Thursday, September 6, 2018

ജോസഫ് ഫെന്‍ (ചാത്തു മേനോന്‍) എഴുതിയ അജ്ഞാനകുഠാരം / ഫാ. ഡോ. ജോസഫ് ചീരന്‍

മിഷണറിമാരുമായുള്ള ബന്ധവും സംസര്‍ഗ്ഗവും സഭാ രംഗത്തുണ്ടാക്കിയ പ്രതിസന്ധികളെക്കുറിച്ചുള്ള പരാമര്‍ശങ്ങളല്ലാതെ, ആ ബന്ധം കേരളത്തിന്‍റെ സാംസ്കാരിക രംഗത്തുണ്ടാക്കിയ സ്വാധീനങ്ങള്‍ വേണ്ടത്ര ശ്രദ്ധയോടെ പഠിക്കപ്പെട്ടുവോ എന്ന് സംശയമുണ്ട്. ഒരു മതപരിവര്‍ത്തനവും തത്ഫലമായുണ്ടായ ഒരു കിളിപ്പാട്ട് കൃതിയും സ്ഥാലീപുലാകന്യായേന ഈ പരിതഃസ്ഥിതിയില്‍ അപഗ്രഥനം ചെയ്യുകയാണ്.

എ.ഡി. 1778-ല്‍ ബ്രിട്ടീഷ് മലബാറില്‍ ഒറ്റപ്പാലം വില്ലേജില്‍ ചുനങ്ങാട് അംശത്തില്‍ ഒരു സവര്‍ണ്ണ കുടുംബത്തില്‍ ജനിച്ച ചാത്തു മേനോന്‍ ആണ് ഇവിടെ പരാമര്‍ശ വിധേയനാക്കുന്ന ആള്‍. അദ്ദേഹം ജോസഫ് ഫെന്‍ എന്ന പേരില്‍ ക്രിസ്തുമതം സ്വീകരിച്ചു. 15-ാം വയസ്സില്‍ വീട്ടില്‍ നിന്ന് വഴക്കിട്ട് നാടുവിട്ടുപോയ ആ ബാലന്‍ ഒറ്റപ്പാലത്തു വച്ച് ഒരു സര്‍വ്വേ സംഘവുമായി പരിചയപ്പെട്ടു. ഒരു സായിപ്പായിരുന്നു ആ സംഘത്തിന്‍റെ നേതാവ്. അദ്ദേഹം ബാലനെ മദ്രാസില്‍ കൊണ്ടുചെന്ന് പഠിപ്പിച്ചു. ക്രമേണ ബ്രിട്ടീഷ് സര്‍ക്കാര്‍ സര്‍വീസില്‍ 1800-ല്‍ ഉദ്യോഗം നേടി. തിരുവിതാംകൂറിലെ ദിവാന്‍ പേഷ്ക്കാരും പിന്നീട് ദളവയുമായിത്തീര്‍ന്ന രാമന്‍ മേനോന്‍റെ ഇംഗ്ലീഷ് ട്യൂട്ടര്‍ ആയി അദ്ദേഹം നിയമിതനായി. തിരുവനന്തപുരം കൊട്ടാരത്തിലെ രണ്ടു രാജകുമാരന്മാരുടെ ട്യൂട്ടര്‍ സ്ഥാനവും അദ്ദേഹത്തിന് ലഭിച്ചു. രാജകുമാരന്മാര്‍ അകാലചരമം പ്രാപിച്ചപ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ തഹസീല്‍ദാര്‍ ഉദ്യോഗം ലഭിച്ചു. 1816 ലോ 17 ലോ കോട്ടയത്ത് കാര്യക്കാര്‍ ആയി നിയമിതനായി. റവ. ബെഞ്ചമിന്‍ ബെയിലി, തന്‍റെ മലയാളം ബൈബിള്‍ വിവര്‍ത്തനത്തിനായി ചാത്തുമേനോന്‍റെ സേവനം ഉപയോഗപ്പെടുത്തി. പാര്‍ട്ട് - ടൈം പ്രവര്‍ത്തനമായി ആരംഭിച്ച ബൈബിള്‍ വിവര്‍ത്തനം പ്രതീക്ഷിച്ച വേഗം കൈവരിക്കാത്തതിനാല്‍ അചിരേണ മിഷണറിമാര്‍ ചാത്തുമേനോനെ മുഴുവന്‍സമയ പ്രവര്‍ത്തനത്തിന് നിയോഗിച്ചു. അന്ന് തിരുവിതാംകൂര്‍ ദിവാനും തിരു-കൊച്ചിയിലെ ബ്രിട്ടീഷ് ദിവാനും ആയിരുന്ന കേണല്‍ മണ്‍റോ ഇക്കാര്യത്തില്‍ ആവശ്യമായ അവധി അദ്ദേഹത്തിന് നല്‍കി. ബൈബിള്‍ വിവര്‍ത്തനത്തില്‍ മുഴുകിയിരിക്കേ, വിശുദ്ധ ചൈതന്യം അദ്ദേഹത്തിന്‍റെ ഉള്‍ക്കണ്ണുകളെ തുറന്നു. ക്രിസ്തുമതത്തിലെ സത്യങ്ങളും മര്‍മ്മങ്ങളും അദ്ദേഹം ഗ്രഹിച്ചു. കോട്ടയം പഴയസെമിനാരിയില്‍ വച്ച് നടന്ന ഈ ബൈബിള്‍ വിവര്‍ത്തനങ്ങള്‍ക്കിടയില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന റവ. ജോസഫ് ഫെന്‍, മറ്റു മിഷണറിമാര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടത്താറുണ്ടായിരുന്നു. മതതത്വങ്ങളായിരുന്നു ചര്‍ച്ചാ വിഷയം.

1830-ല്‍ ആര്‍ച്ച് ഡീക്കന്‍ റോബിന്‍സണ്‍ കോട്ടയം പഴയസെമിനാരി സന്ദര്‍ശിച്ചു. ആ സന്ദര്‍ശനത്തോടെ ക്രിസ്തുമതത്തില്‍ ചേരുവാന്‍ അദ്ദേഹം തീരുമാനിച്ചു. നാലു പെണ്‍മക്കള്‍ക്കും രണ്ടു ആണ്‍മക്കള്‍ക്കും ഹിന്ദുമതത്തില്‍ തുടരുവാനും അന്നോളം താന്‍ ആര്‍ജ്ജിച്ച എല്ലാ സ്വത്തുക്കളും അവകാശപ്പെടുത്തുവാനും അവര്‍ക്കു അദ്ദേഹം സ്വാതന്ത്ര്യം നല്‍കി. അവര്‍ക്കു അത് സ്വീകാര്യമായില്ലെന്ന് മാത്രമല്ല അവരും ക്രിസ്തുമതം സ്വീകരിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും കൂടി ചെയ്തു. അക്കാലത്ത് തിരുവിതാംകൂറിലെ ഹിന്ദു സംസ്ഥാനത്ത് ക്രിസ്ത്യാനിയായ ഒരാള്‍ തഹസീല്‍ദാര്‍ ഉദ്യോഗം വഹിക്കുവാന്‍ അനുവദിക്കപ്പെട്ടിരുന്നില്ല. തന്മൂലം അദ്ദേഹം ഉദ്യോഗം രാജിവച്ചു. തുടര്‍ന്ന് കുടുംബസമേതം കോഴിക്കോട്ട് താമസമാക്കി. 1831 നവം. 20-ന് കോഴിക്കോട്ട് ആംഗ്ലിക്കന്‍ ചര്‍ച്ചില്‍ വച്ച് അദ്ദേഹം സ്നാനം സ്വീകരിച്ചു. ആര്‍ച്ച് ഡീക്കന്‍ റോബിന്‍സണ്‍ കാര്‍മ്മികന്‍ ആയിരുന്നു. ചാത്തുമേനോനും അദ്ദേഹത്തിന്‍റെ മക്കളായ പത്മനാഭ മേനോനും ഗോവിന്ദന്‍കുട്ടി മേനോനും സ്നാനാന്തരം പുനര്‍നാമകരണം ചെയ്യപ്പെട്ട് യഥാക്രമം ജോസഫ് ഫെന്‍, ബേക്കര്‍ ഫെന്‍, ബെയിലി ഫെന്‍ എന്നിങ്ങനെ വിളിക്കപ്പെട്ടു (റവ. ജോസഫ് ഫെന്‍, ഹെന്‍റി ബേക്കര്‍, ബെഞ്ചമിന്‍ ബെയിലി എന്നിവരായിരുന്നു അക്കാലത്തെ പഴയസെമിനാരിയിലെ മിഷണറിമാര്‍). ക്രിസ്തുമത സാക്ഷ്യത്തെപ്പറ്റി ബോധ്യം നല്‍കി പുതിയ കാഴ്ചപ്പാടിലേക്കു തങ്ങളെ ഉപനയിച്ച റവ. ജോസഫ് ഫെന്നിനോടുള്ള കൃതജ്ഞതാ സൂചകമായി 'ഫെന്‍' എന്ന നാമം കുടുംബാംഗങ്ങളുടെ പൊതുപേരായി ചാത്തു മേനോന്‍ സ്വീകരിച്ചു. പിന്നീട് അദ്ദേഹം ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ കീഴില്‍ പൊന്നാനിയിലെ ഉപ്പ് പേഷ്ക്കാര്‍ ആയും കോഴിക്കോട്, രേഖാ സംരക്ഷണ ഓഫീസര്‍ ആയിട്ടും ഒടുവില്‍ ബ്രിട്ടീഷ് കൊച്ചിയിലെ ജില്ലാ മുന്‍സിഫ് ആയിട്ടും സേവനം അനുഷ്ഠിച്ചു.

ഒരു കുടുംബത്തിന്‍റെ മതപരിവര്‍ത്തനത്തെ ഒരു സാമൂഹ്യ സാംസ്കാരിക നവോത്ഥാനത്തിന്‍റെ പ്രതീകമായി മാറിയതിന്‍റെ കഥയാണിനിയും പ്രസ്താവിക്കുവാനുള്ളത്. മതപരിവര്‍ത്തനത്തിന് തന്നെ പ്രേരിപ്പിച്ച മതസാംസ്കാരിക പശ്ചാത്തലത്തെ കരളലിയിപ്പിക്കുംവിധം പ്രതിപാദിക്കുന്ന ഒരു കിളിപ്പാട്ട് കാവ്യം അദ്ദേഹം രചിച്ചു. 'അജ്ഞാനകുഠാരം' എന്നാണാ കാവ്യത്തിന്‍റെ പേര്‍. മോക്ഷ മാര്‍ഗ്ഗാന്വേഷണവുമായി അലഞ്ഞ കാലഘട്ടത്തിലെ അനുഭവങ്ങളാണ് ആ രചനയ്ക്ക് ആധാരം. അതിലെ നായകന്‍ ലോകത്തിലെ പ്രധാന മതങ്ങളെ ഓരോന്നായി അപഗ്രഥിച്ച് പരിശോധിക്കുകയും ഒടുവില്‍ ക്രിസ്തുമത ദര്‍ശനത്തില്‍ അഭയം കണ്ടെത്തുകയും ചെയ്യുന്നു.

ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കു പോലും അപരിചിതമാണീ കാവ്യം. കേരള സാഹിത്യ അക്കാദമിക്കു വേണ്ടി 'മലയാള കവിതാ സാഹിത്യ ചരിത്രം' ഗവേഷണബുദ്ധ്യാ തയാറാക്കിയ ഡോ. എം. ലീലാവതി ഈ കൃതിയുടെ പേര്‍ പോലും പരാമര്‍ശിച്ചിട്ടില്ല. ഡോ. കെ. എം. ജോര്‍ജ്ജ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച 'സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ' എന്ന ബൃഹത് ഗ്രന്ഥത്തില്‍ കിളിപ്പാട്ടു പ്രസ്ഥാനത്തെപ്പറ്റി പണ്ഡിതോചിതമായി ഗവേഷണ പ്രബന്ധം അവതരിപ്പിച്ച ഡോ. കെ. എന്‍. എഴുത്തച്ഛന്‍ മലയാളത്തിലെ ഒരു കിളിപ്പാട്ടുകൃതിയായ 'അജ്ഞാനകുഠാരം' കണ്ടതായിപ്പോലും ഭാവിച്ചിട്ടില്ല. 'മലയാള ഭാഷാ ചരിത്രകാരനായ' പി. ഗോവിന്ദപ്പിള്ള ആ കാവ്യത്തെക്കുറിച്ച് ഇപ്രകാരമെഴുതി:

'ജോസഫ് ഫെന്‍ എന്ന് വിളിയ്ക്കുന്ന ചാത്തുമേനോന്‍ മലയാളപദ്യമായി അജ്ഞാനകുഠാരമെന്ന ഒരു കവിത ഉണ്ടാക്കിയിട്ടുണ്ട്' (പു. 422). മറ്റു സാഹിത്യ ചരിത്രകാരന്മാരില്‍ ഉള്ളൂരും (കേരള സാഹിത്യ ചരിത്രം,ഭാഗം 3, പു. 665, 66, 67), പി. ജെ. തോമസും ആണ് (മലയാള സാഹിത്യവും ക്രിസ്ത്യാനികളും, മൂന്നാം പതിപ്പ്, പു. 244-66) ഈ കാവ്യത്തെപ്പറ്റി അല്പമെങ്കിലും പ്രതിപാദിച്ചു കാണുന്നത്. കെ. ജെ. ജോണ്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച 'ക്രിസ്ത്യന്‍ ഹെറിറ്റേജ് ഓഫ് കേരളാ' എന്ന ഗ്രന്ഥത്തില്‍ ക്രൈസ്തവര്‍ ചെയ്ത ചെറുതും വലുതുമായ സാഹിത്യ സാംസ്കാരിക സംരംഭങ്ങളെക്കുറിച്ച് വിശദമായ പഠനപര്യടനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അജ്ഞാനകുഠാരത്തെക്കുറിച്ച് ആ റഫറന്‍സ് ഗ്രന്ഥം ഒരു സൂചന പോലും നല്‍കുന്നില്ല. ചരിത്രമാനങ്ങള്‍ എന്ന സമാഹാരത്തില്‍ പോഞ്ഞിക്കര റാഫി ഈ കാവ്യത്തെപ്പറ്റി ഒരു ലേഖനം രചിച്ചിട്ടുണ്ട്! 'അജ്ഞാനകുഠാരം എന്ന കവിതയും ബാലകര്‍ എന്ന അമൂര്‍ത്ത സങ്കല്പവും.' അതാണ് ഉപന്യാസത്തിന്‍റെ ശീര്‍ഷകം. ഉള്ളൂരും പി. ജെ. തോമസും ഉദ്ധരിച്ച ഏതാനും വരികളെ ആധാരമാക്കിയാണ് ആ ലേഖനം രചിച്ചത് എന്നതു വലിയൊരു പരിമിതിയായി. ഗ്രന്ഥനാമത്തെക്കുറിച്ച് അദ്ദേഹം നല്‍കുന്ന വ്യാഖ്യാനം ഇപ്രകാരമാണ്:

"അജ്ഞാനകുഠാരം എന്ന് വച്ചാല്‍ അജ്ഞാനക്കോടാലി എന്നാണല്ലോ അര്‍ത്ഥം. ... ഇരുട്ടിനെ വെളിച്ചമെന്ന് പ്രചരിപ്പിച്ച പരശുരാമ കഥയിലൂടെ ഉറപ്പിച്ചുകൊണ്ടു വന്ന കേരളത്തിലെ ജാതിവ്യവസ്ഥയെ 'കേരളത്തിലെ അജ്ഞാനകുഠാരം' എന്ന് അദ്ദേഹം സങ്കല്പനം ചെയ്തിരിക്കുന്നത് അതിന് ദൃഷ്ടാന്തമാണല്ലോ. ... ഈ രാജ്യത്തെ ബഹുഭൂരിപക്ഷവും അദ്ധ്വാനിക്കുന്നവരുമായ ശൂദ്ര-പഞ്ചമ ജാതികള്‍ക്കു അത് നിര്‍ഭാഗ്യത്തിന്‍റെ, അജ്ഞാനത്തിന്‍റെ, കോടാലി തന്നെയായിരുന്നു" (ടി. പുസ്തകം, പു. 40, 42). അജ്ഞാനകുഠാരം എന്ന സമസ്തപദത്തെ അഭേദാര്‍ത്ഥത്തില്‍ അജ്ഞാനമാകുന്ന കുഠാരം എന്ന് വിഗ്രഹിച്ച് ജാതിവ്യവസ്ഥ കേരളത്തിന്‍റെ അജ്ഞാന കുഠാരമാണെന്ന് ജോസഫ് ഫെന്‍ അര്‍ത്ഥമാക്കി എന്നാണ് റാഫി വിശദീകരിച്ചിട്ടുള്ളത്. റാഫിയോടുള്ള ആദരവു പ്രകടിപ്പിച്ചുകൊണ്ടു തന്നെ പറയട്ടേ, ഈ വിഗ്രഹവും വ്യാഖ്യാനവും ശരിയാണെന്ന് തോന്നിയില്ല. ഈ ലേഖകന്‍റെ കൈവശമുള്ള അജ്ഞാനകുഠാരത്തിന്‍റെ ആമുഖമായി രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥശീര്‍ഷകവും മറ്റും താഴെ ചേര്‍ക്കുന്നു:

Ajnana Kutharam
or
An Axe to cut down Ignorance
by
The Late Joseph Fenn
Munsiff - British Cochin

കോട്ടയത്തു നിന്ന് 1905-ല്‍ 'മലയാളം റിലീജിയസ് ട്രാക്റ്റ് സൊസൈറ്റി' പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്‍റെ കയ്യെഴുത്തുപ്രതിയില്‍ നിന്നാണ് മേല്‍ കാണിച്ച വിവരങ്ങള്‍ ലഭിച്ചത്. പ്രസിദ്ധീകരണ വര്‍ഷവും മറ്റും രേഖപ്പെടുത്തിയ പേജുകള്‍ നഷ്ടപ്പെട്ട അച്ചടിപ്പകര്‍പ്പും ഇതെഴുതുന്ന ആളിന്‍റെ ലൈബ്രറിയിലുണ്ട്. അജ്ഞാനത്തെ വിച്ഛേദിക്കുവാനുള്ള കുഠാരം എന്നാണ് ശരിയായ വിഗ്രഹവാക്യമെന്ന് ഇംഗ്ലീഷിലെ ഗ്രന്ഥശീര്‍ഷകം വ്യക്തമാക്കുന്നുണ്ടല്ലോ.

1816-നും 1837-നും ഇടയിലാണ് ഗ്രന്ഥത്തിന്‍റെ രചന (കോട്ടയം പഴയ സെമിനാരിയില്‍ ബൈബിള്‍ വിവര്‍ത്തനത്തിനായി അദ്ദേഹം നിയമിക്കപ്പെടുന്നത് 1816-ല്‍. 1837-ല്‍ അദ്ദേഹം നിര്യാതനായി.).

ഈ കാലഘട്ടം കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തില്‍ ശ്രദ്ധേയമാണ്. കായംകുളം റമ്പാനും പുലിക്കോട്ടില്‍ റമ്പാനും ചേര്‍ന്ന് സുറിയാനിയില്‍ നിന്ന് മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത ആദ്യത്തെ മലയാളം ബൈബിള്‍ പരിഭാഷ 1811-ല്‍ പ്രത്യക്ഷപ്പെട്ടു. പൂര്‍ണ്ണ ബൈബിള്‍ പരിഭാഷ 1829-ല്‍ പ്രസിദ്ധീകൃതമായി. ഭക്തിസാഹിത്യ പ്രസ്ഥാനത്തില്‍ പേരെടുത്തു പറയത്തക്ക ഒരു ഗ്രന്ഥവും അക്കാലത്ത് അച്ചടിച്ച രൂപത്തില്‍ ലഭ്യമായിട്ടില്ലായിരുന്നു. തന്മൂലം 'കേരളത്തിന്‍റെ നവോത്ഥാന പ്രസ്ഥാനത്തിലെ അതിജീവന ചൈതന്യത്തില്‍ നിന്ന് വിടര്‍ന്ന് വന്ന ആദ്യകാലത്തെ പുഷ്പമോ, വൃക്ഷങ്ങളിലൊന്നോ ആകുന്നു എന്നതാണ് ജോസഫ് ഫെന്നിന്‍റെ 'അജ്ഞാന കുഠാരം' എന്ന കവിതയുടെ ചരിത്ര പ്രാധാന്യം' എന്ന റാഫിയുടെ നിരീക്ഷണം സ്വീകാര്യം തന്നെ (ടി. പുസ്തകം, പു. 37).

സി.എം.എസ്. മിഷണറിമാരുടെ സഹായത്തോടെ പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാന്‍ സ്ഥാപിച്ച കോട്ടയം പഴയസെമിനാരിയില്‍ ആരംഭിച്ച ഇംഗ്ലീഷ് വിദ്യാഭ്യാസവും ബൈബിള്‍ വിവര്‍ത്തനവും കേരളത്തിലുണ്ടാക്കിയ ചിന്താതരംഗങ്ങളുടെ ഉല്പന്നങ്ങളാണ് അജ്ഞാനകുഠാരവും അതിന്‍റെ രചയിതാവായ ജോസഫ് ഫെനും (ചാത്തുമേനോന്‍). 

18-ാം നൂറ്റാണ്ട് ഭാരതത്തില്‍ പൊതുവെയും കേരളത്തില്‍ സവിശേഷമായും സാംസ്കാരികമായ കൂരിരുട്ട് വ്യാപിച്ച കാലഘട്ടമാണ്. 19-ാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍പ്പോലും സ്വാമി വിവേകാനന്ദന്‍ 'ഭ്രാന്താലയം' എന്ന് വിശേഷിപ്പിക്കത്തക്കവിധം കേരളത്തിന്‍റെ മതപരവും സാംസ്കാരികവും ധാര്‍മ്മികവും ആയ നഭോമണ്ഡലം അന്ധകാരാവൃതമായിരുന്നു. കുമാരനാശാന്‍റെ ഭാഷയില്‍ 'ശങ്കരാചാര്യന്മാരും തുഞ്ചന്മാരും കുഞ്ചന്മാരും കേരളാംബയുടെ ഗര്‍ഭത്തില്‍ ഉരുവായ ശേഷം ചാപിള്ളകളായി അലസി'യിരുന്ന കാലമായിരുന്നു അത്. ഭാരതത്തിന്‍റെ നവോത്ഥാന നായകരായി അറിയപ്പെടുന്ന ശ്രീരാമകൃഷ്ണ പരമഹംസനും അദ്ദേഹത്തിന്‍റെ ശ്രേഷ്ഠ ശിഷ്യനായ വിവേകാനന്ദനും മഹാത്മാഗാന്ധിയും ജനിക്കുന്നത് യഥാക്രമം 1836, 1862, 1869 എന്നീ വര്‍ഷങ്ങളിലാണ്. കേരളത്തിലാണെങ്കില്‍ മത സാംസ്കാരിക നേതാക്കളായി ചരിത്രം വിശേഷിപ്പിക്കുന്ന ഒയ്യാരത്തു ചന്തുമേനോന്‍, ചട്ടമ്പി സ്വാമികള്‍, നാരായണഗുരു, പരുമല മാര്‍ ഗ്രീഗോറിയോസ്, കുമാരനാശാന്‍ എന്നീ മഹാ പ്രതിഭകള്‍ ഭൂജാതം ചെയ്യുന്നത് യഥാക്രമം, 1847, 1853, 1857, 1848, 1873 എന്നീ വര്‍ഷങ്ങളിലാണ്. ഇവരെല്ലാവരും ജനിക്കുന്നതിനു മുമ്പ് ചെറുശ്ശേരി ചാത്തുമേനോന്‍ അജ്ഞാന കുഠാരം (1816-1837 നും ഇടയില്‍) രചിച്ചു. 1837-ന് മുമ്പ് രചിക്കപ്പെട്ട ഈ കാവ്യം 1905-ന് മുമ്പ് എത്ര പതിപ്പുകളിലായി പ്രചരിച്ചു എന്ന് നമുക്കറിഞ്ഞു കൂടാ. ഒരു കാര്യം തീര്‍ച്ച:

മിഷണറിമാര്‍ക്കു താല്പര്യമുള്ളതും മിഷണറി പ്രവര്‍ത്തനങ്ങളെ പരോക്ഷമായി സഹായിക്കുന്നതുമായ ഈ കാവ്യം ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെടുകയും ഇന്ത്യയിലെങ്ങും പ്രചരിക്കുകയും ചെയ്തിട്ടുണ്ടാവാം. അങ്ങനെയെങ്കില്‍ ഭാരതീയ മത - സാംസ്കാരിക ധാര്‍മ്മികച്യുതികള്‍ക്കെതിരെ ശുദ്ധീകരണ സംരംഭങ്ങളുമായി കര്‍മ്മ മേഖലകള്‍ സൃഷ്ടിച്ച ശ്രീരാമകൃഷ്ണന്‍, വിവേകാനന്ദന്‍, ചട്ടമ്പിസ്വാമികള്‍, നാരായണ ഗുരു തുടങ്ങിയ ക്രാന്തദര്‍ശികളെ ഉത്തേജിപ്പിച്ചതിന്‍റെ 'ആത്മീയ പിതൃത്വം' അജ്ഞാനകുഠാരത്തിന്‍റെ കര്‍ത്താവില്‍ കണ്ടെത്തുന്നത് അവിവേകമാകയില്ല.

ചിലരെങ്കിലും ധരിച്ചുവച്ചിട്ടുള്ളത് ഹിന്ദുമതദര്‍ശനങ്ങളെയും ആചാരങ്ങളെയും അന്ധമായി എതിര്‍ക്കുന്ന കാവ്യമാണ് ഈ രചന എന്നാണ്. ഈ ധാരണയിലാണ് മഹാകവി ഉള്ളൂര്‍ ഈ കൃതിയെ സമീപിച്ചിട്ടുള്ളത്:
'.... ഹിന്ദുമതത്തിലെ പല ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കര്‍ക്കശമായ രീതിയില്‍ വിമര്‍ശിക്കുക എന്നതാണ് കവിയുടെ ഉദ്ദേശ്യം' (പു. 666).

"മൂശാരി വാര്‍ത്ത തിടമ്പമ്പലം തന്നില്‍
ഘോഷിച്ചുവച്ചു പൂജിക്കുന്നതു നേരം
ദോഷമുണ്ടാം വിപ്രനെന്നിയേ തൊട്ടീടില്‍
ദോഷമില്ലായതുടഞ്ഞിതെന്നാകിലോ
മൂശാരി തൊട്ടു കുറകള്‍ തീര്‍ത്തീടുന്നു;
മൂശയ്ക്കകത്തിട്ട് വാര്‍പ്പതവനല്ലോ"

എന്ന് അയിത്താചാരത്തിന്‍റെ അര്‍ത്ഥശൂന്യതയെ ഉപഹാസപൂര്‍വം വിചിന്തനം ചെയ്ത വരികളെ "അയിത്തത്തെ അവഹേളനം ചെയ്യുന്ന ചില വരികള്‍" എന്ന് ബ്രാഹ്മണനായ മഹാകവി പരാമര്‍ശിക്കുന്നതിലെ യാഥാസ്ഥിതികത്വം ആലോചനാമൃതമായിരിക്കുന്നു.

നമുക്ക് ആ കാവ്യത്തെ ഒന്നു പരിചയപ്പെടാം. അഞ്ചു ഭാഗങ്ങളുണ്ട് ആ കാവ്യത്തില്‍. ഒന്നാം ഭാഗത്തില്‍ ദശാവതാരകഥകളെ സംക്ഷേപിക്കുന്നു. തുടര്‍ന്ന് ശക്തിപൂജ, മരണ വേദനകള്‍, നരകങ്ങള്‍, മോക്ഷം, ഗണദേവതകള്‍, ശൂദ്രന്‍റെ ചിന്ത, തീര്‍ത്ഥയാത്രക്കാര്‍, ഊട്ടുപുര, ജഗന്നാഥ ക്ഷേത്രോത്സവം, ഉത്സവവര്‍ണ്ണനം, അമ്പലക്കൂത്ത്, തേരോട്ടം, വേദാന്തി, സതികര്‍മ്മം, വേദാന്തസാരം, ത്രിമൂര്‍ത്തികള്‍, ആത്മാവ്, തൊണ്ണൂറ്റിആറു തത്വങ്ങള്‍, തീര്‍ത്ഥയാത്ര, ഭോഷത്തം, മുഹമ്മദ് മാഹാത്മ്യം, മുഹമ്മദ് ചരിത്രം, മുഹമ്മദ് മാര്‍ഗ്ഗോപദേശം, ചേരമാന്‍ പെരുമാള്‍, ടിപ്പു സുല്‍ത്താന്‍ എന്നിങ്ങനെ 24 ഉപശീര്‍ഷകങ്ങളില്‍ വിവിധ മതതത്വങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും വിചിന്തനം ചെയ്തിരിക്കുന്നു. ഒന്നാം ഭാഗത്തില്‍ 1330 പാദങ്ങളാണുള്ളത്.

രണ്ടാം ഭാഗത്തില്‍ 600-ലേറെ പാദങ്ങളുണ്ട്. കേരളാചാരം, ചതുരാശ്രമങ്ങള്‍, 64 ഗ്രാമങ്ങള്‍, ദോഷ ശങ്കാ വിചാരണ, അന്തണ സ്ത്രീകള്‍, അവകാശക്രമം, വേളി ക്രമം, ശുദ്ധാശുദ്ധം, ഉടുപ്പാനിടീല്‍, ആചാരമര്യാദാ മാറ്റങ്ങള്‍ എന്നിങ്ങനെ 10 ഉപശീര്‍ഷകങ്ങളിലായി കേരളീയമായ ആചാര മര്യാദകളുടെ അര്‍ത്ഥശൂന്യതയും യുക്തിരാഹിത്യവും വിമര്‍ശനാത്മകമായി അവതരിപ്പിക്കുന്നു.

മൂന്നാം ഭാഗത്തില്‍ നാനൂറോളം പാദങ്ങളാണുള്ളത്. യഹൂദമതം, യഹൂദരുടെ ഭോഷത്വം, മുക്തിമാര്‍ഗ്ഗം, ലോക സൃഷ്ടിപ്പ്, പാപപ്രവേശനം, പത്തു കല്പനകള്‍, കല്പന ലംഘനം, ജന്മപാപം, പാപപരിഹാരം, ക്രിസ്തുവിന്‍റെ അത്ഭുത പ്രവൃത്തികള്‍ എന്നിങ്ങനെയുള്ള ഉപശീര്‍ഷകങ്ങളിലായി യഹൂദ - ക്രിസ്തുമതങ്ങളെ വിമര്‍ശിച്ചിരിക്കുന്നു.

നാലാം ഭാഗത്തില്‍ 1700 പാദങ്ങളാണുള്ളത്. സത്യദൈവാരാധന, അജ്ഞാന മാര്‍ഗ്ഗ സാരാംശം, ദേവന്മാരുടെ ചേഷ്ടകള്‍, വേദങ്ങള്‍ തമ്മില്‍ വിരുദ്ധം, മറുജന്മം, വേദങ്ങളും വേദിയരും, മുക്തി, താര്‍ക്കികന്മാര്‍, ദൈവമുണ്ടെന്നുള്ള ന്യായങ്ങള്‍, അദ്വൈതോപദേശം, മറുജന്മോപദേശം, സന്യാസം, നോമ്പുകളും വ്രതങ്ങളും, വിദ്യാഭ്യാസ വിശേഷം, സമ്പഗര്‍, ഈശ്വര കല്പിതം, അവസ്ഥാഭേദം, തന്‍കാര്യനോട്ടം, ലൗകികന്‍, സംസ്കൃത മന്ത്ര ശ്രേഷ്ഠത്വം, വിഗ്രഹാരാധന, മനുഷ്യരൊക്കെയും പാപികള്‍, സ്വര്‍ഗ്ഗവും നരകവും, നീതി പ്രവൃത്തികള്‍, ഭൂലോക വാസം അസ്ഥിരം തുടങ്ങി 44 ഉപശീര്‍ഷകങ്ങളിലായി മതതത്വവിചിന്തനം തുടരുന്നു.

1000 ത്തോളം പാദങ്ങളുള്ള അഞ്ചാം ഭാഗത്തില്‍ 23 ഉപശീര്‍ഷകങ്ങളിലായി ക്രിസ്തുമത തത്വവിചിന്തനം നടത്തിയിരിക്കുന്നു. ഇപ്രകാരം 5000 പദങ്ങളും 110 ഉപശീര്‍ഷകങ്ങളും ഉള്ള കാവ്യമാണ് അജ്ഞാനകുഠാരം. ആദ്യത്തെ പതിപ്പുകളില്‍ ഉപശീര്‍ഷകങ്ങള്‍ കാണുന്നില്ല. 1905-ലെ പതിപ്പിലാണ് അവ കാണപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യ പാദത്തില്‍ കേരളത്തിലെ സവര്‍ണ്ണവിഭാഗത്തില്‍ ശൂദ്രരും അവര്‍ണ്ണ വിഭാഗങ്ങളും അനുഭവിച്ചിരുന്ന ആധ്യാത്മിക ദാരിദ്ര്യത്തിന്‍റെ ചിത്രം കവി അവതരിപ്പിക്കുന്നതു കാണുക: 

പണ്ടൊരു ശൂദ്രന്‍ തന്നുടെ പാപം - കണ്ടു ഭയം പൂണ്ടങ്ങകതണ്ടില്‍
തെണ്ടിനശോകാന്‍ അന്തണമേകം - കണ്ടു വണങ്ങിക്കൊണ്ടുരചെയ്താന്‍
'ഇണ്ടലകരുവതിന്‍ വഴിയെന്യേ - കുണ്ഠിതരായതി പാപസമേതം
മണ്ടിയുഴന്ന് നടപ്പിതു ശൂദ്രര്‍ - കണ്ടീലവര്‍കള്‍ക്കില്ലുപദേശം
വേദവുമില്ല ശാസ്ത്രവുമില്ല - വേദിയരെന്യേ ശരണം നാസ്തി.
പൂജ പുനസ്കാരങ്ങളുമില്ലാ - പൂതതയില്ലാമനസ്സിന്നേതും 
മന്ത്രവുമില്ലാതന്ത്രവുമില്ലാ -  സന്ധ്യയിലൂക്കയുമില്ലാശൂദ്രന്‍
ഹന്ത! നിനച്ചാലെന്തവനുള്ളു - അന്തകനെത്തുമ്പോള്‍ ഹാഹാഹാ.

ഇതാണ് ഈ കൃതി ഉന്നയിക്കുന്ന ആധ്യാത്മിക പ്രശ്നം. 1785-ല്‍ ജനിച്ച ചെറുശ്ശേരി ചാത്തുമേനോന്‍ എന്ന ശൂദ്രകവിയുടെ സാഹിത്യ പശ്ചാത്തലമെന്താണ്? 1705-ല്‍ ജനിച്ച് 1770-ന് മുമ്പ് അന്തരിച്ച കുഞ്ചന്‍ നമ്പ്യാര്‍ കേരള സാഹിത്യത്തില്‍ നിറഞ്ഞുനിന്ന കാലമായിരുന്നു അത്. എഴുത്തച്ഛന്‍ പ്രോദ്ഘാടനം ചെയ്ത ഉദാത്തവും പ്രൗഢവുമായ മണിപ്രവാള ശൈലിയിലെ ആഢ്യത്വത്തിന്‍റെ അടരുകള്‍ ശ്രദ്ധാപൂര്‍വ്വം അടര്‍ത്തിമാറ്റി, ജനകീയ ഭാഷയെ കാവ്യഭാഷയാക്കി മാറ്റിയ ഭാഷാവിപ്ലവം കവിതയില്‍ സഫലമായി പരീക്ഷിച്ച നമ്പ്യാര്‍ അജ്ഞാനകുഠാര കര്‍ത്താവിനെ സ്വാധീനിക്കുക സ്വാഭാവികം. അജ്ഞാനകുഠാരത്തിലെ അഭിജാത ഭാഷാ ശൈലിക്കു കിളിപ്പാട്ട് സമ്പ്രദായത്തോട് ബന്ധമുണ്ടെങ്കിലും അതു കൂടുതല്‍ ചായ്വ് പ്രകടിപ്പിച്ചിട്ടുള്ളത് തുള്ളല്‍ പ്രസ്ഥാനത്തോടാണ്. തന്മൂലം ഈ കൃതി കിളിപ്പാട്ടു പ്രസ്ഥാനത്തിലും തുള്ളല്‍ പ്രസ്ഥാനത്തിലും അംഗത്വം അര്‍ഹിക്കുന്നു. സമൂഹത്തിലെ വൈകൃതങ്ങളെയും അയുക്തികങ്ങളായ അസമത്വങ്ങളെയും പാരമ്പര്യങ്ങളെയും തെരഞ്ഞു പിടിച്ച് ഫലിതത്തിന്‍റെ കുഠാരംകൊണ്ട് അവയെ നശിപ്പിക്കുവാന്‍ തുള്ളല്‍ എന്ന ദൃശ്യമാധ്യമത്തെ അവതരിപ്പിക്കുകയാണല്ലോ നമ്പ്യാര്‍ ചെയ്തത്. ത്രൈവര്‍ണ്ണികര്‍ക്കു ആസ്വദിക്കുവാന്‍ ആട്ടക്കഥകളും കഥകളിവേദിയും കൂത്തു കൂടിയാട്ടവുമൊക്കെ സജ്ജമാക്കപ്പെട്ട ഒരു കാലത്ത് ശൂദ്രനെയും അതിനും താഴെ അവര്‍ണ്ണ സമുദായങ്ങളെയും സാമൂഹ്യവിമര്‍ശനത്തിലൂടെ രസിപ്പിക്കുവാനാണ് നമ്പ്യാര്‍ ശ്രമിച്ചത്. "... നാട്ടിലെങ്ങും ഒരു തരം സാംസ്കാരികാധഃപതനം നടമാടിയിരുന്ന കാലമായിരുന്നു അത്. ... അക്കാലം വരെ സ്ഥിരം സൈന്യത്തെ നിര്‍ത്തുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. ... എന്നാല്‍ ചെറിയ രാജ്യങ്ങള്‍ ചേര്‍ത്തു, തിരുവിതാംകൂര്‍ രൂപവത്കൃതമായതോടെ ഒരു സ്ഥിരസൈന്യം രൂപംകൊണ്ടു. അതോടെ നാടുവാഴികളെ ആശ്രയിച്ച് സൈനിക ജീവിതം കുടുംബത്തൊഴിലാക്കിയ പലര്‍ക്കും ജോലിയില്ലാതായി. .... പഴയ പ്രഭുത്വത്തിന്‍റെയും പ്രതാപത്തിന്‍റെയും കഥകള്‍ അയവിറക്കുക മാത്രമായി അവരുടെ ജോലി. ....നാടിന്‍റെ ആവലാതികള്‍ കേള്‍ക്കുവാന്‍ നാട്ടുകൂട്ടങ്ങള്‍ ഉണ്ടായിരുന്നു. ആ മഹത്തായ സ്ഥാപനങ്ങള്‍ ഓരോന്നായി തിരോഭവിച്ചു തുടങ്ങി; ഉള്ളവ ദുര്‍ബ്ബലങ്ങളുമായി. ... സര്‍ക്കാരുദ്യോഗത്തിന് പണ്ടൊന്നുമില്ലാത്ത പ്രാധാന്യം സിദ്ധിച്ചു. നീതിയും നിയമവും അവരുടെ കൈകളിലായി. തന്മൂലം സേവയോ ശുപാര്‍ശയോ കൊണ്ട് അവരെ പ്രീതിപ്പെടുത്തുക എന്നതായി നീതി ലഭിക്കുവാനുള്ള എളുപ്പവഴി. അവ്യവസ്ഥിതമായ ഈ സ്ഥിതിഗതികള്‍ പലര്‍ക്കും പല സന്ദര്‍ഭങ്ങളും നേടിക്കൊടുത്തു. പരദേശബ്രാഹ്മണരുടെ കുടിയേറിപ്പാര്‍പ്പ് വര്‍ദ്ധിച്ചു. ... ചുരുങ്ങിയ വിലയ്ക്കു വസ്തുവഹകള്‍ സമ്പാദിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. .... ചുരുക്കത്തില്‍ പൗരജീവിതം പഴയ അടിത്തറയില്‍ നിന്ന് ഇളകിക്കഴിഞ്ഞു; പുതിയ ഒന്നില്‍ ഉറച്ചു നില്ക്കാന്‍ ഇടം കിട്ടിയതുമില്ല. ഇതായിരുന്നു നമ്പ്യാരുടെ കേരളത്തിന്‍റെ ചരിത്രം" (എ. ഡി. ഹരിശര്‍മ്മ; സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ: തുള്ളല്‍ പ്രസ്ഥാനം എന്ന ലേഖനം, പു. 577, 1973-ലെ പതിപ്പ്).

കാല്‍ നൂറ്റാണ്ടിന് ശേഷം കേരളം നിരീക്ഷിച്ച ചെറുശ്ശേരി ചാത്തുമേനോന്‍ (ജോസഫ് ഫെന്‍) ശ്വസിച്ച സാംസ്കാരികാന്തരീക്ഷം തുള്ളല്‍ കഥകളിലെ സാമൂഹിക വിമര്‍ശനത്തിന്‍റെയും പൊളിച്ചെഴുത്തിന്‍റെയും സംഘര്‍ഷങ്ങള്‍ നിറഞ്ഞതായിരുന്നു. കേരളത്തിന്‍റെ സംസ്കാരിക ജീര്‍ണ്ണതയില്‍ കുഞ്ചന്‍നമ്പ്യാര്‍ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ, കാണാന്‍ വിട്ടുപോയ ചില ധര്‍മ്മസങ്കടങ്ങളും സമസ്യകളും ഉണ്ടായിരുന്നു. കാലത്തിന്‍റെ മലവെള്ളപ്പാച്ചിലില്‍ ശിഥിലവും അടിത്തറ തകര്‍ന്നതുമായ ആത്മീയ സങ്കല്പങ്ങളെക്കുറിച്ചുള്ള ആധികളും വ്യഥകളും അവയില്‍പ്പെടുന്നു. 'സുഖപ്രദമായ തമസ്സില്‍' ('തമസല്ലോ സുഖപ്രദം' - അക്കിത്തം, ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം) സംതൃപ്തി അനുഭവിച്ചുപോന്ന സാംസ്കാരിക കേരളം 19-ാം നൂറ്റാണ്ടില്‍ പ്രസരിച്ച നൂതനവും വിഭ്രാമകവുമായ അറിവിന്‍റെ വെളിച്ചം നുകര്‍ന്ന് അസംതൃപ്തരും ദുഃഖിതരുമായി; സ്വന്തം നഗ്നതയെ തിരിച്ചറിയാന്‍ കഴിവുള്ളവരും ആയി. ഒരു സാംസ്കാരിക നവോത്ഥാന ശിശുവിനെ പ്രസവിക്കാനുള്ള ഗര്‍ഭകാലപീഡയുടെ അസ്വാസ്ഥ്യങ്ങള്‍ ബുദ്ധിജീവികളെ ഗ്രസിച്ചു കഴിഞ്ഞിരുന്നു. "... അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുടുങ്ങി അധഃപതനത്തിന്‍റെ അഗാധതയിലാണ്ട കേരള ഭൂമിയെ ...." എന്ന് അന്നത്തെ കേരളത്തെ ആര്‍. രാമചന്ദ്രന്‍ നായര്‍ വിശേഷിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയമാണ് (ചട്ടമ്പിസ്വാമികള്‍, മുഖവുര. ഗ്രന്ഥകര്‍ത്താവ് പ്രൊഫ. എന്‍. ഗോപിനാഥന്‍ നായര്‍, പു. 5). ചട്ടമ്പി സ്വാമികളുടെ ജീവചരിത്രം അക്കാലത്തെ കേരളത്തെ പരിചയപ്പെടുത്തുന്നത് കാണുക:

".... സകല ചരാചരങ്ങളെയും സമത്വത്തിലും സൗഹാര്‍ദ്ദത്തിലും സഹാനുഭൂതിയിലും ഉറപ്പിച്ച് നിര്‍ത്തിയ ധര്‍മ്മരശ്മി ചൊരിഞ്ഞുണര്‍ത്തിയ ദാര്‍ശനിക സിദ്ധാന്തങ്ങളെ, വര്‍ണ്ണാശ്രമ വാദികളായ പുരോഹിത മേധാവികള്‍ ആയിരം വര്‍ഷം യുദ്ധം ചെയ്താണ് നാമാവശേഷമാക്കിയത്. കുമാരിലഭട്ടന്‍, ശ്രീശങ്കരന്‍, ശ്രീരാമാനുജന്‍, ശ്രീ മാധ്വന്‍ മുതലായ വൈദിക മതാചാര്യന്മാരും സുധന്വാവ്, കുബ്ജപാണ്ഡന്‍, പുഷ്യമിത്രന്‍ തുടങ്ങിയ രാജാക്കന്മാരും നിരവധി വര്‍ഷങ്ങള്‍ യുദ്ധം ചെയ്താണ് വര്‍ഗ്ഗരഹിതവും സമത്വ സുന്ദരവും ആയ ദാര്‍ശനിക സംഹിതകളെയും ജൈന-ബുദ്ധ മതങ്ങളെയും നശിപ്പിച്ചത്. വിജയലഹരിയില്‍ വൈദികപുരോഹിതന്മാര്‍ എഴുതിവച്ച 'സ്മൃതികള്‍' വര്‍ഗ്ഗവൈരുദ്ധ്യങ്ങളുടെ അടിസ്ഥാനമുറപ്പിക്കുകയും ഭാരതത്തിനൊരു തീരാക്കളങ്കമായിത്തീരുകയും ചെയ്തു. ഹൈന്ദവ ഭൂരിപക്ഷത്തിനും അക്ഷരാഭ്യാസം നിരോധിക്കുകയും ജാതിഭേദങ്ങളും അനാചാരങ്ങളും മൂലം ഭാതീയ ജനതയുടെ ശൈഥില്യത്തിന് വഴിതെളിയിക്കുകയും ചെയ്തു. ഭയാനകമായ മര്‍ദ്ദനസംവിധാനങ്ങളുടെ രക്തപങ്കിലമായ സംഭവങ്ങളുടെ ചരിത്രസന്ധിയിലാണ് ശ്രീരാമകൃഷ്ണ പരമഹംസനും സ്വാമി വിവേകാനന്ദനും, സ്വാമി രാമതീര്‍ത്ഥനും, ബ്രഹ്മസമാജം, ആര്യസമാജം തുടങ്ങിയ ആത്മീയ സംഘടനകളും ഉത്തരേന്ത്യയില്‍ ശക്തമായി പ്രവര്‍ത്തിച്ചത്."

'ദക്ഷിണേന്ത്യയിലും തൊണ്ണൂറു ശതമാനം ഭാരതീയരും അധഃകൃതരും നിന്ദിതരും പീഡിതരും ആയി മാറിയിരുന്നു. ബ്രാഹ്മണാധിപത്യം ആക്രമണത്തിന്‍റെ അവതാരരൂപമായിത്തീരുകയും ബഹുഭൂരിപക്ഷത്തിനും പൊതുവഴികളില്‍ക്കൂടി നടക്കുന്നതിനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെടുകയും ചെയ്തു. കിരാതമായ ഭീതിജനകമായ മനുഷ്യത്വരഹിതമായ ഒരു ചരിത്രസന്ധിയിലാണ്.....' (എന്‍. കുമാരനാശാന്‍, ബ്രഹ്മശ്രീ നാരായണഗുരു, 1988, പു. 61, 62).

1853-ലും 1857-ലും കേരളത്തിന്‍റെ ചരിത്രം ഇതാണെങ്കില്‍ അതിന് ഏഴ് പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഈ 'ഭ്രാന്താലയ'ത്തിന്‍റെ സ്ഥിതി എത്രമാത്രം ശോചനീയമായിരിക്കണം. ഈ ബീഭത്സവും ഭയാനകവും ദയനീയവുമായ കേരളാംബയുടെ ചിത്രമാണ് ചെറുശ്ശേരി ചാത്തുമേനോന്‍ (ജോസഫ് ഫെന്‍) കണ്ടത്.

മലയാളം ബൈബിളും ഇംഗ്ലീഷ് വിദ്യാഭ്യാസവും കോട്ടയം പഴയ സെമിനാരിയെ വലിയ പ്രകാശസ്തംഭമാക്കി. അവിടെ നിന്ന് പുറപ്പെട്ട ഊഷ്മളമായ പ്രകാശകിരണങ്ങള്‍ നിദ്രയിലാണ്ട കേരളത്തെ ഉണര്‍ത്തി. ദൈവത്തിന്‍റെയും നിയമത്തിന്‍റെയും മുമ്പില്‍ മനുഷ്യര്‍ തുല്യരാണെന്ന തിരിച്ചറിവ് ആ പ്രകാരത്തില്‍ നിന്ന് ലഭിച്ചു. അതോടെ അക്ഷരാഭ്യാസം നേടിയ മനുഷ്യസ്നേഹികളുടെ മസ്തിഷ്കത്തില്‍ സമൂഹത്തെ ചിന്താപരമായി അസ്വസ്ഥമാക്കുന്ന ചോദ്യശതങ്ങള്‍ പതഞ്ഞുപൊന്തി; അതുവരെ ആരും ചോദിക്കാതിരുന്ന കുറെ ചോദ്യങ്ങള്‍.

ഈ ചോദ്യങ്ങള്‍ക്കുത്തരം കണ്ടെത്താനുള്ള ശ്രമമാണ് പിന്നീട് നാരായണ ഗുരുവും ചട്ടമ്പി സ്വാമികളും മറ്റും നടത്തിയത്. അവര്‍ കണ്ടെത്തിയ ഉത്തരങ്ങളാണ് 20-ാം നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായ അവിശ്വസനീയമായ പരിവര്‍ത്തനങ്ങള്‍. ഈ ചോദ്യങ്ങള്‍ അതിസമര്‍ത്ഥമായി ഉന്നയിച്ചു എന്നതാണ് അജ്ഞാന കുഠാരത്തിന്‍റെ ചരിത്രസാഫല്യം. "... പൂര്‍വികര്‍ ഉണ്ടാക്കിവച്ചിരിക്കുന്ന, നൂറ്റാണ്ടുകളിലൂടെ വേരുപിടിച്ച് വളര്‍ന്നിരിക്കുന്ന അനാചാരങ്ങളുടെ നിരര്‍ത്ഥകതയെയും മനുഷ്യത്വമില്ലായ്മയേയും കുറിച്ച് വളര്‍ന്നു വരുന്നവരോ ഇനിയും വളര്‍ന്ന് വരേണ്ടവരോ ആയ ബാലകരുടെ തലമുറയേക്കൊണ്ട് ചിന്തിപ്പിക്കുക" എന്നതാണ് തന്‍റെ ദൗത്യമെന്ന് ചാത്തുമേനോന്‍ അജ്ഞാനകുഠാരത്തിലൂടെ വിളംബരം ചെയ്തു. "ആ തലമുറകളുടെ മുമ്പില്‍ ഒരു ജ്യേഷ്ഠനായി നിന്നുകൊണ്ടാണ്' അജ്ഞാന കുഠാരം എന്ന കവിത ജോസഫ് ഫെന്‍ (ചെറുശ്ശേരി ചാത്തുനായര്‍) രചിച്ചത്. ഒന്നര നൂറ്റാണ്ടിന് ശേഷം ഇപ്പോള്‍ കേരളത്തിലെ നവോത്ഥാന ചരിത്രഗതിയുടെ വെളിച്ചത്തിലൂടെ തിരിഞ്ഞുനോക്കുമ്പോള്‍, അജ്ഞാന കുഠാരത്തിന്‍റെ കര്‍ത്താവ് പ്രത്യാശയോടെ പ്രതീക്ഷിച്ച 'ബാലകര്‍' എന്ന അമൂര്‍ത്ത സങ്കല്പത്തിന്‍റെ മൂര്‍ത്തരൂപമാണ് റവ. ജോര്‍ജ്ജു മാത്തനും ആര്‍ച്ച് ഡീക്കന്‍ കോശിയും ഒയ്യാരത്തു ചന്തുമേനോനും ചട്ടമ്പിസ്വാമികളും നാരായണ ഗുരുവും ഡോ. പല്പുവും സി. കൃഷ്ണനും പണ്ഡിറ്റ് കെ. പി. കറുപ്പനും കുമാരനാശാനും, സി. വി. കുഞ്ഞുരാമനും അയ്യങ്കാളിയും സഹോദരന്‍ അയ്യപ്പനും മന്നത്തു പത്മനാഭനും കെ. പി. കേശവമേനോനും, ടി. കെ. മാധവനും കെ. കേളപ്പനും എ. കെ. ഗോപാലനും മറ്റുമായി സശരീരരായി കര്‍മ്മരംഗത്തു വന്നതെന്ന് നമുക്കു കണ്ടെത്തുവാന്‍ സാധിക്കും" (പോഞ്ഞിക്കര റാഫി, മുന്‍ പുസ്തകം, പു. 61-64).

ഈ ലിസ്റ്റിലെ റവ. ജോര്‍ജ്ജു മാത്തന്‍, പുലയരുടെ ജീവിതത്തെക്കുറിച്ച് പഠന റിപ്പോര്‍ട്ട് തയാറാക്കുവാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ ആയിരുന്നു. ഇദ്ദേഹത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പുലയരെ അടിമകളാക്കി വില്ക്കുന്ന ഏര്‍പ്പാട് ബ്രിട്ടീഷ് സര്‍ക്കാര്‍ 1850-ല്‍ നിയമ നിര്‍മ്മാണം മുഖേന നിരോധിച്ചത്. ചാന്നാര്‍ ലഹള അവസാനിപ്പിക്കുവാനും ചാന്നാര്‍ സ്ത്രീകള്‍ക്കു റൗക്കയും രണ്ടാം മുണ്ടും ധരിക്കുവാനും സ്വര്‍ണ്ണാഭരണങ്ങള്‍ അണിയുവാനും ഉള്ള നിയമങ്ങള്‍ നടപ്പിലാക്കുവാനും ഇദ്ദേഹം അശ്രാന്തപരിശ്രമം ചെയ്തു. 

ആര്‍ച്ച്ഡീക്കന്‍ കോശി, പുല്ലേലിക്കുഞ്ചു എന്ന മലയാള നോവലിന്‍റെ കര്‍ത്താവാണ്. 1848-ല്‍ കോട്ടയം സി.എം.എസ്. പ്രസില്‍ നിന്നും പുറപ്പെട്ട ജ്ഞാനനിക്ഷേപം എന്ന ആദ്യകാല മലയാള മാസികയില്‍ ഈ നോവല്‍ ജാതിഭേദം എന്ന പേരിലാണ് പ്രസിദ്ധീകരിച്ചിരുന്നത് എന്ന് ഓര്‍ക്കുക. ഇദ്ദേഹമാണ് ജോണ്‍ ബനിയന്‍റെ  പില്‍ഗ്രിംസ് പ്രോഗ്രസ് എന്ന കൃതി പരദേശമോക്ഷയാത്ര എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു പ്രകാശിപ്പിച്ചത്. ഒയ്യാരത്തു ചന്തുമേനോന്‍ മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവല്‍ എന്ന് വാഴ്ത്തപ്പെടുന്ന ഇന്ദുലേഖയുടെ കര്‍ത്താവാണ്. ചിന്നനെ ഇംഗ്ലീഷ് പഠിപ്പിക്കുക എന്ന ആശയത്തിന്‍റെ പേരില്‍ യാഥാസ്ഥിതിക മനോഭാവത്തോട് ത്യാഗപൂര്‍വ്വം പോരാടി ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടും ബൈബിള്‍ ദര്‍ശനത്തോടും ആഭിമുഖ്യം പ്രദര്‍ശിപ്പിക്കുന്ന ചന്തുമേനോനെ ഈ നോവലില്‍ക്കാണാം. ലിസ്റ്റില്‍ ഉള്ള മറ്റ് മഹദ് വ്യക്തികള്‍ അവരവരുടെ സമുദായങ്ങളില്‍ നവോത്ഥാന ദീപനാളങ്ങള്‍ തെളിയിച്ചവരാണ്. സമുദായങ്ങളില്‍ നിന്ന് ആരംഭിച്ച് സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ പരിവര്‍ത്തനത്തിന്‍റെ ശംഖനാദം മുഴക്കിയ പ്രതിഭകളും അവരിലുണ്ട് (പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ്, പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍, പ. പരുമല മാര്‍ ഗ്രീഗോറിയോസ്, മൂക്കഞ്ചേരില്‍ പത്രോസ് മാര്‍ ഒസ്താത്തിയോസ്, പൗലോസ് മാര്‍ ഗ്രീഗോറിയോസ്, ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ് എന്നിവരെയും ഈ ലിസ്റ്റില്‍ ചേര്‍ക്കാവുന്നതാണ്). ഇവരുടെയെല്ലാം ജ്യേഷ്ഠ സ്ഥാനമാണ് പോഞ്ഞിക്കര റാഫി, ചെറുശ്ശേരി ചാത്തുനായര്‍ക്കു നല്‍കിയിരിക്കുന്നത്.
അമേരിക്കന്‍ സ്വതന്ത്ര്യ സമരം നടന്നത് 1795-83 കാലത്താണ്. ഫ്രഞ്ചു വിപ്ലവം 1789-ലും. ഈ രണ്ടു സംഭവങ്ങള്‍ ലോക മനസാക്ഷിയിലേല്പിച്ച ചിന്താപരമായ ആഘാതം ദൂരവ്യാപകമായ ഫലങ്ങളാണ് ലോകചരിത്രത്തിലുണ്ടാക്കിയത്. ആ ആഘാതത്തോട് പ്രതികരിച്ച മുമ്പന്മാരുടെ പേരുകളില്‍ ഒന്ന് ചെറുശ്ശേരി ചാത്തുനായരുടേതാണ്; പ്രതികരണമാകട്ടെ അജ്ഞാനകുഠാരവും.

ഈ കൃതിയുടെ സ്വാധീനം രണ്ടു ഫലങ്ങള്‍ ഉണ്ടാക്കി. ഒന്ന് ക്രിസ്തുമതത്തിലേക്കുള്ള പ്രവാഹം ശക്തമായി. ആ സ്വാധീനത്തിന് ഒരു മത ചരിത്ര പ്രാധാന്യമേയുള്ളു. ഈ മതപരിവര്‍ത്തന പ്രവാഹം തടയുവാന്‍ മാര്‍ഗ്ഗമെന്ത് എന്ന അന്വേഷണം വ്യാപകമായി. ജോസഫ് ഫെന്‍ അജ്ഞാനകുഠാരത്തിലൂടെ ഉന്നയിച്ച ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കുവാനായി മതങ്ങളെ പൊളിച്ചു പണിയുക എന്ന മാര്‍ഗ്ഗം അങ്ങനെയാണ് തെളിഞ്ഞു വന്നത്. ആ പുനര്‍ നിര്‍മ്മാണമാകട്ടെ കേരളത്തിലിന്നും നിര്‍വിഘ്നം നടന്നുകൊണ്ടിരിക്കുന്നു.

(ഫാ. ഡോ. ജോസഫ് ചീരന്‍ രചിച്ച ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ: ചരിത്രവും സംസ്ക്കാരവും  എന്ന ഗ്രന്ഥത്തില്‍ നിന്നും)