ലഭ്യമാവുന്ന പഴയ രേഖകളിലൊക്കെയും മിക്കവാറും കൊല്ലവർഷ (മലയാളവർഷം) ത്തിലാണ് തീയതികൾ കാണപ്പെടാറുള്ളത്. ഇപ്പോൾ കൊല്ലവർഷം ഉപയോഗത്തിൽ പരിമിതപ്പെട്ടിരിക്കുന്നതിനാലും പൊതു വർഷം (ക്രിസ്തുവർഷം -AD) പരക്കെ പ്രയോഗത്തിലിരിക്കുന്നതിനാലും കാലഗണന എളുപ്പമാക്കിത്തീർക്കുന്നതിന് കൊല്ലവർഷത്തിലുള്ള തീയതി പൊതുവർഷത്തിലേക്ക് മാറ്റി മനസ്സിലാക്കേണ്ടി വരുന്നുണ്ട്. ചരിത്രവിദ്യാർത്ഥികൾക്കാണ് ഇത് ഏറ്റവും പ്രയോജനകരമാവുന്നത്. ഓരോ നൂറ്റാണ്ടിലും കേരളത്തിലും ഇന്ത്യയിലും ലോകത്തു തന്നെയും നടന്ന ചരിത്രസംഭവത്തെ അടുക്കും ചിട്ടയോടും കൂടി മനസിൽ സൂക്ഷിക്കുന്നതിനും ചരിത്രവായനയ്ക്കിടയിൽ പെട്ടെന്നു തന്നെ ചരിത്രസംഭവങ്ങളെ കാലക്രമത്തെ അടിസ്ഥാനമാക്കി കൂട്ടിവായിക്കുന്നതിനും പൊതുവർഷമാണ് ഏറെ സ്വീകാര്യമായിരിക്കുന്നത്.
കൊല്ലവർഷത്തിലുള്ള തീയതിയും മാസവും വർഷവും കിട്ടിയാൽ പൊതുവർഷം കണ്ടെത്തുന്നതിന് 825 കൂട്ടുക എന്ന രീതിയാണ് ഉപയോഗിച്ചു വരുന്നത്. AD 825 ലാണ് കൊല്ലവർഷം ആരംഭിക്കുന്നത് എന്നതാണ് ഈ കണക്കുകൂട്ടലിന് ആധാരം. എന്നാൽ ആ രീതി പൊതുവായി അവലംബിക്കുന്നത് ശരിയല്ല. കാരണം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലെ ഒരു ദിവസമാണ് പരാമർശമെങ്കിൽ കൊല്ലവർഷത്തോടൊപ്പം 825 കൂട്ടിയാൽ അന്നത്തെ പൊതു വർഷം കിട്ടും. ഓഗസ്റ്റ് മാസത്തിൻ്റെ 15 മുതൽ 22 വരെയുള്ള തീയതികളിൽ എതെങ്കിലും ഒരു ദിവസമായിരിക്കാം ചിങ്ങമാസം ഒന്നാം തീയതി തുടങ്ങുന്നത്. അത് വർഷം തോറും മാറിക്കൊണ്ടിരിക്കുകയും ചെയ്യും. അതുകൊണ്ട് കൊല്ലവർഷത്തിലെ തീയതി പൊതുവർഷത്തിലേക്ക് മാറ്റുമ്പോൾ ചിങ്ങമാസത്തിലെ പ്രസ്തുത ദിവസങ്ങളാണ് എങ്കിൽ അതത് വർഷങ്ങളിലെ പഞ്ചാംഗം പരിശോധിക്കേണ്ടി വരും.
ജനുവരി മുതൽ ഓഗസ്റ്റ് പകുതി വരെയുള്ള കാലഘട്ടത്തിനിടയിലാണ് കണ്ടെത്തേണ്ട തീയതി എങ്കിൽ 825 കൂട്ടണം. ഓഗസ്റ്റ് പകുതി മുതൽ ഡിസംബർ വരെയുള്ള കാലഘട്ടത്തിനിടയിലാണ് എങ്കിൽ 824 കൂട്ടി പൊതുവർഷം (AD) കണ്ടെത്താം. അതായത് ചിങ്ങം മുതൽ മകരം വരെ 824 കൂട്ടണം. കുംഭം മുതൽ കർക്കിടകം വരെ 825 കൂട്ടണം.
തിരുവിതാംകൂറിലെ മാർത്താണ്ഡവർമ്മയുടെ സൈന്യം കോട്ടയം ആക്രമിച്ച് തെക്കുംകൂർ നാട്ടുരാജ്യം കൈവശപ്പെടുത്തിയത് AD 1749 ലാണെന്ന് ഞാൻ പല ലേഖനങ്ങളിലും എഴുതിയപ്പോൾ നിരവധി പേർ സംശയം ഉന്നയിക്കുകയുണ്ടായി. നിലവിൽ ലഭ്യമായ ചരിത്രഗ്രന്ഥങ്ങളിൽ പലതിലും 1750ലാണ് തെക്കുംകൂർ പതനം എന്നാണ് അച്ചടിച്ചുവന്നിരിക്കുന്നത്. കൊല്ലവർഷം 925 ലെ ഒരു ഓണക്കാലത്താണ് ഈ ആക്രമണം നടക്കുന്നത്, അതായത് സെപ്തംബർ 11ന് ശേഷം. 825 കൂട്ടുന്ന ശീലമുള്ളവർ 925 നോട് 825 കൂട്ടി 1750 എന്നങ്ങ് നിശ്ചയിച്ചു. എന്നാൽ പ്രസ്തുത സംഭവം ഓഗസ്റ്റ് പകുതിക്ക് ശേഷമാണെന്നതിൽ 824 ആണ് കൂട്ടേണ്ടത് എന്ന ചിന്ത അവരിലുണ്ടായില്ല. മതിലകം രേഖകളിൽ കൊല്ലവർഷം 925 മകരം 5 ന് ( AD1750 ജനുവരി 17) നടന്ന തൃപ്പടിദാനത്തെ പരാമർശിക്കുന്ന ഭാഗത്ത് കവണാർ (മീനച്ചിലാർ) വരെയും തിരുവിതാംകൂറിൻ്റെ അധീനതയിലായി എന്ന് സൂചിപ്പിക്കുന്നു. തെക്കുംകൂർ ആക്രമിച്ച് തിരുവിതാംകൂറിൽ ചേർത്തു എന്ന് സാരം. AD 1750 ജനുവരി മാസത്തിന് മുമ്പാണ് യുദ്ധമെന്ന് കരുതാം. സെപ്തംബർ മാസത്തിലാണെന്ന് വ്യക്തമാകുന്നുമുണ്ട്. അപ്പോൾ 925 നോട് 824 കൂട്ടി AD 1749 എന്നു തീർച്ചയായും നിശ്ചയിക്കാം.
ചില ഉദാഹരണങ്ങൾ ചേർക്കുന്നു:
ME 725 മീനം - AD 1550 മാർച്ച് /എപ്രിൽ
ME 828 മകരം 3 - AD1652 ജനുവരി 14 -18
ME 941 മകരം 5 - AD 1765 ജനുവരി 16-20
ME 994 ധനു 8 - AD1818 ഡിസംബർ 18-22
ME 997 കർക്കിടകം 3 - AD 1822 ജൂലൈ 14-18
ME 997 മകരം 8 - AD 1821 ജനുവരി 18-22
ME 1063 ഇടവം 10 - AD 1888 മെയ് 22,
ME 1064 കുംഭം 8 - AD 1889 ഫെബ്രു. 18
ME 1067 തുലാം 27 - AD 1891 നവം. 11
ME 1078 വൃശ്ചികം 7 - AD 1902 നവം 22.
ME 1083 തുലാം 17 - AD 1907 നവംബർ 2
(അവസാനത്തെ അഞ്ച് തീയതികൾക്ക് പഞ്ചാംഗം നോക്കി കൃത്യത വരുത്താനായി)
അതുപോലെ ചില ചരിത്രകാരന്മാർ പോലും അവരുടെ പ്രഭാഷണങ്ങളിൽ സ്ഥിരമായി വരുത്തുന്ന തെറ്റാണ് എത്രാമത് നൂറ്റാണ്ട് എന്നത്. ഇപ്പോൾ നാം ജീവിച്ചിരിക്കുന്നത് 21-ാം നൂറ്റാണ്ടിലാണ് എന്ന് എല്ലാവർക്കുമറിയാം. യഥാർത്ഥത്തിൽ AD 2001 ജനുവരി 1 മുതൽ 2100 ഡിസംബർ 31 വരെയാണ് 21-ാം നൂറ്റാണ്ട്. 2000 ജനുവരി ഒന്നിന് നാം 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിച്ചതായി ആഘോഷിച്ചു എങ്കിലും കാലഗണന വച്ച് 2001 ജനുവരി 1 നാണ് അത് ആഘോഷിക്കേണ്ടിയിരുന്നത്. കാരണം AD 1 മുതൽ 100 വരെയായിരുന്നു ഒന്നാം നൂറ്റാണ്ട് എന്നതുകൊണ്ട് . AD 0 മുതൽ1 വരെ ഒരു വർഷം ഉണ്ടായിരുന്നില്ലല്ലോ! 2101 ജനുവരി 1 മുതൽ 22-ാം നൂറ്റാണ്ട് ആരംഭിക്കും. AD 1947 ഇരുപതാം നൂറ്റാണ്ടിലാണെന്നും AD 1857 പത്തൊമ്പതാം നൂറ്റാണ്ടിലാണെന്നും ദേശീയസ്വാതന്ത്ര്യസമരത്തെ കുറിച്ച് പഠിക്കുമ്പോൾ നാം ഓർത്തുവയ്ക്കണം. AD 345 നാലാം നൂറ്റാണ്ടിലാണെന്നു AD 1341 പതിനാലാം നൂറ്റാണ്ടിലാണ്, മറിച്ച് പതിമൂന്നാം നൂറ്റാണ്ടിലല്ല എന്നും എപ്പോഴും ധരിച്ചു വച്ചിരിക്കണം.
(വിഷയവുമായി നേരിട്ടു ബന്ധമില്ലെങ്കിലും നമ്മുക്ക് തെറ്റു വരാവുന മറ്റൊന്നാണ് കെട്ടിടങ്ങളുടെ നിലകളെ എണ്ണിപ്പറയുന്നത്.
മലയാളത്തിൽ നാം പറയുന്ന മൂന്നുനിലയുള്ള കെട്ടിടം ഇംഗ്ലീഷിൽ അത് രണ്ടുനിലയും തറനിരപ്പിലെ ഭാഗവും ഉൾപ്പെട്ടതാണെന്നും അറിഞ്ഞിരിക്കണം. ലിഫ്റ്റിൽ കയറി 2 എന്നെഴുതിയ ബട്ടൺ അമർത്തിയാൽ മലയാളത്തിൽ നാം പറയുന്ന മൂന്നാം നിലയിൽ എത്തിച്ചേരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.)
No comments:
Post a Comment