അവകാശവാദമായിട്ടല്ല, ചരിത്രത്തെളിവുകള്‍ സമര്‍ത്ഥിക്കുന്ന വസ്തുതയായിട്ടാണ് ഈ ഗ്രന്ഥത്തിന് ഒരു കാര്യം നിര്‍ദ്ദേശിക്കുവാനുള്ളത്. ആധുനിക കേരളത്തിന്റെ ആദ്യ നവോത്ഥാന നായകന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന് അഥവാ 'മലങ്കരയുടെ ദീവന്നാസ്യോസ് അഞ്ചാമന്' ആണ്. ഒരു ക്രൈസ്തവ സമൂഹത്തിന്റെ വൈദിക മേലദ്ധ്യക്ഷനായിരുന്നതുകൊണ്ട് പിന്നീട് വന്ന ചിലര്‍ക്ക് ആ മറവില്‍ ആളാകുവാന്‍ തട്ടിക്കൂട്ടിയ അവകാശവാദം എന്ന് ഇതിനെ തള്ളിക്കളയുവാന്‍ ഒത്തിരി കാരണങ്ങളും കാണും. څ
" 'ഇതുവരെയും ആരും പറയാത്ത കാര്യം'; 'ഒരു പുതിയ തമാശ' കലഹത്തിന് കുപ്രസിദ്ധി നേടിയ ഒരു കൂട്ടരുടെ 'ഏറ്റവും പുതിയ വങ്കത്തരം', 'അല്ല, ഇങ്ങനെയൊരു 'മഹാനെ'ക്കുറിച്ച് മെമ്പൊടിക്കുപോലും സാഹിത്യത്തിലോ ചരിത്രത്തിലോ പരാമര്ശിക്കാഞ്ഞതെന്ത്? ആട്ടെ, എന്താണ് ഇദ്ദേഹത്തിന്റെ "നവോത്ഥാന" സംഭാവന? ഏതു കാലത്താണദ്ദേഹം ജീവിച്ചത്? ഇതൊരു ഇറക്കുമതി പാതിരിയെ ചുറ്റിപ്പറ്റിയുള്ള "പുതിയ വിലപേശല്‍" എന്നല്ലാതെ എന്തു പറയുവാന്‍! ഏതോ 'നാമകരണ' നടപടിക്കായുള്ള പിന്നാമ്പുറ "പാതിരി" സാഹിത്യം!' "
ഇങ്ങനെ പലതും പറഞ്ഞേക്കാമെന്ന്, പ്രതീക്ഷിച്ചുകൊണ്ടുതന്നെ, ഒരു നിമിഷം ശ്രദ്ധിച്ചാലും എന്ന് സഹൃദയസമക്ഷം അപേക്ഷിക്കുന്നു. പ്രൊഫ. എ. ശ്രീധരമേനോന്, "കേരളവും സ്വാതന്ത്ര്യസമരവും"1 എന്ന ഗ്രന്ഥത്തില്‍, ശ്രീനാരായണഗുരുവിനെ "ആധുനിക കേരളത്തിന്റെ നവോത്ഥാനനായകന്‍' എന്നു വിശേഷിപ്പിക്കുന്നു. പ്രസ്തുത വിശേഷണത്തിന് പൊതുവില്‍ അംഗീകാരം ലഭിച്ചിട്ടുമുണ്ട്. ആ ആദ്ധ്യാത്മികതേജസ്, സാമൂഹ്യ വ്യതിയാനത്തിനും വിദ്യാപ്രബുദ്ധതയ്ക്കും ചാലകശക്തിയായി പരിണമിച്ച കഥയാണ് ആധുനിക കേരളത്തിനുള്ളത്. ശ്രീനാരായണഗുരു പൊതുരംഗത്ത് വന്നത് 1887-നോടുകൂടിയാണെന്നും, പ്രൊഫ. ശ്രീധരമേനോന്2 സൂചിപ്പിക്കുന്നു. എന്നാല്‍ 1887-നു മുമ്പുതന്നെ, അന്നത്തെ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും മലബാറിന്റെയും സാമൂഹ്യജീവിതവുമായി ഇടപെട്ട്, സാഹിത്യ, സാമുദായിക, ആദ്ധ്യാത്മിക മേഖലകളില്‍ കൃത്യമായ സംഭാവന ചെയ്ത വ്യക്തിയാണ്, "പുലിക്കോട്ടില്‍ കത്തനാര്" എന്നും, "മലങ്കര മെത്രാന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്" (1832-1909) എന്നും അറിയപ്പെടുന്ന ശുദ്ധ മലയാളി.
സാംസ്ക്കാരിക നവോത്ഥാനം, അക്ഷരവെളിച്ചത്തിലൂടെ എന്ന് ബോധ്യപ്പെട്ട അദ്ദേഹം, 1853-ല്‍ സ്വന്തമായി അച്ചടി3 ആരംഭിച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. 'നസ്രാണിദീപികയും,4 'മലയാളമനോരമയും'5 ആരംഭിക്കുന്നതിനു മുമ്പ്, 'കേരളം' എന്ന പേരു പോലും ഔദ്യോഗികമായി ഉണ്ടാകുന്നതിനു മുമ്പ്, "കേരളപതാക" എന്ന വര്‍ത്തമാനപത്രിക 1048 (1872) ചിങ്ങം ഒന്നു മുതല്‍ അദ്ദേഹം നടത്തി (എന്നാല്‍ ഇതേപേരില്‍ പിന്നീട് തുടങ്ങിയ പത്രത്തിനാണ് "കേരള സംസ്കാര ചരിത്രനിഘണ്ടു"വിലും മറ്റും സ്ഥാനം കിട്ടിയത്). 1880-1905 കാലഘട്ടത്തില്‍ ഇരുനൂറ്റിഅമ്പതോളം സ്കൂളുകളാണ് അദ്ദേഹം തുടങ്ങിയതും നടത്തിയതും.6 'എസ്.എന്‍.ഡി.പി',7 'എന്‍.എസ്.എസ്',8 'നമ്പൂതിരിയോഗക്ഷേമസഭ'9 മുതലായവ ആരംഭിക്കുന്നതിനു മുമ്പ്, സുറിയാനിക്രിസ്ത്യാനി അസോസ്സിയേഷനനും,10 മലങ്കര മഹാജനസഭയും,11 അഭിവൃദ്ധിനീ സംഘവും,12 ആത്മീകാഭിവൃദ്ധി സംഘങ്ങളും,13 ഒക്കെ സംഘടിപ്പിച്ച സാമുദായികാചാര്യനാണ് മാര്‍ ദീവന്നാസ്യോസ്. സ്വന്തം സമൂഹത്തിലൊതുങ്ങാത്ത, ഒരു സാമൂഹികദര്‍ശനത്തിന്റെ, അദ്ദേഹവുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളാണ് "നസ്രാണി ജാത്യൈക്യസംഘ"വും14 "മലയാളി മെമ്മോറിയല്‍"15 പ്രക്ഷോഭവും. ഇവയോടൊപ്പം താന്‍ പ്രധാനാദ്ധ്യക്ഷനായ സഭാസമൂഹത്തിന് സമഗ്രമായ പുരോഗതിയുടെ ശില്പചാരുത കാട്ടിയ ശില്പിയും ആയി അദ്ദേഹം. ഇതിലെല്ലാം ഉപരിയായി,രാഷ്ട്രീയ അടിമത്തമെന്ന ദുസ്ഥിതിയ്ക്കിടയില് ദേശീയ ചിന്തയും, വിദേശാധിപത്യത്തിനെതിരെ വിവേകപൂര്‍വ്വം പടപൊരുതുന്ന പൗരുഷവും, ഒരായുസ്സു മുഴുവനുമുള്ള അദ്ധ്വാനത്തിന്റെ വിജയ സന്ദേശമാക്കി നല്കുവാനും അദ്ദേഹത്തിനു കഴിഞ്ഞ ചരിത്രമാണ്, ആംഗ്ലിക്കന്‍ നവീകരണോപദേശത്തിനെതിരായും16 അന്ത്യോഖ്യന്‍ ലൗകികാധിപത്യശ്രമത്തിനെതിരെയും17 അദ്ദേഹത്തിന്റെ അഹിംസാ സമരങ്ങള്‍ക്കുള്ളത്.
ഈ വസ്തുതകളുടെ ആഴത്തിലേക്കുള്ള പരിചിന്തനത്തിന്റെ ഭാഗമാണ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസിന്റെ ദേഹവിയോഗശതാബ്ദിരേഖ. ഇത്, ഭാരതത്തിലെ ദേശീയസഭയും, പൗരാണിക മാര്‍ത്തോമ്മന്‍ പൈതൃകത്തിന്റെ നേരവകാശവുമുള്ള, മലങ്കര ഓര്‍ത്തഡോക്സ് സഭ ചരിത്രാന്വേഷികളോട് നടത്തുവാനുള്ള ഒരു ആഹ്വാനത്തിന്റെ ഭാഗമാണ്. എന്താണ് ആ ആഹ്വാനം? ചരിത്രസത്യങ്ങളെ മതത്തിന്റെയും സഭാവിഭാഗീയതയുടെയും, ഭൂരിപക്ഷ, ന്യൂനപക്ഷ ചിന്തയുടെയും മൂടുപടത്തിലൂടെ നോക്കാതെ, നേരുനേരായി നേരോടെ നോക്കുവാനുള്ള ആഹ്വാനമാണത്. അപ്രകാരം നോക്കുമ്പോള്‍, ശ്രീ നാരായണഗുരുവും18 ശ്രീ ചട്ടമ്പിസ്വാമികളും19 ശ്രീ അയ്യങ്കാളിയും20 ശ്രീ വാഗ്ഭടാനന്ദഗുരുവും21 അറിഞ്ഞോ അറിയാതെയോ ആവേശം ഉള്‍ക്കൊണ്ട വികസനദര്ശനമായിരുന്നു പുലിക്കോട്ടില്‍ ജോസഫ് ദീവന്നാസ്യോസിന്റേത് എന്ന് ബോധ്യപ്പെടും. ഭാരതത്തിന്റെ സമകാലീന നവോത്ഥാന വീചികളോട് മലയാളക്കരയെയും സമരസപ്പെടുത്തിയ ഒരു നിയോഗം മാര്‍ ദീവന്നാസ്യോസില്‍ പൂര്‍ത്തീകരിക്കപ്പെട്ടു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധവും ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധവും ഭാരതത്തിന്റെ സാംസ്ക്കാരിക നവോത്ഥാന കാലഘട്ടമായിരുന്നു. രാജാറാം മോഹന്‍ റോയി22 തുടക്കം കുറിച്ച ബ്രഹ്മസമാജം, സ്വാമി ദയാനന്ദ സരസ്വതി23 ആരംഭിച്ച ആര്യസമാജം, ശ്രീരാമകൃഷ്ണപരമഹംസരില്24 നിന്ന് ആവേശം ഉള്‍ക്കൊണ്ട് സ്വാമി വിവേകാനന്ദനില്‍25 ചരിത്രം കുറിച്ച രാമകൃഷ്ണമിഷനും ഒക്കെ പ്രതിനിധാനം ചെയ്ത ഒരു സാംസ്ക്കാരിക നവോത്ഥാനത്തിന്റെ നിറക്കൂട്ടിലേക്കാണ് മാര്‍ ദീവന്നാസ്യോസിന്റെ പങ്കും വന്നുചേര്‍ന്നത്. കാരണം അന്നത്തെ മലയാളക്കരയില്‍ നവോത്ഥാനമെന്നു പറഞ്ഞാല്‍ അതിനു വരാന്‍ ഇംഗ്ലീഷ് മിഷണറിമാരില്‍ കൂടിയേ മാര്‍ഗ്ഗമുള്ളൂ എന്നു വിചാരിച്ചിടത്താണ്, ഒരു തനി മലയാളിയില്‍കൂടി അതേ, മാര്‍ ദീവന്നാസ്യോസില്ക്കൂടി, നവോത്ഥാനം മറ്റൊരു രീതിയില്‍ കടന്നുവന്നത്. നവോത്ഥാനം നവീകരണസഭാവിശ്വാസത്തിലൂടെയേ വരൂ എന്നു ധരിച്ചുപോയതാണ് പാലക്കുന്നത്ത് ഏബ്രഹാം മല്പാന്റെയും മറ്റും പരാജയം. ഇവിടെയാണ്, മാര്‍ ദീവന്നാസ്യോസിലെ ക്രൈസ്തവസ്വത്വബോധം, സ്വന്തം സഭാപാരമ്പര്യത്തിലെ ഒരു നവോത്ഥാനധാരയെ വെട്ടിത്തുറന്നത്. അതിലൂടെയാണ് കേരളനവോത്ഥാനനായകന്, സഭാനവോത്ഥാനശില്പിയായി രംഗപ്രവേശം ചെയ്യുന്നത്.
ഒരു നവോത്ഥാന വീക്ഷണ തിരുത്തല്‍ നവോത്ഥാനത്തില്ക്കൂടെത്തന്നെ രൂപപ്പെടുത്തുവാനുള്ള നിയോഗമാണ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന് ഏറ്റെടുക്കുന്നത്. സഭയ്ക്ക് കുടുംബവാഴ്ചയില്‍ നിന്നും, മെത്രാന്റെ ഏകനായകത്വഭരണത്തില്നിന്നും മാറ്റം ഉണ്ടാകണമായിരുന്നു. സഭ ആത്മീയപ്രസ്ഥാനങ്ങള്‍ക്കും, സുവിശേഷപരമായ പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കണമായിരുന്നു. സഭാഭരണസംവിധാനത്തില്‍ എപ്പിസ്ക്കോപ്പസിയും ജനായത്തരീതിയും സമന്വയിക്കപ്പെടണമായിരുന്നു. അക്ഷരസംസ്കാരവും മാധ്യമപ്രവര്‍ത്തനവും മാതൃഭാഷാപോഷണവും മുന്‍ഗണനയര്‍ഹിക്കുന്ന വിഷയങ്ങളായിരുന്നു. സഭാപരമായ അതിര്‍വരമ്പുകള്‍ക്കപ്പുറത്തേക്ക് പരസ്പരസഹകരണം വ്യാപിക്കണമായിരുന്നു. ഒരു വരേണ്യവര്‍ഗ്ഗത്തിന്റെ "സമുദായ", 'സഭാ' പരിഗണനകളില്‍ നിന്നും ഉയര്‍ന്ന് ഒരു അഖിലഭാരത, ആഗോള ദര്‍ശനത്തിലേക്ക് ഉയരാന്‍ തുടങ്ങണമായിരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ മാത്രം ആരംഭിച്ചതെങ്കിലും, വളരെ വേഗത്തില്‍ വളര്‍ന്നുവന്ന അന്ത്യോഖ്യന്‍ സഭയുമായുള്ള സജീവബന്ധം, ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധത്തില്‍ സംരക്ഷിക്കപ്പടണമായിരുന്നു. പ്രത്യേകിച്ച് നവീകരണ അതിപ്രസരത്തെ ചെറുക്കാന്‍. ഇതിനൊക്കെ സജ്ജമായ ഒരു ജനനേതാവിനെയാണ് പുലിക്കോട്ടില്‍ ജോസഫ് ദീവന്നാസ്യോസ് രണ്ടാമനില്‍ നാം കാണുന്നത്. ആ വ്യക്തിത്വത്തിന്റെ ആമൂല്യ സംഭാവനകളുടെ പതിനാറ് ഏടുകള്‍ ഒന്ന് വേഗത്തില്‍ മറിച്ചു നോക്കാം.
1. സഭയ്ക്ക് സംഘടനാപരമായ കര്മ്മതേജസ്സ്
മലങ്കരയില്‍ തക്കസമയത്ത് എഴുന്നെള്ളിവന്ന അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പത്രോസ് തൃതീയന്‍ ഉള്ളിലെന്തു ലക്ഷ്യം വച്ച് നടപ്പിലാക്കിയതാണെങ്കിലും, സഭയ്ക്ക് പ്രയോജനപ്പെട്ട ഒരു സംഘടനാസംവിധാനത്തിന് മുഖാന്തിരമായി. ഒരു ഭരണഘടനാരൂപത്തിനുള്ളില് ഇടവകകളെ കോര്‍ത്തിണക്കിയും, ഇടവകജനങ്ങളെ പങ്കാളികളാക്കിയും, അധികാര വികേന്ദ്രീകരണത്തിന്റെയും ജനാധിപത്യശൈലിയുടെയും ഒരു ഭരണസംവിധാനത്തിന്റെ ആവശ്യകത നേരത്തെതന്നെ മലങ്കര മെത്രാപ്പോലീത്തായായിരുന്ന മാര്‍ ദീവന്നാസ്യോസിനും ബോധ്യപ്പെട്ടു. ഇതിലേക്ക് നയിച്ച ഭരണഘടനാപരമായ ആദ്യരൂപങ്ങളെ 1873-ലെ പരുമല പടിയോല, 1876-ലെ മുളന്തുരുത്തി സുന്നഹദോസ് ചട്ടങ്ങളും തീരുമാനങ്ങളും, 1877-ലെ വെളിയനാട് സുന്നഹദോസ് തീരുമാനങ്ങളും വ്യക്തമാക്കുന്നു. അവയിലൂടെ അതിബ്രഹത്തായ ഒരു സഭാപാര്ലമെന്റ് ആയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസ്സിയേഷനും, സഭാ മാനേജിംഗ് കമ്മിറ്റിയും യാഥാര്ത്ഥ്യങ്ങളാക്കുവാന് മാര്‍ ദീവന്നാസ്യോസിനു കഴിഞ്ഞു. ഏതാണ്ട് സമ്പൂര്‍ണ്ണ സ്വതന്ത്രങ്ങളായിരുന്ന ഇടവകകളെ പരസ്പരബന്ധത്തിന്റെ സംവിധാനത്തില്‍ കോര്‍ത്തിണക്കിയ മഹാപ്രതിഭയെന്ന സ്ഥാനം മാര്‍ ദീവന്നാസ്യോസിനു മാത്രം അവകാശപ്പെടാം.
2. ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ ശക്തീകരണം
സഭയുടെ ആന്തരിക ചൈതന്യം ആത്മീയ പ്രസ്ഥാനങ്ങളാണെന്ന ഉള്ക്കാഴ്ചയുണ്ടായിരുന്നതിനാലാണ്, മാര്‍ ദീവന്നാസ്യോസിന്റെ കാലത്ത് സഭയില്‍ സംഘടിതമായ സണ്ടെസ്ക്കൂള്‍, യുവജന-വിദ്യാര്‍ത്ഥിപ്രസ്ഥാനം, വൈദികസംഘം എന്നിവ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയത്.
3. വിദ്യാഭ്യാസ പരിപോഷണം
മാര്‍ ദീവന്നാസ്യോസിന്റെ ഉത്സാഹത്തിലും, അദ്ധ്വാനത്തിലും, സ്വാധീനത്തിലും ആണ് മലങ്കരസഭയ്ക്ക് ഒരു വിദ്യാഭ്യാസമിഷന്‍ കാര്യമായിട്ടുണ്ടായത്. തിരുവിതാംകൂറിലും, കൊച്ചിയിലുമായി ഇരുനൂറില്പരം പ്രൈമറി സ്കൂളുകളും, മൂന്ന് ഇംഗ്ലീഷ് ഹൈസ്ക്കൂളുകളും, രണ്ട് പെണ്‍പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടു. പ്രൈമറി സ്കൂളുകള്‍ക്കു പലതിനും സര്‍ക്കാര്‍ ഗ്രാന്റ് ലഭ്യമാക്കാനും അദ്ദേഹത്തിന്റെ സ്വാധീനം സാധ്യമായി. മേല്പറഞ്ഞ, ഹൈസ്കൂളുകളില്‍ ഇന്നും പ്രതാപത്തോടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളാണ് കോട്ടയം എം.ഡി. സെമിനാരി, കുന്നംകുളം മാര്‍ ഇഗ്നാത്തിയോസ്, തിരുവല്ല എം.ജി.എം. എന്നിവ.
4. വൈദിക പരിശീലനത്തിന് വ്യവസ്ഥാപിത ക്രമീകരണങ്ങള്‍
മല്പാന് പാഠശാലകളില്‍ നിന്ന് മാറ്റംവരുത്തി കോട്ടയം സെമിനാരിയില്‍, പുലിക്കോട്ടില്‍ ഒന്നാമന് തിരുമേനി തുടങ്ങിയ വൈദിക പരിശീലനം, പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവന്ന കാലഘട്ടമായിരുന്നു രണ്ടാമന് മെത്രാനായിരുന്നപ്പോള്‍. മാര്‍ ദീവന്നാസ്യോസ് വൈദികരുടെ നേതൃത്വത്തിലുള്ള പൊതുവിദ്യാഭ്യാസകേന്ദ്രങ്ങളെയും 'സെമിനാരി' എന്നു വിളിക്കുന്ന കാലത്ത്, പഴയസെമിനാരി കൂടാതെ, കുന്നംകുളം, കോട്ടയം (എം. ഡി. സെമിനാരി), മാവേലിക്കര, പരുമല, ആലുവ എന്നിവിടങ്ങളില്‍ വൈദികപരിശീലനത്തിനുതന്നെ സെമിനാരികള്‍ നടത്തുവാന്‍ വേദിയൊരുക്കിയ മാര്‍ ദീവന്നാസ്യോസ് ഒരു വലിയ ദര്‍ശനത്തെയാണ് തുറന്നുതരുന്നത്. വീണ്ടും മല്പാന് ഭവനങ്ങളിലേക്ക് മടങ്ങുന്ന വൈദികപരീശീലനരീതിക്ക് പ്രതിരോധം ഏര്‍പ്പെടുത്തുവാന്‍ അദ്ദേഹത്തിന് അങ്ങനെ കഴിഞ്ഞു.
5. മാധ്യമ, സാഹിത്യ, അച്ചടി, പരിപോഷണം
വൈദികനായിരിക്കുമ്പോള്‍ തന്നെ മലയാളത്തിലും, ഇംഗ്ലീഷിലും, സുറിയാനിയിലും, അച്ചടി നടത്തുവാന്‍ ഉള്ള പ്രിന്റിംഗ് പ്രസ് - ദര്‍ശനം അദ്ദേഹത്തിനുണ്ടായിരുന്നു. അത് കുന്നംകുളത്ത് ആരംഭിച്ചത് പിന്നീട് കൊച്ചിയിലും കോട്ടയത്തും വ്യാപിപ്പിച്ചു. ആരാധനക്രമങ്ങളും, മറ്റു പ്രസിദ്ധീകരണങ്ങളും അവയില്‍ അച്ചടിപ്പിച്ചു.
കേരള സംസ്കാരിക നവോത്ഥാനത്തിനായി "കേരള പതാക" എന്ന പത്രവും, സഭാകാര്യങ്ങള്‍ക്കായി "ഇടവകപത്രിക"യും, സുവിശേഷപ്രചാരണത്തിന് "സുറിയാനി സുവിശേഷകനും" അദ്ദേഹം ആരംഭിച്ചതും, "നസ്രാണി ദീപിക", "മലയാള മനോരമ" എന്നീ പത്രങ്ങള്‍ ആരംഭിക്കുന്നതില്‍ പരോക്ഷവും പ്രത്യക്ഷവുമായ പങ്കു വഹിച്ചതും "ഭാഷാപോഷിണി"യുടെ ഭാഷാ സേവനത്തില്‍ പങ്കുചേര്‍ന്നതും ഈ മേഖലയില്‍ അദ്ദേഹത്തിന്റെ ദീര്ഘവീക്ഷണത്തിനുദാഹരണമാണ്.
6. നാട്ടുഭാഷയില്‍ ആരാധനാ പ്രോത്സാഹനം
സുറിയാനിയില്‍ നമസ്ക്കാരങ്ങളും, കുര്‍ബ്ബാനയും, മറ്റ് കൂദാശാനുഷ്ഠാനങ്ങളും നിര്‍വ്വഹിച്ചിരുന്ന ഒരു കാലഘട്ടത്തെ അര്‍ത്ഥം മനസ്സിലാക്കുന്ന ആരാധനാകാലഘട്ടത്തിലേക്ക് നയിക്കുവാന്‍ മാര്‍ ദീവന്നാസ്യോസ് പ്രോത്സാഹനം നല്കി. അതിനായി ആരാധനക്രമങ്ങളും, പ്രാര്‍ത്ഥനാപുസ്തകങ്ങളും, കുര്‍ബ്ബാന തക്സായും പരിഭാഷപ്പെടുത്തുവാനും, അവ അച്ചടിച്ച് പ്രചരിപ്പിക്കുവാനും അദ്ദേഹം മുന്‍കൈയെടുത്തു. അതിന്റെ തുടര്‍ച്ചയാണ് "ആരാധന നാട്ടുഭാഷയില്‍" എന്ന പ്രസ്ഥാനത്തിലൂടെ മൂക്കഞ്ചേരില്‍ എം. പി. പത്രോസ് ശെമ്മാശ്ശനും മറ്റും നിര്‍വ്വഹിച്ചത്.
7. അത്മായ പങ്കാളിത്ത പ്രാമുഖ്യം
സഭാസ്നേഹികളും, ത്യാഗധനരുമായ ഒരു കൂട്ടം അത്മായ നേതാക്കളെ ചേര്‍ത്തുനിര്‍ത്തി സഭയ്ക്ക് നേതൃത്വം കൊടുക്കുവാന്‍ മാര്‍ ദീവന്നാസ്യോസ് യത്നിച്ചു. അവരില്‍ ചിലര്‍ മാത്രമാണ്, കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിളയും, കെ. സി. മാമ്മന്‍ മാപ്പിളയും, ഇടവഴിക്കല്‍ ഇ. എം. ഫിലിപ്പോസും, എം. എ. ചാക്കോയും ഒക്കെ. മാമ്മന്‍ മാപ്പിളയുടെയും, ഇ. എം. ഫിലിപ്പോസിന്റെയും മാര്‍ ദീവന്നാസ്യോസിനെക്കുറിച്ചുള്ള അനുസ്മരണകള്‍, പുളകം അണിയിക്കുന്നതാണ്.
8. നസ്രാണി, സമുദായ ഐക്യപ്രസ്ഥാന പ്രവര്‍ത്തനം
ഒരുകാലത്ത് ഒന്നിച്ചു കഴിഞ്ഞവരും, സമീപകാലം വരെ സാമൂഹ്യസാംസ്കാരിക ബന്ധങ്ങളില്‍ പൊതുസമ്പ്രദായങ്ങള് പുലര്ത്തിയവരുമായ നസ്രാണി-കത്തോലിക്കരും, മലങ്കരസഭയിലെ നസ്രാണികളും വീണ്ടും ഒന്നിച്ചു നില്ക്കുവാനുള്ള ഒരു സംരംഭമായിരുന്നു മാര്‍ ദീവന്നാസ്യോസും നിധീരിക്കല്‍ മാണിക്കത്തനാരും ചേര്‍ന്ന് "നസ്രാണി ജാതൈക്യ" സംഘമായി ആരംഭിച്ചത്. അഭ്യസ്തവിദ്യരായ എല്ലാ മലയാളികള്‍ക്കും അക്കൂട്ടത്തില്‍ മലങ്കര നസ്രാണികള്‍ക്കും സര്‍ക്കാര്‍ നിയമനങ്ങളില്‍ നീതിപൂര്‍വ്വമായ പരിഗണന ലഭിക്കുവാനുള്ള "മലയാളി മെമ്മോറിയല്‍" മെമ്മോറാണ്ടം 1891-ല്‍ തിരുവിതാംകൂര്‍ രാജാവ് ശ്രീമൂലം തിരുനാളിനു നല്‍കിയതിനോട് സഹകരിച്ചപ്പോഴും പിന്നീട് അതിനു ലഭിച്ച മറുപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോട്ടയത്തു യോഗം കൂടിയപ്പോഴും ഈ സാമുദായിക ഐക്യചിന്ത മാര്‍ ദീവന്നാസ്യോസില്‍ ഉണ്ടായിരുന്നു.26
9. യാത്രാവിവരണ-സാഹിത്യ സേവനം
1864-ല്‍ മെത്രാന്‍സ്ഥാനം സ്വീകരിക്കുവാനായി നടത്തിയ ശീമയാത്രയുടെ വിവരണം മാര്‍ ദീവന്നാസ്യോസ് എഴുതുകയുണ്ടായി. മലയാളത്തിലെ രണ്ടാമത്തെ യാത്രാവിവരണമാണത്. "ഒരു പരദേശയാത്രയുടെ കഥ', പത്തൊമ്പതാം നൂറ്റാണ്ടിലെ മലയാളഭാഷയുടെ ഉജ്ജ്വല ദൃഷ്ടാന്തമാണ്.
10. സന്യാസപ്രസ്ഥാന പരിപോഷകന്‍
മലങ്കരസഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ദയറാ രൂപപ്പെടുന്നത് മാര്‍ ദീവന്നാസ്യോസിന്റെ കാലത്താണ്. വെട്ടിക്കല്‍ കുരിശുപള്ളി മുളന്തുരുത്തി ഇടവക മാര്‍ ദീവന്നാസ്യോസിനു എഴുതിക്കൊടുത്തു. അങ്ങനെ വെട്ടിക്കലില്‍ ദയറാ സ്ഥാപിതമായി. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ, ചാത്തുരുത്തി ഗീവര്‍ഗ്ഗീസ് കോറെപ്പിസ്ക്കോപ്പായെ (പിന്നീട് പരിശുദ്ധ പരുമല തിരുമേനി) റമ്പാന് സ്ഥാനം നല്കി അവിടെ താമസിപ്പിച്ചു.
11. ഭിന്നിക്കാവുന്നവയെ ചേര്‍ത്തുപിടിച്ച മഹാസഹകാരി
പാത്രിയര്‍ക്കീസിനെ പിണക്കാതെ, പുതിയ മെത്രാന്മാരെ ഭിന്നിപ്പിക്കാതെ, അത്മായ പ്രമുഖരെയും, രാഷ്ട്രീയ അധികാരികളെയും സന്തുഷ്ടരാക്കി, ക്നാനായ സമൂഹത്തെ സഭയുടെ മുഖ്യധാരയില്‍ കരുതിക്കൊണ്ട്, ഒരു സമൂഹത്തിന് "സഹകരണ" സമ്മാനം നല്കിയ പുഞ്ചിരിയെ മറക്കുവാനാര്ക്കാണ് കഴിയുക?!
12. സഭയുടെ ബാഹ്യകേരള ദൗത്യസമാരംഭം
കൊങ്കിണി ഭാഷക്കാരുടെയും, അമേരിക്കക്കാരുടെയും ഒക്കെ അടിയന്തിര ആത്മീയ സേവനത്തിനായി തീരുമാനങ്ങള്‍ എടുത്തു നടപ്പിലാക്കിയ കര്‍മ്മശേഷിയുടെ ഉദാഹരണങ്ങളാണല്ലോ, 1889-ല്‍ അല്‍വാറീസ് യൂലിയോസ് മെത്രാപ്പോലീത്തായേയും 1892-ല്‍ റെനി വിലാത്തി തീമോത്തിയോസ് മെത്രാപ്പോലീത്തായേയും വാഴിച്ചത്. നേരിട്ടു പട്ടംകൊട ശുശ്രൂഷ നടത്തിയില്ലെങ്കിലും, യുക്തമായ തീരുമാനം മലങ്കര മെത്രാപ്പോലീത്താ എന്ന നിലയില്‍ എടുക്കുവാന്‍ മാര്‍ ദീവന്നാസ്യോസ് ശ്രദ്ധിച്ചു.
13. നവീകരണ കുത്തൊഴുക്കിനെ ഫലപ്രദമായി തടഞ്ഞു
രാജകീയ വിളംബരത്തിന്റെയും, ഇംഗ്ലീഷ് മിഷണറി പിന്തുണയുടെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും പിന്‍ബലത്തില്‍ സഭയെ നവീകരണ വിശ്വാസത്തിലേക്ക് നയിക്കുന്ന സാഹചര്യം ഭയാനകമായിരുന്നു. ഈയവസരത്തിലാണ്, ഘട്ടംഘട്ടമായി നവീകരണ പ്രഹേളികയില്‍നിന്ന് സഭയെ മോചിപ്പിക്കുന്ന കര്‍മ്മപദ്ധതി മാര്‍ ദീവന്നാസ്യോസ് വിജയകരമായി പൂര്‍ത്തിയാക്കിയത്. പ്രധാനപ്പെട്ട പള്ളികള്‍ ഓരോന്നിനായിട്ട് കേസു നടത്തി, വിജയിപ്പിച്ച പോരാട്ടത്തിലാണ് അദ്ദേഹം തെറ്റുധരിക്കപ്പെട്ടതും.
14. പുതിയ ഇടവകകളുടെ സമാരംഭം
പ്രാചീന ഇടവകകളെ സഭയില്‍ ചേര്‍ത്തു നിര്‍ത്തിയും, പുതിയ ഇടവകകളെ സമാരംഭിച്ച് സഭയുടെ വികസനം നിര്‍വ്വഹിക്കുവാനുള്ള ഒരു ചരിത്രനിയോഗം മാര്‍ ദീവന്നാസ്യോസ് പൂര്‍ത്തിയാക്കി. ഇന്ന് സഭയില്‍ മഹാഇടവകകളും, കത്തീഡ്രലുകളും, വലിയപള്ളികളുമായി അറിയപ്പെടുന്നവ പലതും മാര്‍ ദീവന്നാസ്യോസിന്റെ അനുമതിയിലും ആശീര്‍വാദത്തിലും ആരംഭിച്ചവയാണ്.
15. ഭാവി ഭാഗധേയ ശില്പികളെ കണ്ടെത്തി
പരുമല തിരുമേനി, വട്ടശ്ശേരില്‍ തിരുമേനി മുതലായ പരിശുദ്ധ പിതാക്കന്മാരെ സഭയുടെ പൊതുവായ സേവന സരണിയിലേക്ക് കൊണ്ടുവരുവാനും, വിശ്വസിച്ച് ഏല്പിക്കുവാനും ഉള്ള ദര്‍ശനം മാര്‍ ദീവന്നാസ്യോസിനുണ്ടായി. മൂക്കഞ്ചേരില്‍ പത്രോസ് സഭാസേവനത്തിനായി തന്നെത്തന്നെ പ്രതിഷ്ഠിച്ചു എന്നു കേട്ടപ്പോള്‍, "പത്രോസ് നല്ല പങ്കിനെ തിരഞ്ഞെടുത്തു" എന്ന് സ്വകാര്യ കല്പനയില് മാര്‍ ദീവന്നാസ്യോസ് എഴുതിയത്, സമര്‍പ്പിതരായ സഭാശുശ്രൂഷകരെ കണ്ടെത്താനുള്ള ഒരു സ്ഥിരം അന്വേഷണത്തിന്റെ ഭാഗമായിട്ടാണ്.
16. സുവിശേഷ പ്രവര്‍ത്തനത്തിന്റെ പ്രോത്സാഹനം
വിജാതീയ മിഷന് പ്രവര്‍ത്തനത്തിന് മലങ്കരസഭ ശ്രദ്ധിക്കുന്നത് മാര്‍ ദീവന്നാസ്യോസിന്റെ കാലത്ത് അദ്ദേഹത്തിന്റെ പ്രോത്സാഹനത്തോടെയാണ്. അങ്ങനെയാണ് ചാത്തുരുത്തി ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രീഗോറിയോസും (പരുമല തിരുമേനി), മൂക്കഞ്ചേരില്‍ വലിയ ഗീവര്‍ഗീസ് റമ്പാനും, സ്ലീബാശെമ്മാശനും, കോനാട്ട് മാത്തന് മല്പാനും, കണിയാന്ത്ര നൈനാന് കത്തനാരും, മുറന്തൂക്കില്‍ മാത്തു കത്തനാരും, പിന്നീട് മൂക്കഞ്ചേരില്‍ പത്രോസ് റമ്പാനും ഒക്കെ ഈ മേഖലയെ ഗൗരവമായി കൈകാര്യം ചെയ്യാനിടയായതും അനേകം അധഃസ്ഥിതര്‍ക്ക് മാനവീയതയുടെ പുത്തന്‍ വെളിച്ചം കാണാന്‍ കഴിഞ്ഞതും.
(യുഗതേജസ് എന്ന ഗ്രന്ഥത്തില്‍ നിന്നും)