മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റർ ആൻഡ് പബ്ലിഷറും, മുൻ മാനേജിങ് എഡിറ്ററുമായ തയ്യിൽ കണ്ടത്തിൽ മാമ്മൻ വർഗീസ് അന്തരിച്ച വാർത്ത കഴിഞ്ഞവർഷം മെയ് ഒന്നിന് ഒട്ടുമിക്ക പത്രങ്ങളിലുണ്ടല്ലോ. മനോരമയുടെ കണ്ടത്തിൽ കുടുംബത്തിലെ 'ഏതോ ഒരാൾ' എന്നു മാത്രമെ സാധാരണക്കാർ കരുതു; അതിനുപരിയായി അദ്ദേഹം അച്ചടിയുടെ അധുനികവല്ക്കരത്തിന് പൊതുവിലും മനോരമയുടെ സാങ്കേതിക മികവിനായി വിശേഷിച്ചും സംഭാവനകൾ നല്കിയ ആൾ എന്ന നിലയിലാണ് ഞാൻ ഇദ്ദേഹത്തെ കാണുന്നത്.
കണ്ടത്തിൽ മാമ്മൻ വർഗീസ്സിൻ്റെ ഒന്നാം ഓർമ്മദിനം ഇന്നലെയായിരുന്നു...
മനോരമയിലെ പ്രമുഖരായ മുതിർന്ന സാരഥികൾ 'തമ്പാച്ചായൻ' എന്നു വിളിക്കുന്ന മാമ്മൻ വർഗീസിന്റെ അമ്മയുടെ സഹോദരനായ കുന്നംകുളം എആർപി പ്രസ് ഉടമ പുലിക്കോട്ടിൽ ഇട്ടൂപ്പ് ഇട്ടൂപ്പായിരുന്നു, തിരുവതാംകൂറിൽ സർ സി.പി. നിരോധിച്ച് അടച്ചുപൂട്ടിയ (1938 സെപ്റ്റംബർ 9) മനോരമ പത്രം കുറെക്കാലം കുന്നംകുളത്തെ തന്റെ പ്രസിൽ അച്ചടിപ്പിച്ച് വിതരണം ചെയ്യുക എന്ന സാഹസിക ദൗത്യത്തിനു നേതൃത്വം നൽകിയത്. അതെ, ഒരു കാലത്ത് മഹാകവി വള്ളത്തോൾ മാനേജരായിരുന്ന എ. ആർ. പി. പ്രസ് തന്നെ..
1930 മാർച്ച് 22-ന് ജനനം; മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മൻ മാപ്പിളയുടെ പൗത്രനും കെ.എം. വർഗീസ് മാപ്പിളയുടെ പുത്രനുമാണ്. കുന്നംകുളം പുലിക്കോട്ടില് ജോസഫ് റമ്പാന്റെ സഹോദരി താണ്ടമ്മയാണ് മാതാവ്.
കോട്ടയം, മദ്രാസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ഓട്ടോമൊബീല് എന്ജിനീയറിങ് പഠനം.
1955-ൽ മനോരമയിൽ മാനേജരായി ചുമതലയേറ്റു .1965-ൽ ജനറൽ മാനേജരും 1973-ൽ മാനേജിങ് എഡിറ്ററുമായി. നിരവധി വിദേശ രാജ്യങ്ങളിൽ നിന്നും പത്രപ്രവർത്തനം, അച്ചടി, ബിസിനസ് എന്നിവയിൽ പരിശീലനം നേടിയിട്ടുണ്ട്.ന്യൂസ് പേപ്പർ മാനേജ്മെന്റിൽ ഇംഗ്ലണ്ടിലെ തോംസൺ ഫൗണ്ടേഷനിൽ പരിശീലനം നേടിയിട്ടുണ്ട്.
മലയാള ലിപി പരിഷ്കർത്താവായും അച്ചടിയുടെ രംഗത്തും അദ്ദേഹത്തിന്റെ ഇടപെടലിനെക്കുറിച്ച് പരിശോധിക്കാം.
ടൈപ്പ്റൈറ്ററിന്റെയും ലൈനോ ടൈപ്പ് യന്ത്രത്തിന്റെയും കീ ബോർഡിൽ ഒതുങ്ങും വിധം മലയാള ലിപികളുടെ എണ്ണം കുറയ്ക്കുകയും അതുവഴി അച്ചടിയുടെ ഗതിവേഗം കൂട്ടുകയും ഭാഷാപഠനം ലഘൂകരിക്കുകയും ചെയ്തയാൾ എന്ന നിലയിലായിരിക്കും ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുക.
അച്ചുനിരത്തലൊക്കെ കംപ്യൂട്ടർ ഏറ്റെടുത്ത ഇക്കാലത്ത് ഈ അക്ഷരലാഭത്തിന്റെയൊന്നും ആവശ്യമില്ലായിരിക്കാം. പക്ഷേ അതിനു മുൻപത്തെ മുപ്പതു വർഷങ്ങളിൽ മലയാളത്തിലെ പുസ്തക - ആനുകാലിക പ്രസാധനത്തിൽ കുതിച്ചുചാട്ടമുണ്ടായതും പത്രങ്ങൾ കൂടുതൽ സ്ഥലങ്ങളിൽനിന്ന് അച്ചടിച്ചു പ്രചാരം ദശലക്ഷങ്ങളിലേക്ക് ഉയർത്തിയതും. നമ്മുടെ മലയാളനാട് നൂറുശതമാനം സാക്ഷരത നേടിയതിന് അനുസരിച്ച് പ്രസാധന വ്യവസായം വിപുലീകൃതമായതും ഈ ലിപി പരിഷ്കരണത്തിന്റെ തേരിലേറിയാണ്.
മലയാള ലിപികളുടെ അല്പം ചരിത്രം കൂടി പരിരോധിക്കാം:
മലയാളം ആദ്യമായി അച്ചടിക്കാൻ (1772-ൽ റോമിൽ അച്ചടിച്ച 'സംക്ഷേപവേദാർത്ഥം')
റോമിൽ വേണ്ടിവന്നത് 1128 അച്ചുകളാണ്. കേരളത്തിലാദ്യമായി കോട്ടയത്ത് മലയാളം അച്ചടിക്കാവുന്ന പ്രസ് 1821-ൽ ആരംഭിച്ച ബെഞ്ചമിൻ ബെയ്‌ലി അച്ചുകളുടെ എണ്ണം അറുനൂറായി കുറച്ചു.
പഴയ ലറ്റർ പ്രസ് ഹാൻഡ് കമ്പോസിങ്ങ് അച്ചുകൾ നിരത്തി വയ്ക്കുന്ന മരത്തിന്റെ ചെറിയ കള്ളികൾ ഉള്ള തട്ട് (കംപോസിങ് പെട്ടി - കമ്പോസിങ്ങ് കേയ്സ്) കണ്ടിട്ടുള്ളവർക്ക് ഈ കാര്യം പെട്ടന്ന് ബോധ്യമാകും: കംപോസിറ്ററുടെ കയ്യെത്തും ദൂരത്ത് അച്ചുകളെല്ലാം ഉണ്ടെങ്കിലേ പത്രം സമയത്തിന് ഇറക്കാനൊക്കുകയുള്ളുവെന്നു മനസ്സിലാക്കിയ കണ്ടത്തിൽ വർഗീസ് മാപ്പിള 1888-ൽ എണ്ണം നൂറ്റിയിരുപതായി ചുരുക്കി. അതാണ് ഡോ. ശൂരനാടു കുഞ്ഞൻപിള്ള അധ്യക്ഷനായ സർക്കാർ സമിതി 1967- 70- കാലത്ത് തൊണ്ണൂറായി കുറച്ചത്.
ആ സമിതിയിൽ എൻ.വി. കൃഷ്ണവാര്യരെപ്പോലുള്ള ഭാഷാപണ്ഡിതന്മാരും പത്രാധിപന്മാരും ഉണ്ടായിരുന്നെങ്കിലും അച്ചടിയിലെ പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ച് അറിയാവുന്നവർ ഏതാനും ചിലർ മാത്രമായിരുന്നു: മാമ്മൻ വർഗീസ്, ചെന്നൈയിൽ ചേസൺസ് ടൈപ്പ് ഫൗണ്ട്റി ഉടമയായ അച്ചുനിർമാണ വിദഗ്ധൻ കെ.സി. ഏബ്രഹാം, ഗവ. പ്രസ് സൂപ്രണ്ട് കെ. സ്വാമിനാഥൻ, പുസ്തക പ്രസാധകൻ ഡി.സി. കിഴക്കെമുറി എന്നവർ ആ സംഘത്തിൽ പെടുന്നു. ഇവർ നാലുപേരുടെ കൂടി പ്രേരണ മൂലമാണ് അക്ഷരങ്ങൾ കുറയ്ക്കാൻ സമിതിയിലെ ഭാഷാപണ്ഡിതന്മാർ പോംവഴി കണ്ടെത്തിയത്.
ആയിരത്തിതൊള്ളായിരത്തി നാൽപതുകളിൽ കംപോസിങ് പെട്ടിക്ക് 324 കള്ളികളാണ് ഉണ്ടായിരുന്നത്; അച്ചടി കൂടുതൽ സുഗമമാക്കാൻ അച്ചുപെട്ടി പരിഷ്കരണത്തിൽ ഏർപ്പെട്ടു മാമ്മൻ വർഗീസ്. ആയിരത്തിതൊള്ളായിരത്തി അറുപതുകളിൽ ഈ കള്ളികൾ 180 ആയി കുറച്ചു; പത്രത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അക്ഷരങ്ങളേതൊക്കെയാണെന്നു കണ്ടുപിടിച്ചു. അന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ‘മ’ ആയിരുന്നുവെത്രേ. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അക്ഷരങ്ങൾ കംപോസിറ്ററുടെ കയ്യകലത്തിലും ‘ഋ’ പോലെ വല്ലപ്പോഴും വേണ്ടിവരുന്ന അക്ഷരങ്ങൾ ഏറെ അകലെയുമുള്ള അക്ഷര-അച്ചുപ്പെട്ടി സംവിധാനം ചെയ്യിച്ചു.
അതുപോലെ തന്നെ ലറ്റർ പ്രസ് ടൈപ്പ് സെറ്റിങ് മെഷീൻ ആയ 'ലൈനോ ടൈപ്പ് കമ്പോസിങ്ങ്' കലഹരണപ്പെടുന്ന കാലത്ത്, 1980-കളിൽ ഫോട്ടോ കമ്പോസിങ്ങിന് ഉതകുന്ന രീതിയിൽ മലയാളം ഫോണ്ടുകൾ വികസിപ്പിക്കുന്നതിന് മനോരമയിൽ നിന്ന് ഭാഷാ വിദഗ്ധന്മാരെ ബ്രിട്ടനിൽ ലൈനോടൈപ്പ് കമ്പനിയിൽ അയച്ച് മലയാളത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ ഫോണ്ട് തയ്യാറാക്കിയത്. ('മനോരമ ഫോണ്ട്' എന്നാണ് ലൈനോടൈപ്പ് നാമകരണം ചെയ്തത്.) ഞങ്ങളെപ്പോലുള്ളവരെ 1967 - 70 കാലത്ത് ഫോട്ടോ കമ്പോസിങ്ങിലേക്ക് ആകർഷിച്ചത് ഈ ഫോണ്ടിന്റെ ആകർഷണമാണ്.
കാൽനൂറ്റാണ്ടു കാലമേ മാമ്മൻ വർഗീസ് ജനറൽ മാനേജരായിരുന്നുള്ളുവെങ്കിലും കോട്ടയത്ത് ഒതുങ്ങി നിന്നിരുന്ന മനോരമ കോഴിക്കോട്ടും കൊച്ചിയിലും അച്ചടി തുടങ്ങിയത് അക്കാലത്താണ്.
ഐ ഇ എൻ എസ് പ്രസിഡൻ്റ്, എ ബി സി ചെയർമാൻ, എൽ ഐ സി ദക്ഷിണമേഖല ഉപദേശക സമതിയംഗം, ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി- വർക്കിംഗ് കമ്മിറ്റിയംഗം, മാങ്ങാനം മന്ദിരം ആശുപത്രി ചെയർമാൻ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2021 മെയ് 1-ന്, 91-ാം വയസ്സിൽ, കണ്ടത്തിൽ മാമ്മൻ വർഗീസ് അന്തരിച്ചു.
____________
ആർ. ഗോപാലകൃഷ്ണൻ | 2022 മേയ് 02
......................
അവലംബം: തോമസ് ജേക്കബ് ('അച്ചുകളും അക്ഷരപ്പെട്ടിയും നവീകരിച്ചയാൾ')