Wednesday, October 26, 2022

പ. പരുമല തിരുമേനിയുടെ ഒരു കല്പന

 നിരണം മുതലായ ഇടവകകളുടെ 

മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും 

(മുദ്ര)

നമ്മുടെ നിരണം മുതലായ എല്ലാ ഇടവകകളിലും ഉള്‍പ്പെട്ട പള്ളികളുടെ വികാരിമാരും ദേശത്തുപട്ടക്കാരും പള്ളികൈക്കാരും ശേഷം ജനങ്ങളും കൂടി കണ്ടെന്നാല്‍1 നിങ്ങള്‍ക്കു വാഴ്വ്.

പ്രിയമുള്ളവരേ,

ഈ കാലങ്ങളില്‍ വേദതര്‍ക്കങ്ങളും കള്ള ഉപദേഷ്ടാക്കളും വര്‍ദ്ധിച്ചിരിക്കുന്നുയെന്നും, നാള്‍ക്കുനാള്‍ സത്യവിശ്വാസത്തിനെതിരായ മതങ്ങളും തന്നിഷ്ട നടപടികളും ചില ഗൃഹശാസ്ത്രികള്‍ പ്രസ്താവിക്കുന്ന വ്യര്‍ത്ഥമായ ഗണിതങ്ങളെ കേട്ട് ഭ്രമിച്ചുകൊണ്ട് സ്ഥിരവിശ്വാസികളായ മറ്റുള്ളവരെ കൂടി ഭ്രമിപ്പിക്കുന്നവരും നമ്മുടെ രക്ഷിതാവിനാലും തന്‍റെ വിശുദ്ധ ശ്ലീഹന്മാരാലും ബാവാമാരാലും സ്ഥിരപ്പെടുത്തപ്പെട്ടിരിക്കുന്ന അടിസ്ഥാനത്തില്‍ നിന്നും ലാക്കില്‍ നിന്നും തെറ്റി വെറിപിടിച്ചോടി നടക്കുന്നവരും, നിഗളത്താലും, അഹംഭാവത്താലും ദുഷ്ടാത്മാവിന്‍റെ വാഹനമായിത്തീര്‍ന്നുകൊണ്ട് പരിശുദ്ധാത്മാവുള്ളവരുടെ ഭാവം നടിക്കുന്ന ദുരുപദേശികളും മറ്റും ഇപ്പോള്‍ എല്ലാ സ്ഥലങ്ങളിലും ഓടിനടക്കുന്നുയെന്നുള്ളതു പ്രസിദ്ധമാണല്ലോ. കഴിയുമെങ്കില്‍ ഉത്തമന്മാരെക്കൂടി തട്ടിപ്പാന്‍ തക്കവണ്ണമുള്ള പരീക്ഷകള്‍ ഉണ്ടാകുമെന്നു നമ്മുടെ രക്ഷിതാവു കല്പിച്ചിട്ടുള്ള തിരുമൊഴികളെ നിങ്ങള്‍ പ്രത്യേകം ഓര്‍ക്കണം. പിന്നെയും അവരുടെ നടപടികളുടെ അവസാനത്തെ പരിശോധിച്ചുകൊള്‍വിന്‍ എന്നു വി. ശ്ലീഹാ കല്പിച്ചിട്ടുള്ളതുപോലെ ഈ ഇടക്കാലങ്ങളില്‍ കാണപ്പെട്ട ചില ദുരുപദേശ നടപടികളെയും അവരുടെ അവസാനത്തെയും പരിശോധിച്ചാല്‍ അവകള്‍ അബദ്ധമായിട്ടുള്ളതെന്നു വെളിപ്പെടുന്നു.

1. വിദ്വാന്‍കുട്ടി2 മുതല്‍പേരുടെ ആരംഭത്തെയും അവരുടെ അവസാനത്തെയും ഓര്‍പ്പീന്‍. 2. ഡേവിഡ്3 മുതല്‍പേരുടെ ഉപദേശങ്ങളെയും അവരുടെ അവസാനത്തെയും പരിശോധിപ്പീന്‍. 3. രക്ഷണീയ സൈന്യങ്ങളുടെ4 അടിസ്ഥാനമില്ലാത്ത വിശ്വാസത്തെയും അബദ്ധമായ അവരുടെ നടപടികളെയും നോക്കുവീന്‍. 4. മേല്‍പ്പറഞ്ഞ വശങ്ങളോടുകൂടി അല്ലയോ ഇപ്പോള്‍ ചിലര്‍ നമ്മുടെ ഇടയില്‍ വന്നിറങ്ങീട്ടുള്ളതും. എന്നാല്‍ നിങ്ങളില്‍ ചിലര്‍ അവരുടെ വചനങ്ങള്‍ക്കു ചെവികൊടുക്കുന്നതായും മറ്റും അറിഞ്ഞു നാം വ്യസനിക്കുന്നു.

പ്രിയമുള്ളവരെ, സത്യാത്മാവിനാല്‍ ഉള്ളവകളുടെ ആരംഭം ലഘുവായും അവയുടെ അവസാനം വലിപ്പമായും സ്ഥിരമായും ഇരിക്കും. ദുഷ്ടാത്മാവിനാല്‍ ഉള്ളവകളുടെ ആരംഭം വിദ്വാന്‍കുട്ടി മുതല്‍പേരുടേതുപോലെ ഘോരമായും അവസാനം നിസ്സാരമായും അബദ്ധമായും ഇരിക്കും.5 മാതാപിതാക്കന്മാര്‍ക്കും ഗുരുഭൂതന്മാര്‍ക്കും, സഭയ്ക്കും സഭാപിതാക്കള്‍ക്കും കീഴ്പ്പെട്ടിരിക്കുന്ന മക്കള്‍ അവരുടെ പിന്നടികളില്‍ നിന്നു വിട്ട് ഉല്ലാസങ്ങള്‍ക്കും ആഹ്ലാദങ്ങള്‍ക്കും മദ്യപാനം, വേശ്യാദോഷം, ദുര്‍മ്മാര്‍ഗ്ഗം മുതലായ തോന്നിയവാസങ്ങളിലേക്കു പോകുവാന്‍ വിടാതിരിക്കുന്നതില്‍ തല്ക്കാലം അവര്‍ക്കു ദുഃഖവും അവസാനം അവര്‍ക്കു വലിയ സന്തോഷവും ഉണ്ടാകുന്നതാണ്. മേല്‍പ്പറഞ്ഞ കീഴനുസരണത്തില്‍ അല്ലാതെ തന്നിഷ്ടമായി നടക്കപ്പെടുവാന്‍ ഇടവരുന്ന ബാലന്മാര്‍ക്കു തല്‍സമയം സന്തോഷവും, അവസാനം ദുഃഖവും നേരിടുന്നതാകുന്നു.  ഗുരുഭൂതന്മാര്‍ക്ക് കീഴ്പ്പെട്ട് വരുതിപ്രകാരം നടക്കാതെ തോന്നിയവാസമായി നടക്കുന്ന പൈതങ്ങള്‍ ക്ലാസ്സില്‍6 നിന്നു തള്ളപ്പെട്ടവരായിത്തീരും. ഇടയന്‍റെ ശബ്ദം ഗണ്യമാക്കാതെ കൂട്ടത്തില്‍ നിന്നു തെറ്റിപ്പോകുന്ന ആടുകള്‍ കുഴിയിലോ ദുഷ്ടമൃഗങ്ങളുടെ കയ്യിലോ അകപ്പെട്ടു നഷ്ടമായിത്തീരുന്നതല്ലാതെ, ആട്ടിന്‍തൊഴുത്തില്‍ പ്രവേശിച്ച് ആശ്വസിപ്പാനിടയാകുന്നതല്ല. മാതാപിതാക്കന്മാര്‍ക്കു അനുസരണമില്ലാതെ അവരുടെ ശത്രുക്കളോടു ചേര്‍ന്ന് വിരോധികളായിത്തീര്‍ന്നാല്‍ അവരുടെ ശാപത്തിനു പാത്രീഭവിക്കയും അവരുടെ അവകാശത്തിന് ഇതരന്മാരായിത്തീരുകയും ഇഹത്തിലും പരത്തിലും അവര്‍ അയോഗ്യന്മാരായിരിക്കയും ചെയ്യുന്നതാണ്. 'എന്‍റെ പുത്രാ! നിന്‍റെ പിതാവിന്‍റെ നിയമത്തെ അനുസരിച്ചുകൊള്‍കാ എന്നും, നിന്‍റെ മാതാവിന്‍റെ നിയമത്തെ മറന്നുപോകരുതെന്നും'7 ഉള്ള പരിശുദ്ധ റൂഹായുടെ വചനത്തെ ഓര്‍ത്തുകൊള്‍വീന്‍. നമ്മുടെ പിതാവായ സര്‍വ്വശക്തന്‍ നമുക്കു നിയമിച്ചിട്ടുള്ള വിശ്വാസനടപടികളെയും മറന്നുപോകരുത്. ആദ്യം ഏലോഹീം മക്കള്‍8 എന്നു പറയപ്പെടുന്ന ശേതിന്‍റെ മക്കള്‍ അവരുടെ പിതാവായ ആദാമിന്‍റെ വരുതിവിട്ട് മനുഷ്യമക്കള്‍ എന്നു പറയപ്പെടുന്ന കായേന്‍ മക്കളോടു കൂടി ചേര്‍ന്നുല്ലസിച്ച് ദുര്‍മ്മാര്‍ഗ്ഗത്തില്‍ നടന്നു ദുഷ്ടസന്തതികള്‍ ജനിച്ചു പിഴച്ച കൂട്ടമായിത്തീരുകയാല്‍ ദൈവകോപം അവരില്‍ ഉണ്ടായി. ജലപ്രളയത്തില്‍ ആ തലമുറ ഒക്കെയും നശിപ്പിച്ചു കളവാന്‍ ഇടയായി.9

ആകയാല്‍ പ്രിയമുള്ളവരേ! നിങ്ങള്‍ അനുസരണക്കേടിന്‍റെ സന്തതികളല്ല. മേല്പറഞ്ഞ പരിശുദ്ധാത്മാവിന്‍റെയും പരിശുദ്ധ മാതാവിന്‍റെയും10 അനുഗ്രഹിക്കപ്പെട്ട ഏലോഹീം മക്കള്‍ അത്രെ.11 ആ നമ്മുടെ മാതാപിതാക്കന്മാരുടെ അനുസരണത്തില്‍ നിന്നു വിട്ടു പൈശാചിക കൂട്ടത്തോടു ചേര്‍ന്ന് തോന്ന്യവാസ നടപടികളിലും വിശ്വാസതെറ്റിലും അഹങ്കരിച്ചുല്ലസിച്ചു നടപ്പാന്‍ ഒരിക്കലും ആരും മനസുവച്ചുപോകരുത്. നിങ്ങളുടെ മക്കളെ, അവര്‍ ദൈവത്തിന്‍റെ മക്കളായിത്തീരുവാന്‍ തക്കവണ്ണം അവരെ സത്യവിശ്വാസത്തിലും സത്യനടപടികളിലും ഭയഭക്തിയിലും അനുസരണത്തിലും സ്നേഹത്തിലും വളര്‍ത്തുവിന്‍. പള്ളിയില്‍ പട്ടക്കാര്‍ പ്രസംഗിക്കുന്നതു കൂടാതെ തിരഞ്ഞെടുത്തു കൈവെപ്പോടും കല്പനയോടും കൂടെ അയയ്ക്കപ്പെടുന്ന ഉപദേശികളെകൊണ്ടും12 പ്രസംഗം നടത്തിച്ചുകൊള്‍വീന്‍. അല്ലാതെ ഉപദേശികളെന്നു പറഞ്ഞു വരുന്ന മതവിരോധികളെക്കൊണ്ടും കല്പിക്കപ്പെട്ടിരിക്കുന്ന നോമ്പ്, നമസ്കാരം, കുരിശുവര, കുമ്പിടീല്‍, കുര്‍ബ്ബാന, കുമ്പസാരം, മാമോദീസാ, രോഗികള്‍ക്കുള്ള സൈത്തുപൂശല്‍13 മുതലായ കര്‍മ്മങ്ങളും, തംപുരാനെപെറ്റ അമ്മയോടും,14 പരിശുദ്ധന്മാരോടുമുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനകളും നിസ്സാരമെന്നു വച്ചു അവയെ ആദരിക്കാതെ നിന്ദിക്കുന്ന കള്ള ഉപദേഷ്ടാക്കളെക്കൊണ്ടും, പള്ളിയില്‍ വച്ചോ നിങ്ങളുടെ കൂട്ടത്തില്‍ വച്ചോ പ്രസംഗിപ്പിക്കയും, അവരുടെ ദുരുപദേശങ്ങളെ കേള്‍ക്കയും ചെയ്തുപോകരുത്. അങ്ങിനെയുള്ളവര്‍ വഞ്ചകന്മാരാകയാല്‍ അവര്‍ക്കു നിങ്ങളില്‍ സ്ഥലം കൊടുക്കയും അരുത്. എന്നാല്‍ ആരെങ്കിലും അനുസരണം വിട്ട് ഇതിന് എതൃത്ത് പ്രവര്‍ത്തിക്കുന്നതായി കാണപ്പെട്ടാല്‍ അവനെ നമ്മുടെ കൂട്ടത്തില്‍ അന്യനായി വിചാരിച്ചുകൊള്ളുകയും വേണം.

സര്‍വശക്തനായ ദൈവത്തിന്‍റെ കൃപയും വാഴ്വും നിങ്ങളെല്ലാവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. അതു കൃപ നിറഞ്ഞിരിക്കുന്ന മാതാവിന്‍റെയും സകല പരിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.

എന്ന്, 1897-ന് കൊല്ലം 1073 മകരം 23-ന് കല്ലുങ്കത്ര പള്ളിയില്‍ നിന്നും.

(ഒപ്പ്)

1. (പഴയ മലയാളം) 'യോഗമായി കാണുക' എന്നര്‍ത്ഥം.

2. യുസ്തസ് യൂസഫ് എന്ന തമിഴ് വംശജനായ സി. എം. എസ്. പാതിരി അഞ്ചര വര്‍ഷത്തിനകം 1881-ല്‍ കര്‍ത്താവിന്‍റെ രണ്ടാമത്തെ വരവുണ്ടാകുമെന്ന് പ്രവചനം നടത്തി. അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ ആകൃഷ്ടരായ അനേകം നസ്രാണികളും സി.എം.എസ്. സഭക്കാരും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു പുതിയൊരു സഭ സ്ഥാപിച്ചു. പ്രവചനപ്രകാരം ലോകം അവസാനിക്കാതെ ഇരുന്നതിനാല്‍ ഭൂരിപക്ഷവും അദ്ദേഹത്തെ വിട്ടുപോയി. ഇന്ന് യൂയോമയ സഭ എന്നറിയപ്പെടുന്നതും തോട്ടയ്ക്കാട്, മല്ലപ്പള്ളി തുടങ്ങിയ ഏതാനും പ്രദേശങ്ങളില്‍ മാത്രം അതീവ ന്യൂനപക്ഷ സഭയായി തുടരുന്നതുമായ വിഭാഗം ഈ പ്രസ്ഥാനത്തിന്‍റെ പിന്‍തുടര്‍ച്ചയാണ്. അഞ്ചരവേദക്കാര്‍ എന്ന് മറ്റുള്ളവര്‍ ഇവരെ വിളിക്കുന്നു (കൂടുതല്‍ വിവരങ്ങള്‍ക്ക് കാണുക ചാക്കോ, റവ. ഇ. ജെ., കേരളത്തിലെ ചില സ്വതന്ത്ര സഭകള്‍, തിരുവല്ല, സി.എസ്.എസ്., 1986).

3. യൂസ്തസ് യൂസഫാണ് വിദ്വാന്‍കുട്ടി. 'കന്നീറ്റ്' സഭയെന്നും ഈ പ്രസ്ഥാനം അറിയപ്പെട്ടിരുന്നു. 'തമിഴ് ഡേവിഡ്' എന്നാണ് ഇദ്ദേഹം അറിയപ്പെട്ടത്.

4. = ടമഹ്മശേീി അൃാ്യ. ഇംഗ്ലണ്ടില്‍ വില്യം ബുത്ത് സ്ഥാപിച്ച സംഘടന. കുര്‍ബാന, മാമോദീസാ, പൗരോഹിത്യം മുതലായ കൂദാശകള്‍ ഇല്ല. കരസേനയിലെ റാങ്കുകളാണ് സഭാ പ്രവര്‍ത്തകര്‍ക്കു നല്‍കുന്നത്. 1882-ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

5. യൂയോമയ മതത്തിന്‍റെ പെട്ടെന്നുള്ള വളര്‍ച്ചയും അതേ വേഗതയിലുള്ള തകര്‍ച്ചയും സൂചിതം. 

6. ഇക്കാലമായപ്പോഴേക്കും മാര്‍ ദീവന്നാസ്യോസ് പഞ്ചമന്‍റെ വിദ്യാഭ്യാസ വിപ്ലവം മൂലം തെക്കന്‍ ഇടവകകളിലെങ്ങും പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. അതിനാല്‍ ക്ലാസ്, പുറത്താക്കല്‍ എന്നീ വാക്കുകളൊക്കെ നസ്രാണികള്‍ക്ക് പരിചിതമായിരുന്നു.

7. സദൃ. 1:08.

8. (അരമായ) = ദൈവമക്കള്‍.

9. ഉല്പത്തി 6:2

10. ഇവിടെ വി. സഭയെയാണ് 'മാതാവ്' എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ക്രൈസ്തവ പാരമ്പര്യമാണ്.

11. ഉല്പത്തി 6:13 - 8:14.

12. ഇപ്രകാരം പലര്‍ക്കും പ. പരുമല തിരുമേനി പ്രസംഗത്തിനുള്ള അനുവാദം നല്‍കിയതിന് രേഖകള്‍ ഉണ്ട്.

13. സൈത്ത് ഒലിവെണ്ണയാണ്. മലങ്കരസഭയുടെ വി. കൂദാശകളില്‍ ഒന്നാണ് രോഗികളുടെ തൈലാഭിഷേകം. അതിനായി പ്രത്യേകം ശുദ്ധീകരിച്ച ഒലിവെണ്ണയാണ് ഉപയോഗിക്കുന്നത്.

14. വി. കന്യകമറിയാം.

No comments: