പ്രമുഖ ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്ന നിത്യചൈതന്യയതി പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലില്‍ 1923 നവംബര്‍ 2നാണ് ജനിച്ചത്. ജയചന്ദ്രപ്പണിക്കര്‍ എന്നായിരുന്നു പൂര്‍വ്വാശ്രമ നാമം. പിതാവ് പന്തളം രാഘവപ്പണിക്കര്‍ കവിയും അദ്ധ്യാപകനുമായിരുന്നു.
ഹൈസ്‌കൂള്‍ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഭാരതം മുഴുവന്‍ അലഞ്ഞു തിരിഞ്ഞു. ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രമണ മഹര്‍ഷിയില്‍ നിന്ന് നിന്ന് നിത്യചൈതന്യ എന്ന പേരില്‍ സന്ന്യാസ ദീക്ഷ സ്വീകരിച്ചു.
കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം 1947ല്‍ ആലുവ യു സി കോളേജില്‍ തത്ത്വശാസ്ത്ര പഠനത്തിനായി ചേര്‍ന്നു. അതിന് ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ തത്വശാസ്ത്രത്തിലും മനശാസ്ത്രത്തിലും പഠനം തുടര്‍ന്നു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ്, ചെന്നൈ വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.
1951ല്‍ നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും, നടരാജ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷം നിത്യചൈതന്യയതി, ശ്രീ നാരായണ ഗുരുവിന്റെയും നടരാജ ഗുരുവിന്റെയും പിന്‍ഗാമിയായി, നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങള്‍ എന്നിവയെ കുറിച്ച് മലയാളത്തില്‍ 120 പുസ്തകങ്ങളും ഇംഗ്ലീഷില്‍ 80 പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1999 മേയ് 14നു ഊട്ടിയിലെ തന്റെ ആശ്രമത്തില്‍ വച്ച് അദ്ദേഹം സമാധി പ്രാപിച്ചു.