ഓർത്തുവയ്ക്കണം. AD 345 നാലാം നൂറ്റാണ്ടിലാണെന്നു AD 1341 പതിനാലാം നൂറ്റാണ്ടിലാണ്, മറിച്ച് പതിമൂന്നാം നൂറ്റാണ്ടിലല്ല എന്നും എപ്പോഴും ധരിച്ചു വച്ചിരിക്കണം.
(വിഷയവുമായി നേരിട്ടു ബന്ധമില്ലെങ്കിലും നമ്മുക്ക് തെറ്റു വരാവുന മറ്റൊന്നാണ് കെട്ടിടങ്ങളുടെ നിലകളെ എണ്ണിപ്പറയുന്നത്.

മലയാളത്തിൽ നാം പറയുന്ന മൂന്നുനിലയുള്ള കെട്ടിടം ഇംഗ്ലീഷിൽ അത് രണ്ടുനിലയും തറനിരപ്പിലെ ഭാഗവും ഉൾപ്പെട്ടതാണെന്നും അറിഞ്ഞിരിക്കണം. ലിഫ്റ്റിൽ കയറി 2 എന്നെഴുതിയ ബട്ടൺ അമർത്തിയാൽ മലയാളത്തിൽ നാം പറയുന്ന മൂന്നാം നിലയിൽ എത്തിച്ചേരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.)

Wednesday, May 4, 2022

കണ്ടത്തിൽ മാമ്മൻ വർഗീസ്: അച്ചടി നവീകരണ സംഭാവനകൾ

മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റർ ആൻഡ് പബ്ലിഷറും, മുൻ മാനേജിങ് എഡിറ്ററുമായ തയ്യിൽ കണ്ടത്തിൽ മാമ്മൻ വർഗീസ് അന്തരിച്ച വാർത്ത കഴിഞ്ഞവർഷം മെയ് ഒന്നിന് ഒട്ടുമിക്ക പത്രങ്ങളിലുണ്ടല്ലോ. മനോരമയുടെ കണ്ടത്തിൽ കുടുംബത്തിലെ 'ഏതോ ഒരാൾ' എന്നു മാത്രമെ സാധാരണക്കാർ കരുതു; അതിനുപരിയായി അദ്ദേഹം അച്ചടിയുടെ അധുനികവല്ക്കരത്തിന് പൊതുവിലും മനോരമയുടെ സാങ്കേതിക മികവിനായി വിശേഷിച്ചും സംഭാവനകൾ നല്കിയ ആൾ എന്ന നിലയിലാണ് ഞാൻ ഇദ്ദേഹത്തെ കാണുന്നത്.
കണ്ടത്തിൽ മാമ്മൻ വർഗീസ്സിൻ്റെ ഒന്നാം ഓർമ്മദിനം ഇന്നലെയായിരുന്നു...
മനോരമയിലെ പ്രമുഖരായ മുതിർന്ന സാരഥികൾ 'തമ്പാച്ചായൻ' എന്നു വിളിക്കുന്ന മാമ്മൻ വർഗീസിന്റെ അമ്മയുടെ സഹോദരനായ കുന്നംകുളം എആർപി പ്രസ് ഉടമ പുലിക്കോട്ടിൽ ഇട്ടൂപ്പ് ഇട്ടൂപ്പായിരുന്നു, തിരുവതാംകൂറിൽ സർ സി.പി. നിരോധിച്ച് അടച്ചുപൂട്ടിയ (1938 സെപ്റ്റംബർ 9) മനോരമ പത്രം കുറെക്കാലം കുന്നംകുളത്തെ തന്റെ പ്രസിൽ അച്ചടിപ്പിച്ച് വിതരണം ചെയ്യുക എന്ന സാഹസിക ദൗത്യത്തിനു നേതൃത്വം നൽകിയത്. അതെ, ഒരു കാലത്ത് മഹാകവി വള്ളത്തോൾ മാനേജരായിരുന്ന എ. ആർ. പി. പ്രസ് തന്നെ..
🌍
1930 മാർച്ച് 22-ന് ജനനം; മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മൻ മാപ്പിളയുടെ പൗത്രനും കെ.എം. വർഗീസ് മാപ്പിളയുടെ പുത്രനുമാണ്. കുന്നംകുളം പുലിക്കോട്ടില് ജോസഫ് റമ്പാന്റെ സഹോദരി താണ്ടമ്മയാണ് മാതാവ്.
കോട്ടയം, മദ്രാസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ഓട്ടോമൊബീല് എന്ജിനീയറിങ് പഠനം.
1955-ൽ മനോരമയിൽ മാനേജരായി ചുമതലയേറ്റു .1965-ൽ ജനറൽ മാനേജരും 1973-ൽ മാനേജിങ് എഡിറ്ററുമായി. നിരവധി വിദേശ രാജ്യങ്ങളിൽ നിന്നും പത്രപ്രവർത്തനം, അച്ചടി, ബിസിനസ് എന്നിവയിൽ പരിശീലനം നേടിയിട്ടുണ്ട്.ന്യൂസ് പേപ്പർ മാനേജ്മെന്റിൽ ഇംഗ്ലണ്ടിലെ തോംസൺ ഫൗണ്ടേഷനിൽ പരിശീലനം നേടിയിട്ടുണ്ട്.
🌍
മലയാള ലിപി പരിഷ്കർത്താവായും അച്ചടിയുടെ രംഗത്തും അദ്ദേഹത്തിന്റെ ഇടപെടലിനെക്കുറിച്ച് പരിശോധിക്കാം.
ടൈപ്പ്റൈറ്ററിന്റെയും ലൈനോ ടൈപ്പ് യന്ത്രത്തിന്റെയും കീ ബോർഡിൽ ഒതുങ്ങും വിധം മലയാള ലിപികളുടെ എണ്ണം കുറയ്ക്കുകയും അതുവഴി അച്ചടിയുടെ ഗതിവേഗം കൂട്ടുകയും ഭാഷാപഠനം ലഘൂകരിക്കുകയും ചെയ്തയാൾ എന്ന നിലയിലായിരിക്കും ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുക.
അച്ചുനിരത്തലൊക്കെ കംപ്യൂട്ടർ ഏറ്റെടുത്ത ഇക്കാലത്ത് ഈ അക്ഷരലാഭത്തിന്റെയൊന്നും ആവശ്യമില്ലായിരിക്കാം. പക്ഷേ അതിനു മുൻപത്തെ മുപ്പതു വർഷങ്ങളിൽ മലയാളത്തിലെ പുസ്തക - ആനുകാലിക പ്രസാധനത്തിൽ കുതിച്ചുചാട്ടമുണ്ടായതും പത്രങ്ങൾ കൂടുതൽ സ്ഥലങ്ങളിൽനിന്ന് അച്ചടിച്ചു പ്രചാരം ദശലക്ഷങ്ങളിലേക്ക് ഉയർത്തിയതും. നമ്മുടെ മലയാളനാട് നൂറുശതമാനം സാക്ഷരത നേടിയതിന് അനുസരിച്ച് പ്രസാധന വ്യവസായം വിപുലീകൃതമായതും ഈ ലിപി പരിഷ്കരണത്തിന്റെ തേരിലേറിയാണ്.
🌍
മലയാള ലിപികളുടെ അല്പം ചരിത്രം കൂടി പരിരോധിക്കാം:
മലയാളം ആദ്യമായി അച്ചടിക്കാൻ (1772-ൽ റോമിൽ അച്ചടിച്ച 'സംക്ഷേപവേദാർത്ഥം')
റോമിൽ വേണ്ടിവന്നത് 1128 അച്ചുകളാണ്. കേരളത്തിലാദ്യമായി കോട്ടയത്ത് മലയാളം അച്ചടിക്കാവുന്ന പ്രസ് 1821-ൽ ആരംഭിച്ച ബെഞ്ചമിൻ ബെയ്‌ലി അച്ചുകളുടെ എണ്ണം അറുനൂറായി കുറച്ചു.
പഴയ ലറ്റർ പ്രസ് ഹാൻഡ് കമ്പോസിങ്ങ് അച്ചുകൾ നിരത്തി വയ്ക്കുന്ന മരത്തിന്റെ ചെറിയ കള്ളികൾ ഉള്ള തട്ട് (കംപോസിങ് പെട്ടി - കമ്പോസിങ്ങ് കേയ്സ്) കണ്ടിട്ടുള്ളവർക്ക് ഈ കാര്യം പെട്ടന്ന് ബോധ്യമാകും: കംപോസിറ്ററുടെ കയ്യെത്തും ദൂരത്ത് അച്ചുകളെല്ലാം ഉണ്ടെങ്കിലേ പത്രം സമയത്തിന് ഇറക്കാനൊക്കുകയുള്ളുവെന്നു മനസ്സിലാക്കിയ കണ്ടത്തിൽ വർഗീസ് മാപ്പിള 1888-ൽ എണ്ണം നൂറ്റിയിരുപതായി ചുരുക്കി. അതാണ് ഡോ. ശൂരനാടു കുഞ്ഞൻ‌പിള്ള അധ്യക്ഷനായ സർക്കാർ സമിതി 1967- 70- കാലത്ത് തൊണ്ണൂറായി കുറച്ചത്.
ആ സമിതിയിൽ എൻ.വി. കൃഷ്ണവാര്യരെപ്പോലുള്ള ഭാഷാപണ്ഡിതന്മാരും പത്രാധിപന്മാരും ഉണ്ടായിരുന്നെങ്കിലും അച്ചടിയിലെ പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ച് അറിയാവുന്നവർ ഏതാനും ചിലർ മാത്രമായിരുന്നു: മാമ്മൻ വർഗീസ്, ചെന്നൈയിൽ ചേസൺസ് ടൈപ്പ് ഫൗണ്ട്റി ഉടമയായ അച്ചുനിർമാണ വിദഗ്ധൻ കെ.സി. ഏബ്രഹാം, ഗവ. പ്രസ് സൂപ്രണ്ട് കെ. സ്വാമിനാഥൻ, പുസ്തക പ്രസാധകൻ ഡി.സി. കിഴക്കെമുറി എന്നവർ ആ സംഘത്തിൽ പെടുന്നു. ഇവർ നാലുപേരുടെ കൂടി പ്രേരണ മൂലമാണ് അക്ഷരങ്ങൾ കുറയ്ക്കാൻ സമിതിയിലെ ഭാഷാപണ്ഡിതന്മാർ പോംവഴി കണ്ടെത്തിയത്.
ആയിരത്തിതൊള്ളായിരത്തി നാൽപതുകളിൽ കംപോസിങ് പെട്ടിക്ക് 324 കള്ളികളാണ് ഉണ്ടായിരുന്നത്; അച്ചടി കൂടുതൽ സുഗമമാക്കാൻ അച്ചുപെട്ടി പരിഷ്കരണത്തിൽ ഏർപ്പെട്ടു മാമ്മൻ വർഗീസ്. ആയിരത്തിതൊള്ളായിരത്തി അറുപതുകളിൽ ഈ കള്ളികൾ 180 ആയി കുറച്ചു; പത്രത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അക്ഷരങ്ങളേതൊക്കെയാണെന്നു കണ്ടുപിടിച്ചു. അന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ‘മ’ ആയിരുന്നുവെത്രേ. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അക്ഷരങ്ങൾ കംപോസിറ്ററുടെ കയ്യകലത്തിലും ‘ഋ’ പോലെ വല്ലപ്പോഴും വേണ്ടിവരുന്ന അക്ഷരങ്ങൾ ഏറെ അകലെയുമുള്ള അക്ഷര-അച്ചുപ്പെട്ടി സംവിധാനം ചെയ്യിച്ചു.
അതുപോലെ തന്നെ ലറ്റർ പ്രസ് ടൈപ്പ് സെറ്റിങ് മെഷീൻ ആയ 'ലൈനോ ടൈപ്പ് കമ്പോസിങ്ങ്' കലഹരണപ്പെടുന്ന കാലത്ത്, 1980-കളിൽ ഫോട്ടോ കമ്പോസിങ്ങിന് ഉതകുന്ന രീതിയിൽ മലയാളം ഫോണ്ടുകൾ വികസിപ്പിക്കുന്നതിന് മനോരമയിൽ നിന്ന് ഭാഷാ വിദഗ്ധന്മാരെ ബ്രിട്ടനിൽ ലൈനോടൈപ്പ് കമ്പനിയിൽ അയച്ച് മലയാളത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ ഫോണ്ട് തയ്യാറാക്കിയത്. ('മനോരമ ഫോണ്ട്' എന്നാണ് ലൈനോടൈപ്പ് നാമകരണം ചെയ്തത്.) ഞങ്ങളെപ്പോലുള്ളവരെ 1967 - 70 കാലത്ത് ഫോട്ടോ കമ്പോസിങ്ങിലേക്ക് ആകർഷിച്ചത് ഈ ഫോണ്ടിന്റെ ആകർഷണമാണ്.
🌍
കാൽനൂറ്റാണ്ടു കാലമേ മാമ്മൻ വർഗീസ് ജനറൽ മാനേജരായിരുന്നുള്ളുവെങ്കിലും കോട്ടയത്ത് ഒതുങ്ങി നിന്നിരുന്ന മനോരമ കോഴിക്കോട്ടും കൊച്ചിയിലും അച്ചടി തുടങ്ങിയത് അക്കാലത്താണ്.
ഐ ഇ എൻ എസ് പ്രസിഡൻ്റ്, എ ബി സി ചെയർമാൻ, എൽ ഐ സി ദക്ഷിണമേഖല ഉപദേശക സമതിയംഗം, ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി- വർക്കിംഗ് കമ്മിറ്റിയംഗം, മാങ്ങാനം മന്ദിരം ആശുപത്രി ചെയർമാൻ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2021 മെയ് 1-ന്, 91-ാം വയസ്സിൽ, കണ്ടത്തിൽ മാമ്മൻ വർഗീസ് അന്തരിച്ചു.
____________
ആർ. ഗോപാലകൃഷ്ണൻ | 2022 മേയ് 02
......................
അവലംബം: തോമസ് ജേക്കബ് ('അച്ചുകളും അക്ഷരപ്പെട്ടിയും നവീകരിച്ചയാൾ')

Sunday, August 22, 2021

മാവേലി നാട് വാണീടും കാലം / സഹോദരൻ അയ്യപ്പൻ

മാനുഷരെല്ലാരും ഒന്ന് പോലെ

ആമോദത്തോടെ വസിക്കും കാലം

ആപത്തെന്നാർക്കും ഒട്ടില്ല താനും

കള്ളവുമില്ല, ചതിവുമില്ല

എള്ളോളമില്ല പൊളിവചനം

വല്ലാത്ത ദൈവങ്ങൾ ഒന്നുമില്ല

ജീവിയെകൊല്ലുന്ന യാഗമില്ല

അന്നം നശിപ്പിക്കം പൂജയില്ല

ദല്ലാൾ തൻ കീശ സേവയില്ല

അവർണസവർണ വിഭാഗമില്ല

മൂലധനത്തിൻ ഞെരുക്കമില്ല

ആവതവരവർ ചെയ്ത നാട്ടിൽ 

ഭൂതി വളർന്നാൻ ജനം ഉയർന്നു

തീണ്ടലുമില്ല തൊടീലുമില്ല

വർണവിവേചന വ്യവസ്ഥയില്ല

വേദം പഠിക്കാൻ വഴിയേവർക്കും  ഹാ

സിദ്ധിച്ചു മാവേലി വാഴും കാലം

സ്ത്രീകൾക്കും പുരുഷനും തുല്യമായി

ലഭിച്ചു സ്വതന്ത്രത എന്ന ഭാഗ്യം

കാലിക്കും കൂടി ചികിത്സ ചെയ്യാൻ

ആലയം സ്ഥാപിച്ചിരുന്നു കാലം

സർവജനവും പരിഷ്കൃതരായി

സർവം ജയിച്ചു ഭരിച്ചസുരൻ

ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നു

ഭൂതി കെടുത്താനായി അവർ നിനച്ചു

കൌശലമാർന്നൊരു വാമനനെ

വിട്ടു ചതിച്ചവർ മാബലിയെ

ദാനം കൊടുത്തൊരു ധർമജൻ  തൻ

ശീർഷം ചവിട്ടിയാ യാച കേശൻ

മാനവ വിവേചന വ്യവസ്ഥ വന്നു

വർണ വിഭാഗീയ വ്യവസ്ഥ വന്നു

അയിത്ത പിശാചും കടന്നുകൂടി

മന്നിടം വീണ്ടും നരകമാക്കി

മർത്യനെ മർത്യനെ അശുദ്ധനാക്കി

തന്നിൽ അശക്തന്റെ സർവസ്വവും

ചൂഷണം ചെയ്തീടും നാളുവന്നു

തന്നിൽ ബലിഷ്ടന്റെ കാലു താങ്ങും

ദല്ലാളന്മരുടെ കാലം വന്നു

സാധുജനത്തിൻ വിയർപ്പു തീർക്കും

ത്യാഗവും ധനവും ആവുവോളം

നക്കികുടിച്ചീ മടിയർ വീർത്തു

സാധുക്കൾ അക്ഷരം ചൊല്ലിയെങ്കിൽ

ഗർവിഷ്ടരീ ദുഷ്ടർ നാവറുത്തു

വേദോപദേശം ശ്രവിച്ചീടുകിൽ

കാരീയം കാതിൽ കരിച്ചൊഴിച്ചൂ

ജ്ഞാനത്തിൻ വാതിൽ വലിച്ചടച്ചു

സ്ത്രീകൾ ഇവർക്ക് കളിപ്പാനുള്ള

പാവകളെന്നും വരുത്തീയി വർ

എത്ര നൂറ്റാണ്ടുകൾ നമ്മളേവം 

ബുദ്ധിമുട്ടുന്നിഹ സോദരരെ 

നമ്മെ ഉയർത്തുവാൻ നമ്മളെല്ലാം

ഒന്നിച്ചു ഉണരേണം കേൾക്ക നിങ്ങൾ

ബ്രാഹ്മണ സേവ വെടിഞ്ഞിടേണം

ഉച്ചനീചത്വങ്ങൾ മറന്നിടേണം

ജാതിമതങ്ങൾ ത്യജിച്ചിടേണം

നമ്മളെ തമ്മിൽ അകത്തും മതം

സേവിപ്പരെ ചവിട്ടും  മതം

നമ്മൾ വെടിയേണ്ടൂ ഭാവിക്കായി നാo

നമ്മൾ വരിക്കേണ്ടൂ നമ്മൾക്കായി നാം

സത്യവും ധർമ്മവും സ്നേഹവുമാം

സിദ്ധി വരുത്തുന്ന ശുദ്ധ മതം

ധ്യാനത്തിലൂടെ പ്രബുദ്ധരായ

ദിവ്യരാൽ ദർശനമായ മതം 

ബ്രാഹ്മണ വീക്ഷണം ത്യജിച്ചിടേണം

വാമനാദർശനം വെടിഞ്ഞിടേണം

മാവേലി വാഴ്ച വരുത്തിടേണം


(സഹോദരൻ അയ്യപ്പൻ - ഓഗസ്റ്റ് 21, 1889 - മാർച്ച് 6, 1968)